
വാഷിംഗ്ടൺ: ഉപഭോക്തൃ ചെലവിലുണ്ടായ വർദ്ധനവിനെത്തുടർന്ന് മൂന്നാം പാദത്തിൽ യു.എസ് സമ്പദ്‌വ്യവസ്ഥ പ്രതീക്ഷിച്ചതിലും വേഗത്തിൽ വളർച്ച കൈവരിച്ചു. എന്നാൽ ജീവിതച്ചെലവ് വർദ്ധിക്കുന്ന സാഹചര്യവും അടുത്തിടെയുണ്ടായ ഗവൺമെന്റ് ഷട്ട്ഡൗണും സാമ്പത്തിക വേഗതയെ ബാധിച്ചതായാണ് സൂചന.
കഴിഞ്ഞ പാദത്തിൽ മൊത്ത ആഭ്യന്തര ഉത്പാദനം (ജി.ഡി.പി) 4.3 ശതമാനം വാർഷിക നിരക്കിൽ വർദ്ധിച്ചതായി കൊമേഴ്‌സ് ഡിപ്പാർട്ട്‌മെന്റിന്റെ ബ്യൂറോ ഒഫ് ഇക്കണോമിക് അനാലിസിസ് ചൊവ്വാഴ്ച പുറത്തുവിട്ട പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നു. രണ്ടാം പാദത്തിൽ ഇത് 3.8 ശതമാനമായിരുന്നു. 3.3 ശതമാനം വളർച്ചയാണ് സാമ്പത്തിക വിദഗ്ദ്ധർ പ്രവചിച്ചിരുന്നത്. 43 ദിവസം നീണ്ടുനിന്ന ഗവൺമെന്റ് ഷട്ട്ഡൗൺ കാരണം വൈകിയാണ് ഈ ഡേറ്റ പുറത്തുവിട്ടത്. രണ്ടാം പാദത്തിൽ 2.5 ശതമാനമായിരുന്ന ഉപഭോക്തൃ ചെലവ് മൂന്നാം പാദത്തിൽ 3.5 ശതമാനമായി ഉയർന്നു. സെപ്തംബർ 30ന് നികുതി ആനുകൂല്യങ്ങൾ അവസാനിക്കുന്നതിന് മുമ്പ് ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ ഉണ്ടായ തിരക്കാണ് ഉപഭോക്തൃ ചെലവ് വർദ്ധിക്കാൻ പ്രധാന കാരണമെന്ന് കരുതുന്നു.
ഓഹരി വിപണിയിലുണ്ടായ മുന്നേറ്റം മൂലം ഉയർന്ന വരുമാനമുള്ള കുടുംബങ്ങളാണ് ഉപഭോക്തൃ ചെലവിൽ പ്രധാന പങ്കുവഹിക്കുന്നത്. എന്നാൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ വ്യാപകമായ താരിഫുകൾ കാരണം ജീവിതച്ചെലവ് വർദ്ധിക്കുന്നത് ഇടത്തരം, കുറഞ്ഞ വരുമാനക്കാരായ ഉപഭോക്താക്കളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. അതേസമയം, സമ്പദ് വ്യവസ്ഥയിലെ വളർച്ചയ്ക്ക് കുതിപ്പേകിയത് തന്റെ താരിഫ് നയങ്ങളാണെന്നാണ് ഡൊണാൾഡ് ട്രംപിന്റെ വാദം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |