മുംബയ്: ലോറൻസ് ബിഷ്‌ണോയി സംഘം വീണ്ടും വധ ഭീഷണി മുഴക്കിയതോടെ ബോളിവുഡ് നടൻ സൽമാൻ ഖാന്റെ സുരക്ഷ വർദ്ധിപ്പിച്ചു. സുരക്ഷയ്ക്കായി രണ്ടു കോടി രൂപ വില വരുന്ന ബുള്ളറ്റ് പ്രൂഫ് കാർ വാങ്ങിയതായാണ് റിപ്പോർട്ട്. ഇന്ത്യൻ മാർക്കറ്റിൽ ലഭ്യമല്ലാത്ത വാഹനം ദുബായിൽനിന്ന് ഇറക്കുമതി ചെയ്തതായാണ് വിവരം. കാർ ഇന്ത്യയിലെത്തിക്കാൻ വലിയൊരു തുകയാകും. പോയിന്റ് ബ്ലാങ്ക് ബുള്ളറ്റ് ഷോട്ടുകളെപ്പോലും തടയാൻ ശേഷിയുള്ള ഗ്ലാസ് ഷീൽഡുകളാണ് വാഹനത്തിന്റെ പ്രത്യേകത. സ്‌ഫോടകവസ്തുക്കൾ തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നൽകുന്ന സംവിധാനം, അകത്തുള്ളത് ആരെന്നു തിരിച്ചറിയാൻ സാധിക്കാത്ത കളർ തുടങ്ങി നിരവധി സവിശേഷതകളുള്ള വാഹനാണെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ വർഷം സൽമാനും പിതാവിനും നേരെ ബുള്ളറ്റ് പ്രൂഫ് വാഹനം ഇറക്കുമതി ചെയ്തിരുന്നു. അതിനിടെ
സൽമാൻ അവതാരകനായ ബിഗ് ബോസിന്റെ ഷൂട്ടിംഗിനായി അറുപതോളം പേരടങ്ങുന്ന സുരക്ഷാ സംഘത്തെ നിയോഗിച്ചു.
ഷൂട്ടിംഗ് സ്ഥലത്തേക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അഞ്ച് കോടി രൂപ നൽകിയാൽ സൽമാനുമായുള്ള ശത്രുത അവസാനിപ്പിക്കാം എന്ന ഉപാധിയോടെയാണ് കഴിഞ്ഞ ദിവസം സൽമാന് നേരെ ബിഷ്ണോയി സംഘത്തിന്റെ ഭീഷണി ഉയർന്നത്. രാഷ്ട്രീയ നേതാവും സുഹൃത്തുമായ ബാബ സിദ്ദിഖി കൊല്ലപ്പെട്ട് ദിവസങ്ങൾക്ക് ശേഷമാണ് സൽമാന് നേരെ വീണ്ടും ഭീഷണിയുണ്ടായത്.
ബാബ സിദ്ദിഖിയുടെ അവസ്ഥയെക്കാൾ മോശം അവസ്ഥയാകുമെന്നായിരുന്നു ഭീഷണി.
കൃഷ്ണമൃഗത്തെ വേട്ടയാടാനാകില്ലെന്ന് പിതാവ്
ചെറു പ്രാണികളെ പോലും ഉപദ്രവിക്കാത്ത വ്യക്തിയാണ് സൽമാനെന്ന് പിതാവും ഗാനരചയിതാവുമായ സലിം ഖാൻ. സൽമാന് മൃഗങ്ങളെ ഒരിക്കലും വേട്ടയാടാൻ സാധിക്കില്ല. അത്രത്തോളം മൃഗങ്ങളെ ഇഷ്ടപ്പെടുന്ന വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു.
' കൃഷ്ണമൃഗത്തെ വേട്ടയാടിയതുമായി ബന്ധപ്പെട്ട് ഞാൻ സൽമാനോട് ചോദിച്ചിരുന്നു. എന്നാൽ പങ്കില്ലെന്നാണ് അവൻ പറയുന്നത്. വേട്ടയാടൽ നടന്ന ദിവസം അവിടെ ഉണ്ടായിരുന്നില്ലെന്നും സൽമാൻ പറഞ്ഞിരുന്നു. മൃഗങ്ങളെ എന്റെ മകന് വളരെയധികം ഇഷ്ടമാണ്. ഒരു പാറ്റയെ പോലും അവൻ ഉപദ്രവിക്കുന്നത് ഞാൻ കണ്ടിട്ടില്ല.'- സലിം ഖാൻ പറഞ്ഞു.
ഒരു രസത്തിനായി മൃഗങ്ങളെ കൊല്ലുന്ന സ്വഭാവവും ഞങ്ങൾക്കില്ല.'പിന്നെ എന്തിന് ബിഷ്‌ണോയ് സമുദായത്തോട് മാപ്പ് ചോദിക്കണമെന്നും അദ്ദേഹം ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |