കോഴിക്കോട്: കെ-സ്മാർട്ട് സോഫ്റ്റ് വെയർ പ്രശ്നം പരിഹരിക്കാത്ത സാഹചര്യത്തിൽ സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കാനുള്ള സമയ പരിധി മൂന്നു മാസം കൂടി നീട്ടണമെന്ന് വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് വി.കെ.സി മമ്മദ് കോയ, സെക്രട്ടറി ഇ.എസ്.ബിജു എന്നിവർ ആവശ്യപ്പെട്ടു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സംരംഭങ്ങളുടെ ലൈസൻസ് പുതുക്കുന്നതിന് കാലാവധി ജൂൺ 30ന് അവസാനിക്കും. കേരളത്തിലെ 87 മുൻസിപ്പാലിറ്റികളിലും ആറ് കോർപ്പറേഷനുകളിലും കെ-സ്മാർട്ട് സംവിധാനത്തിലാണ് ലൈസൻസ് പുതുക്കേണ്ടത്. എന്നാൽ സോഫ്റ്റ് വെയർ തകരാർ കാരണം പലയിടങ്ങളിലും പുതുക്കൽ സമയബന്ധിതമായി നടക്കുന്നില്ല.
വ്യാപാരികൾ വാടകക്കെടുത്തിരിക്കുന്ന കെട്ടിടങ്ങൾ മുൻസിപ്പൽ, കോർപ്പറേഷൻ മേഖലകളിൽ പലതും രേഖകളിൽ റസിഡൻഷ്യൽ ബിൽഡിംഗുകളാണ്. ഇവ തരം മാറ്റി ക്രമീകരിക്കേണ്ടത് അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. എന്നാൽ ഇത്തരം ജോലികൾ സമയബന്ധിതമായി നടക്കുന്നില്ല. അതിനാൽ കെ-സ്മാർട്ട് വഴി ലൈസൻസ് പുതുക്കാനുമാവുന്നില്ല.
പുതുക്കിയ വാടക കരാറില്ലാതെ ലൈസൻസ് പുതുക്കാനാവില്ലെന്ന വ്യവസ്ഥ വ്യാപാരികളെ ഏറെ ബുദ്ധിമുട്ടിക്കുന്നതാണ്. ഇക്കാര്യങ്ങൾ വ്യക്തമാക്കി വ്യപാരി വ്യവസായി സമിതി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |