
ചാഞ്ചാട്ടത്തിൽ വലഞ്ഞ് നിക്ഷേപകർ
കൊച്ചി: ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങളും നയ വ്യതിയാനങ്ങളും ഇന്ത്യൻ നിക്ഷേപകർക്ക് വെല്ലുവിളിയാകുന്നു. അമേരിക്കയിൽ സർക്കാർ ഷട്ട്‌ഡൗൺ അനിശ്ചിതമായി നീളുന്നതും ചൈനയുമായുള്ള വ്യാപാര യുദ്ധവും വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള വൻകിട ഫണ്ടുകളുടെ നിക്ഷേപ തീരുമാനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. ഷട്ട്‌ഡൗൺ ഒഴിവാകാത്തതിനാൽ അമേരിക്കയിലെ വിമാനത്താവളങ്ങളുടെ പ്രവർത്തനവും വിസ വിതരണവും അടക്കമുള്ള സേവനങ്ങൾ അവതാളത്തിലായി, വലിയ തോതിൽ ജീവനക്കാരെ ഒഴിവാക്കിയതിനാൽ രാജ്യത്തെ മർമ്മ പ്രധാനമായ സാമ്പത്തിക കണക്കുകൾ പലതും രണ്ട് മാസമായി പുറത്തുവന്നിട്ടില്ല. അതിനാൽ വ്യക്തമായ നിക്ഷേപ തീരുമാനമെടുക്കാൻ ഫണ്ട് ഹൗസുകൾക്ക് കഴിയുന്നില്ല.
നാണയപ്പെരുപ്പം കുത്തനെ കൂടുന്നതിനാൽ അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശ കുറയ്ക്കാനുള്ള തീരുമാനം നീട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ നേരിയ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ വിപണിയിൽ നിന്ന് വിദേശ നിക്ഷേപകർ പിന്മാറ്റം ശക്തമാക്കി. നടപ്പു മാസം ഇതുവരെ വിദേശ ധനകാര്യ സ്ഥാപനങ്ങൾ 12,569 കോടി രൂപയുടെ ഓഹരികളാണ് ഇന്ത്യൻ വിപണിയിൽ വിറ്റഴിച്ചത്. ആഭ്യന്തര ഫണ്ടുകളുടെ മികച്ച വാങ്ങൽ താത്പര്യമാണ് പ്രതിസന്ധി തരണം ചെയ്യാൻ ഇന്ത്യൻ വിപണിക്ക് കരുത്തായത്.
വിദേശ നിക്ഷേപ ഒഴുക്ക്
നവംബർ: -12,569 കോടി രൂപ
ഒക്ടോബർ: 14,610 കോടി രൂപ
സെപ്തംബർ: -23,885 കോടി രൂപ
ആഗസ്‌റ്റ്: -34,990 കോടി രൂപ
ജൂലായ്: -17,700 കോടി രൂപ
നടപ്പുവർഷം വിദേശ നിക്ഷേപകർ ഇതുവരെ പിൻവലിച്ച തുക
1.5 ലക്ഷം കോടി രൂപ
വിപണി കാത്തിരിക്കുന്ന സംഭവ വികാസങ്ങൾ
ഒക്‌ടോബറിലെ നാണയപ്പെരുപ്പ കണക്കുകളും കമ്പനികളുടെ രണ്ടാം ത്രൈമാസക്കാലയളവിലെ പ്രവർത്തന ഫലങ്ങളും രൂപയുടെ മൂല്യത്തകർച്ചയും ക്രൂഡോയിൽ വിലയുമാണ് നടപ്പു വാരം നിക്ഷേപകരുടെ തീരുമാനത്തെ സ്വാധീനിക്കുക. ഒക്‌ടോബറിൽ നാണയപ്പെരുപ്പം പത്ത് വർഷത്തിനിടെയിലെ ഏറ്റവും താഴ്ന്ന തലത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒ.എൻ.ജി.സി, ബജാജ് ഫിൻസെർവ്, ഏഷ്യൻ പെയിന്റ്‌സ്, ടാറ്റ സ്‌റ്റീൽ തുടങ്ങിയ കമ്പനികളുടെ പ്രവർത്തന ഫലം ഈ ആഴ്ച പ്രഖ്യാപിക്കും.
നഷ്‌ടപാതയിൽ
കഴിഞ്ഞ വാരം കനത്ത വിൽപ്പന സമ്മർദ്ദമാണ് ഇന്ത്യൻ ഓഹരികൾ നേരിട്ടത്. ആഗോള വിപണിയുടെ ചുവടുപിടിച്ച് സെൻസക്‌സ് 722.43 പോയിന്റും നിഫ്‌റ്റി 229.8 പോയിന്റും നഷ്ടത്തോടെ വ്യാപാരം പൂർത്തിയാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |