ഷിരൂർ: കർണാടകയിലെ ദേശീയപാതയിൽ മണ്ണിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അർജുനായുളള തെരച്ചിൽ ഇന്ന് തുടങ്ങും.അർജുനുണ്ടെന്ന് കരുതുന്ന ലോറി ഗംഗാവലിപ്പുഴയിൽ നിന്ന് കണ്ടെത്തുന്നതിനായി ഡ്രഡ്‌ജർ കൊണ്ടുവരുന്നുണ്ട്. ഉച്ചയോടെ ഡ്രഡ്‌ജർ ഉപയോഗിച്ചുള്ള തെരച്ചിൽ തുടങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്ന് അർജുന്റെ ബന്ധു ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
'ഇത്രയും വലിയൊരു വണ്ടിക്കെന്ത് സംഭവിച്ചു? അതിൽ അർജുൻ ഉണ്ടെന്ന് തന്നെയാണ് ഞങ്ങൾ കരുതുന്നത്. അർജുൻ ഉറങ്ങുന്ന സമയത്തായിരുന്നു മണ്ണിടിച്ചിൽ ഉണ്ടായത്. ക്യാബിനകത്ത് അർജുൻ ഉണ്ടാകുമെന്നാണ് കുടുംബത്തിന്റെ വിശ്വാസം.'- ജിതിൻ പറഞ്ഞു.
രക്ഷാപ്രവർത്തനം വിലയിരുത്തുന്നതിനായി നേരത്തെ ഉത്തര കന്നട ജില്ലാ ഭരണകൂടം യോഗം ചേർന്നിരുന്നു. ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ, എസ് പി എം നാരായണ, സ്ഥലം എം എൽ എ സതീഷ് സെയിൽ, ഡ്രഡ്ജർ കമ്പനി അധികൃതർ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് ഗംഗാവലിപ്പുഴയിൽ വേലിയിറക്ക സമയത്ത് ഡ്രഡ്ജർ ഉപയോഗിച്ച് തെരച്ചിൽ നടത്താൻ തീരുമാനമുണ്ടായത്. സെപ്‌തംബർ പതിനേഴിനാണ് ഡ്രഡ്‌ജറുമായുളള ബോട്ട് ഗോവയിൽ നിന്ന് ഷിരൂരിലേക്ക് പുറപ്പെട്ടത്.
ജൂലായ് 16 നാണ് കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ അർജുനെ കർണാടകയിലെ മണ്ണിടിച്ചിലിൽ കാണാതായത്. യുവാവിനെ കാണാതായി രണ്ട് മാസം പിന്നിടുമ്പോഴും തെരച്ചിൽ അനിശ്ചിതത്വത്തിൽ തുടരുകയാണ്. ഡ്രഡ്ജർ എത്തിച്ചുളള തെരച്ചിലിൽ അർജുനെ കണ്ടെത്താൻ സാധിക്കുമെന്ന പ്രതീക്ഷയോടെയാണ് കുടുംബം കാത്തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |