നീക്കം സർക്കാർ മന്ദിരങ്ങൾ ഒഴിയാനുള്ള എയർഇന്ത്യയുടെ തീരുമാനപ്രകാരം
കൊച്ചി: കേന്ദ്രസർക്കാരിൽ നിന്ന് ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്ത എയർഇന്ത്യ സർക്കാർ മന്ദിരങ്ങളിൽ നിന്നൊഴിഞ്ഞ് പ്രവർത്തനം സ്വന്തം ഓഫീസിലേക്ക് മാറ്റുന്നു. ഇതിന്റെ ഭാഗമായി ഉപകമ്പനിയായ എയർഇന്ത്യ എക്സ്പ്രസിന്റെ കൊച്ചിയിലെ മുഖ്യകാര്യാലയവും (കോർപ്പറേറ്റ് ഹെഡ്ക്വാർട്ടേഴ്സ്) ഒഴിയും.
എയർഇന്ത്യയെ ഏറ്റെടുക്കുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാരുമായുള്ള ധാരണയിൽ ഭൂസ്വത്തുക്കളും മന്ദിരങ്ങളും ഉൾപ്പെട്ടിട്ടില്ല. മാത്രമല്ല, പ്രാദേശികതലത്തിനുപകരം കേന്ദ്രീകൃതപ്രവർത്തനം ആരംഭിക്കാനുള്ള ലക്ഷ്യത്തോടെയുമാണ് ഓഫീസുകൾ ഒറ്റക്കുടക്കീഴിലാക്കുന്നത്.
രാജ്യ തലസ്ഥാനമേഖലയിലെ (എൻ.സി.ആർ) ഗുരുഗ്രാമിൽ രണ്ടുലക്ഷം ചതുരശ്ര അടിയിൽ എല്ലാ ഉപകമ്പനികൾക്കുമായി അത്യാധുനികസൗകര്യങ്ങളോടെ സംയോജിത കാര്യാലയം ആരംഭിക്കാൻ വാതിക ഗ്രൂപ്പുമായി എയർഇന്ത്യ കരാറൊപ്പിട്ടിട്ടുണ്ട്. ഇതുപ്രകാരമുള്ള പ്രോജക്ട് വൺ-ഓൺ-വൺ പദ്ധതി 2023ന്റെ തുടക്കത്തിൽ പൂർത്തിയായേക്കും. 2023 മാർച്ചിനകം പ്രവർത്തനം ഗുരുഗ്രാമിലേക്ക് മാറ്റാനാണ് നീക്കം.
നിലവിൽ എയർഇന്ത്യ ഉപയോഗിക്കുന്ന മറ്റ് സർക്കാർ മന്ദിരങ്ങളിൽ നിന്നുള്ള പിന്മാറ്റത്തിന് ഈമാസം തന്നെ തുടക്കമിടും. ന്യൂഡൽഹിയിലെ എയർലൈൻസ് ഹൗസ്, സഫ്ദർജംഗ് കോംപ്ളക്സ്, ജി.എസ്.ഡി കോംപ്ളക്സ്, ഐ.ജി.ഐ ടെർമിനൽ വൺ എന്നിവിടങ്ങളിലായി പ്രവർത്തിക്കുന്ന ജീവനക്കാരെ ഉടൻ ഗുരുഗ്രാമിലെ ഇടക്കാല ഓഫീസിലേക്ക് മാറ്റും. മറ്റൊരു ഉപകമ്പനിയായ എയർഏഷ്യ ഇന്ത്യയുടെ മുഖ്യ ഓഫീസ് ഗുരുഗ്രാമിൽ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു.
ഇനി കേന്ദ്രീകൃത ഓഫീസ്
2012ലാണ് ഇന്ത്യൻ എയർലൈൻസും എയർഇന്ത്യയും ലയിച്ചത്. അതിനുമുമ്പ് എയർഇന്ത്യയുടെ ഓഫീസ് മുംബയിലെ നരിമാൻ പോയിന്റിലും ഇന്ത്യൻ എയർലൈൻസിന്റേത് ന്യൂഡൽഹിയിലെ എയർലൈൻസ് ഹൗസിലുമായിരുന്നു. ലയനശേഷം മുഖ്യാലയം ന്യൂഡൽഹിയിലേക്ക് മാറ്റി. എന്നാൽ, ഇന്ത്യൻ എയർലൈൻസിന്റെ രീതിയായിരുന്ന പ്രാദേശിക മുഖ്യാലയ പ്രവർത്തനം തുടർന്നു. കേന്ദ്രീകൃത പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ഓഫീസുകൾ ഗുരുഗ്രാമിൽ ഒറ്റ മന്ദിരത്തിലാക്കുന്നത്.
മലയാളികളുടെ എക്സ്പ്രസ്
യു.പി.എ സർക്കാരിൽ വ്യോമയാന മന്ത്രിയായിരിക്കേ വയലാർ രവിയാണ് എയർഇന്ത്യ എക്സ്പ്രസിന്റെ കോർപ്പറേറ്റ് ഹെഡ് ഓഫീസിന് കൊച്ചിയിൽ തുടക്കമിട്ടത്. ഗൾഫിലേക്ക് കൂടുതൽ സർവീസുകളുണ്ടായിരുന്ന എയർഇന്ത്യ എക്സ്പ്രസിനെ ഏറ്റവുമധികം ആശ്രയിച്ചിരുന്നത് പ്രവാസി മലയാളികളാണെന്നത് പരിഗണിച്ചായിരുന്നു അത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |