
ന്യൂയോർക്ക്: വെനസ്വേലിയൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ന്യൂയോർക്കിൽ എത്തിച്ചതായി റിപ്പോർട്ട്. 'ശരിയായതും നീതിയുക്തവുമായ' ഒരു മാറ്റം പ്രാബല്യത്തിൽ വരുന്നതുവരെ യുഎസ് വെനിസ്വേലയെ ഭരിക്കുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശവാദം നടത്തി. വെനസ്വേലയിൽ യുഎസ് പ്രത്യേക സേന ആക്രമണം നടത്തി പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്‌ളോറസിനെയും പിടികൂടിയതിന് മണിക്കൂറുകൾക്ക് ശേഷം, ട്രംപിന്റെ ഫ്‌ളോറിഡ മാൻഷനിൽ നടന്ന വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപനം വന്നത്. അമേരിക്കയുടെ നടപടിയിൽ വ്യാപക വിമർശനങ്ങളും ഉയരുന്നുണ്ട്. ലോകരാജ്യങ്ങൾ വിഷയത്തിൽ കരുതലോടെയുള്ള പ്രതികരണങ്ങളാണ് നടത്തുന്നത്.
നിക്കോളാസ് മഡുറോയും ഭാര്യ സിലിയ ഫ്‌ളോറസും ക്രിമിനൽ കുറ്റം നേരിടേണ്ടിവരുമെന്ന് യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടി പറഞ്ഞു. അമേരിക്കയ്‌ക്കെതിരെ മയക്കുമരുന്ന് ഭീകരവാദ ഗൂഢാലോചന, കൊക്കെയ്ൻ ഇറക്കുമതി ഗൂഢാലോചന, മെഷീൻ ഗണ്ണുകളും നശീകരണ ഉപകരണങ്ങളും കൈവശം വയ്ക്കൽ, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് നിക്കോളാസ് മഡുറോയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും അവർ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ മഡൂറോ അമേരിക്കയിൽ വിചാരണ നേരിടേണ്ടിവരും.
അധികാര കൈമാറ്റം നടക്കുന്നതുവരെ വെനസ്വേലയുടെ ഭരണം യു.എസ് നിയന്ത്രിക്കുമെന്നും സഹകരിക്കാമെന്ന് വെനസ്വേലൻ വൈസ് പ്രസിഡന്റ് ഡെൽസി റൊഡ്രിഗ്വെസ് സമ്മതിച്ചെന്നും ട്രംപ് അറിയിച്ചു. നടപടിയെ റഷ്യയും ചൈനയുമുൾപ്പെടെ അപലപിച്ചു. ഇടത് ആഭിമുഖ്യ ഭരണമുള്ള തെക്കേ അമേരിക്കൻ രാജ്യമാണ് വെനസ്വേല. ഹ്യൂഗോ ഷാവേസ് പ്രസിഡന്റായ 1999 മുതൽ യു.എസ് ശത്രുപക്ഷത്താക്കി. ലോകത്ത് ഏറ്റവും കൂടുതൽ എണ്ണ നക്ഷേപമുള്ള രാജ്യങ്ങളിലൊന്നുമാണ്. എണ്ണശേഖരമാണ് ട്രംപിന്റെ ലക്ഷ്യമെന്നാണ് വെനസ്വേല ഭരണകൂടത്തിന്റെ ആരോപണം.
ഇന്നലെ പുലർച്ചെ തലസ്ഥാനമായ കാരക്കാസിൽ സൈനിക കേന്ദ്രങ്ങൾക്കു നേരെയായിരുന്നു വ്യോമാക്രമണം. ഫോർട്ട് ടിയൂണ മിലിട്ടറി ബേസിലെ വസതിയിൽ നിന്നാണ് മഡുറോയെ പിടികൂടിയത്. തുടർന്ന് ഹെലകോ്ര്രപർ മാർഗ്ഗം രാജ്യത്തിന് പുറത്തേക്ക് കടത്തി. 150ലേറെ വിമാനങ്ങളും ഹെലകോപ്റ്ററുകളും ദൗത്യത്തിന്റെ ഭാഗമായി. വെനസ്വേലൻ സൈന്യം തിരിച്ചടിച്ചെങ്കിലും ഫലമുണ്ടായില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |