വടക്കാഞ്ചേരി : വടക്കാഞ്ചേരി നഗരസഭയുടെ കീഴിലുള്ള ആനപറമ്പ് എൽ.പി സ്കൂളിന്റെ ചുറ്റുവട്ടവും ആക്രി സാധനങ്ങൾ കൂട്ടിയിട്ട് മലിനമായ അന്തരീക്ഷമാണെന്നും, ഇതാണ് കുട്ടിയെ പാമ്പുകടിക്കാൻ കാരണമായതെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷ കൗൺസിലർമാർ നഗരസഭ ചെയർമാന്റെ ചേംബർ ഉപരോധിച്ചു. സ്ഥലം കൗൺസിലറായ സന്ധ്യ കൊടക്കാടത്ത് സ്കൂൾ പരിസരം ശുചീകരിക്കണമെന്ന് നഗരസഭയോട് ആവശ്യപ്പെട്ടിരുന്നു.
സമാനമായ അന്തരീക്ഷമാണ് വടക്കാഞ്ചേരി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലുമുള്ളതെന്ന് പ്രതിപക്ഷ കൗൺസിലർമാർ ആരോപിച്ചു. ഉപരോധസമരത്തിൽ കൗൺസിലർമാരായ കെ.അജിത് കുമാർ, കെ.ടി.ജോയ് , വൈശാഖ് , പി.എൻ.ബുഷറ റഷീദ്, സന്ധ്യ കൊടക്കാടത്ത്, ജോയൽ മഞ്ഞില, ജിജി സാംസൺ, ഗോപാലകൃഷ്ണൻ, കെ.എൻ.പ്രകാശ്, അഡ്വ.ശ്രീദേവി, രമണി, പ്രേമദാസ് എന്നിവർ പ്രസംഗിച്ചു.
സർക്കാർ സ്കൂളുകളുടെ അവസ്ഥ പരമദയനീയം :
അഡ്വ.കെ.കെ.അനീഷ് കുമാർ
തൃശൂർ : വടക്കാഞ്ചേരിയിലെ ഗവ.എൽ.പി.സ്കൂളിൽ വിദ്യാർത്ഥിക്ക് പാമ്പ് കടിയേൽക്കാനിടയായത് വിദ്യാഭ്യാസ വകുപ്പിന്റെ ഗുരുതര വീഴ്ചയെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ് കുമാർ. സ്കൂളുകൾ തുറക്കുന്നതിന് മുൻപ് പരിസരം ശുചിയാക്കേണ്ടതും വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പ് വരുത്തേണ്ടതും ബന്ധപ്പെട്ടവരുടെ കടമയാണ്. തൃശൂർ മോഡൽ ബോയ്സ് സ്കൂളിലും വയനാടും നേരത്തെ സമാനമായ സംഭവങ്ങളുണ്ടായിട്ടുണ്ട്. എന്നിട്ടും തെറ്റ് തിരുത്താൻ സർക്കാരിന് കഴിയുന്നില്ല. കേരളത്തിലെ സർക്കാർ സ്കൂളുകളുടെ ശോചനീയാവസ്ഥയാണ് ഇത്തരം സംഭവങ്ങളിലൂടെ വെളിപ്പെടുന്നതെന്നും അഡ്വ.അനീഷ് കുമാർ ആവശ്യപ്പെട്ടു.
കാട്ടുപന്നിയെ വെടിവെച്ചുകൊന്നു
കല്ലൂർ : തൃക്കൂർ പഞ്ചായത്തിലെ ആലേങ്ങാട് സെന്ററിന് സമീപം ശല്യമുണ്ടാക്കിയ കാട്ടുപന്നിയെ വനപാലകർ വെടിവെച്ചുകൊന്നു. ഇന്നലെ വൈകീട്ട് അഞ്ചിനായിരുന്നു സംഭവം. 4 കിലോമീറ്റർ അകലെയുള്ള വനത്തിൽ നിന്നാണ് പന്നിയെത്തിയത്. വീട്ടുപരിസരത്ത് കിടന്നിരുന്ന പന്നി പോകുന്നില്ലെന്ന് വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് പാലപ്പിള്ളി റേഞ്ച് ഓഫീസിൽ നിന്നുള്ള വനപാലകരെത്തുകയായിരുന്നു. പന്നിയെ വനത്തിൽ മറവ് ചെയ്യുമെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസർ പ്രേം ഷമീർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |