കൊച്ചി: പെട്രോളിലും ഡീസലിലുമെല്ലാം പുത്തൻ വാഹനങ്ങളിറക്കി ട്രെൻഡ് സൃഷ്ടിച്ചിരുന്ന കാലം ഇലക്ട്രിക് വാഹനങ്ങൾക്ക് വഴിമാറിക്കഴിഞ്ഞു. ഉപഭോക്താക്കളും ഇപ്പോൾ കൂടുതൽ താത്പര്യംകാട്ടുന്നത് ഇ-മോഡലുകളോടാണ്.
കുറഞ്ഞ പരിപാലനച്ചെലവ്, ഇന്ധനച്ചെലവിലെ നേട്ടം, പ്രകൃതിസൗഹാർദ്ദ ഗതാഗതം എന്നിവയൊക്കെയാണ് ഇ-മോഡലുകളുടെ ആകർഷണങ്ങൾ. വേറിട്ടതും മികവുറ്റതുമായ മോഡലുകൾ പുറത്തിറക്കാൻ നിർമ്മാതാക്കൾ പരസ്പരം കടുത്ത പോരിലുമാണ്. 2023ൽ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ചില മോഡലുകളെ പരിചയപ്പെടാം.
അൾട്രോസ് ഇ.വി
ഇന്ത്യൻ ഇലക്ട്രിക് പാസഞ്ചർ വാഹനവിപണിയിൽ (കാർ, എസ്.യു.വി) 80 ശതമാനത്തോളം വിപണിവിഹിതവുമായി കുത്തകമുന്നേറ്റം കാഴ്ചവയ്ക്കുകയാണ് ടാറ്റാ മോട്ടോഴ്സ്.
ടാറ്റാ നെക്സോൺ ഇ.വിയാണ് തരംഗത്തിന് ചുക്കാൻ പിടിക്കുന്നത്. ഇപ്പോഴിതാ, ജനപ്രിയ മോഡലായ അൾട്രോസിന്റെ പുത്തൻ ഇ.വി മോഡലും വിപണിയിലേക്ക് കടക്കുകയാണ്. 2019ലെ ജനീവ മോട്ടോർഷോയിൽ ഓൾ-ഇലക്ട്രിക് അൾട്രോസിനെ ടാറ്റ പരിചയപ്പെടുത്തിയിരുന്നു. നെക്സോണിന് സമാനമായ മോട്ടോറും ബാറ്ററിപാക്കുമായിരിക്കും അൾട്രോസ് ഇ.വിയിലും പ്രതീക്ഷിക്കാനാവുക.
ഐയോണിക് 5
ഇന്ത്യയുടെ 2023 ഓട്ടോ എക്സ്പോയിൽ ഹ്യുണ്ടായിയുടെ ഐയോണിക് 5 ഇ-കാറും അവതരിക്കും. 58 കെ.ഡബ്ള്യു.എച്ച് ബാറ്ററി കപ്പാസിറ്റിയോട് കൂടി, സിംഗിൾ മോട്ടോർ റിയർവീൽ ഡ്രൈവ് രൂപകല്പനയാണ് നൽകിയിട്ടുള്ളത്. ഐയോണിക് 5നെക്കുറിച്ചുള്ള മറ്റ് വിവരങ്ങളെല്ലാം ഹ്യുണ്ടായ് രഹസ്യമാക്കിവച്ചിരിക്കുന്നു. എങ്കിലും, ഉപബ്രാൻഡായ കിയയുടെ ഇ.വി-6 മോഡലുമായി ഫീച്ചറുകളിൽ ഒട്ടേറെ പങ്കുവയ്ക്കലുകൾ പ്രതീക്ഷിക്കാം.
എം.ജി എയർ
ബ്രിട്ടീഷ് വാഹനനിർമ്മാതാക്കളും ഇപ്പോൾ ചൈനീസ് ഉടമസ്ഥതയിലുമുള്ള എം.ജി 2-ഡോർ കോംപാക്റ്റ് ഇലക്ട്രിക് കാർ ഉടൻ വിപണിയിലിറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട് - പേര് എം.ജി എയർ ഇ.വി. 2023ലെ ഇന്ത്യ ഓട്ടോ എക്സ്പോയിലാകും ആദ്യ പ്രദർശനം.
സാധാരണക്കാരെയും ഉന്നമിടുന്ന മോഡലായിരിക്കും എം.ജി എയർ ഇ.വി. 2.9 മീറ്റർ മാത്രമായിരിക്കും ഈ കുഞ്ഞൻ എൻട്രി-ലെവൽ ഇലക്ട്രിക് കാറിന്റെ നീളം. 20 മുതൽ 25വരെ കെ.ഡബ്ള്യു.എച്ച് ശേഷിയുള്ളതായിരിക്കും ബാറ്ററി പാക്ക്. 40 ബി.എച്ച്.പി കരുത്തുള്ള മോട്ടോർ പ്രതീക്ഷിക്കാം. ബാറ്ററി ഒറ്റത്തവണ ഫുൾചാർജിൽ 100-200 കിലോമീറ്റർ റേഞ്ചും പ്രതീക്ഷിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |