മുംബയ്: രണ്ടാഴ്ചയായുള്ള തുടർച്ചയായ നേട്ടങ്ങൾക്കൊടുവിൽ ഇന്നലെ രാജ്യത്തെ ഓഹരി സൂചികകൾ കുത്തനെ ഇടിഞ്ഞു. അമേരിക്കൻ ബാങ്ക് പ്രതിസന്ധിയെ കുറിച്ചുള്ള പുതിയ റിപ്പോർട്ടുകളും രാജ്യത്തെ വൻകിട കമ്പനികളായ എച്ച്.ഡി.എഫ്.സി ബാങ്ക്, എച്ച്.ഡി.എഫ്.സി ലിമിറ്റഡ് എന്നീ ഓഹരികളിലെ വില്പന സമ്മർദവും ആണ് സൂചികകളെ ബാധിച്ചത്. സെൻസെക്‌സ് 694.96 പോയിന്റ് (1.13 ശതമാനം) നഷ്ടത്തിൽ 61,054.29ലും നിഫ്റ്റി 186.80 പോയിന്റ് (1.02 ശതമാനം) ഇടിഞ്ഞ് 18,069ലുമെത്തി. വ്യാപാരത്തിന്റെ ഒരു ഘട്ടത്തിൽ സെൻസെക്സ് 747 പോയിന്റുവരെ നഷ്ടത്തിലായിരുന്നു.
ലയനം നടക്കുമ്പോൾ ഇരുകമ്പനികൾക്കുമുണ്ടാകുന്ന നഷ്ടകണക്കുകൾ പുറത്തുവന്നതാണ് എച്ച്.ഡി.എഫ്.സി ബാങ്കിനെയും എച്ച്.ഡി.എഫ്.സി ലിമിറ്റഡിനെയും ബാധിച്ചത്. എച്ച്.ഡി.എഫ്.സി 5.56 ശതമാനവും എച്ച്.ഡി.എഫ്.സി ബാങ്ക് 5.84 ശതമാനവും ഇടിവ് ഇന്ന് രേഖപ്പെടുത്തി. ഫെഡറൽ ബാങ്ക് 8.81 ശതമാനവും മണപ്പുറം ഫിനാൻസ് 11.45 ശതമാനവും പൊതുമേഖലാ വളം നിർമ്മാണ കമ്പനിയായ ഫാക്ട് 7.72 ശതമാനവും ഇടിഞ്ഞു. ടാറ്റ സ്റ്റീൽ, ഇൻഫോസിസ്, എച്ച്.സി.എൽ ടെക്, എൻ.ടി.പി.സി തുടങ്ങിയ ഓഹരികൾ 1-2ശതമാനം വീതം നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇൻഡസ് ഇൻഡ് ബാങ്ക്, കോട്ടക് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിൻസെർവ്, ഭാരത് ഹെവി ഇലക്ട്രിക്കൽസ്, ആദിത്യ ബിർള ഫാഷൻ എന്നിവയാണ് നഷ്ടം നേരിട്ട മറ്റ് പ്രമുഖ ഓഹരികൾ.
ടൈറ്റൻ, അൾട്രാടെക് സിമന്റ്, മാരുതി സുസുക്കി, നെസ്‌ലെ, ഐ.ടി.സി, എൽ ആൻഡ് ടി., ചോളമണ്ഡലം ഇൻവെസ്റ്റ്‌മെന്റ്, ടി.വി.എസ്., എം.ആർ.എഫ്., വൺ97 കമ്മ്യൂണിക്കേഷൻസ്, അംബുജ സിമന്റ് എന്നിവയാണ് ഇന്ന് നേട്ടത്തിലേറിയ പ്രധാന ഓഹരികൾ.
വാഹനം, എഫ്.എം.സി.ജി., കൺസ്യൂമർ ഡ്യൂറബിൾസ് എന്നിവയൊഴികെയുള്ളവ ഇടിഞ്ഞു. ബാങ്കിംഗ്, ധനകാര്യ ഓഹരികളാണ് പ്രതിസന്ധി സൃഷ്ടിച്ചത്. നിഫ്റ്റി സ്വകാര്യ ബാങ്ക് സൂചിക 2.82 ശതമാനവും നിഫ്റ്റി ധനകാര്യം, നിഫ്റ്റി ബാങ്ക് സൂചികകൾ 2.34 ശതമാനവും ഇടിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |