
പലിശ കുറഞ്ഞതോടെ ലാഭം കുറയുന്നു
കൊച്ചി: റിസർവ് ബാങ്ക് ഫെബ്രുവരിയ്‌ക്ക് ശേഷം റിപ്പോ നിരക്ക് ഒരു ശതമാനം കുറച്ചതോടെ കേരളത്തിലെ സ്വകാര്യ ബാങ്കുകളുടെ ലാഭക്ഷമത ഇടിയുന്നു. ജൂലായ് മുതൽ സെപ്തംബർ വരെയുള്ള മൂന്ന് മാസത്തിൽ സംസ്ഥാനത്തെ മുൻനിര ബാങ്കുകളായ ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ധനലക്ഷ്‌മി ബാങ്ക്, സി.എസ്.ബി ബാങ്ക് എന്നിവയുടെ ലാഭ മാർജിനിൽ ഗണ്യമായ കുറവുണ്ടായി. അറ്റാദായം കൂടിയ ബാങ്കുകൾക്ക് പോലും പലിശ മാർജിൻ കുറഞ്ഞു. കേരളത്തിലെ ഏറ്റവും വലിയ ബാങ്കായ ഫെഡറൽ ബാങ്കിന്റെ പലിശ മാർജിൻ അവലോകന കാലയളവിൽ 0.6 ശതമാനം കുറഞ്ഞ് 3.06 ശതമാനമായി. തൃശൂർ ആസ്ഥാനമായ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പലിശ മാർജിൻ ഇക്കാലയളവിൽ 3.24 ശതമാനത്തിൽ നിന്ന് 2.8 ശതമാനമായി. സി.എസ്.ബി ബാങ്കിന്റെ പലിശ മാർജിൻ 3.81 ശതമാനമാണ്. അതേസമയം രണ്ടാം ത്രൈമാസക്കാലയളവിൽ നാല് ബാങ്കുകളും അറ്റാദായത്തിലും ബിസിനസിലും മികച്ച വളർച്ച നേടിയതിനൊപ്പം നിഷ്‌ക്രിയ ആസ്തി ഗണ്യമായി കുറച്ചു.
ലാഭവും കുറയുന്നു
ജൂലായ് മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ കേരള ബാങ്കിംഗ് മേഖല സമ്മിശ്ര പ്രകടനമാണ് കാഴ്ചവച്ചത്. ഫെഡറൽ ബാങ്കിന്റെ അറ്റാദായം മുൻവർഷം ഇതേകാലയളവിനേക്കാൾ 9.51 ശതമാനം കുറഞ്ഞ് 991.94 കോടി രൂപയായി. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ അറ്റാദായം എട്ട് ശതമാനം ഉയർന്ന് 351 കോടി രൂപയായി. സി.എസ്.ബി ബാങ്കിന്റെ 15.8 ശതമാനം ഉയർന്ന് 160.3 കോടി രൂപയിലെത്തി. ധനലക്ഷ്‌മി ബാങ്ക് അറ്റാദായം 10.11 ശതമാനം കുറഞ്ഞ് 23.20 കോടി രൂപയായി.
ബിസിനസ് തന്ത്രം മാറ്റുന്നു
കോർപ്പറേറ്റ് ഉപഭോക്താക്കൾ പുതിയ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനാൽ റീട്ടെയിൽ, ഭവന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ബിസിനസ് വളർച്ച നേടാനാണ് ബാങ്കുകളുടെ ശ്രമം, ഇതോടൊപ്പം പലിശയിതര വരുമാനം വർദ്ധിപ്പിക്കാനും മാർഗങ്ങൾ തേടും. മൈക്രോഫിനാൻസ്, വ്യക്തിഗത വായ്പകളിൽ കരുതലോടെ നീങ്ങാനാണ് ബാങ്കുകൾ ആലോചിക്കുന്നത്.
ലാഭക്കണക്ക്(ജൂലായ്-സെപ്‌തംബർ കാലയളവ്)
ബാങ്ക്: അറ്റാദായം: വളർച്ച
ഫെഡറൽ ബാങ്ക്: 991 കോടി രൂപ: -9.51 ശതമാനം
എസ്.ഐ.ബി: 351 കോടി രൂപ: 8 ശതമാനം
സി.എസ്.ബി ബാങ്ക്: 160.3 കോടി രൂപ: 15.8 ശതമാനം
ധനലക്ഷ്മി ബാങ്ക്: 23.20 കോടി രൂപ: 10.11 ശതമാനം
കേരള ബാങ്കുകളുടെ മൊത്തം അറ്റാദായം
1,526.14 കോടി രൂപ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |