
ഓഹരിക്കും രൂപയ്ക്കും തിരിച്ചടി
കൊച്ചി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തീരുവ യുദ്ധം വീണ്ടും ശക്തമാക്കുമെന്ന ആശങ്കയും ഇറാനിലെ ആക്രമണ ഭീഷണിയും ലോക വിപണികളെ അതിസമ്മർദ്ദത്തിലാക്കുന്നു. ഇതോടെ ഇന്ത്യൻ ഓഹരി വിപണി ഇന്നലെ കടുത്ത വിൽപ്പന സമ്മർദ്ദം നേരിട്ടു. സെൻസെക്‌സ് 10,69 പോയിന്റ് ഇടിവോടെ 82,225.92ൽ അവസാനിച്ചു. ദേശീയ സൂചികയായ നിഫ്‌റ്റി ഇന്നലെ 288.35 പോയിന്റ് നഷ്‌ടത്തോടെ 25,424.65ൽ എത്തി. ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരി വിലയിലും കനത്ത തകർച്ച ദൃശ്യമായി. ടെക്ക് മഹീന്ദ്ര, എച്ച്.സി.എൽ ടെക്‌നോളജീസ്, എറ്റേണൽ, ഇൻഫോസിസ്, ടി.സി.എസ്, എൽ ആൻഡ് ടി, ട്രെന്റ്, എയർടെൽ തുടങ്ങിയവയാണ് തകർച്ചയ്ക്ക് നേതൃത്വം നൽകിയത്.
അമേരിക്കൻ സുപ്രീം കോടതി പകരച്ചുങ്കം കഴിഞ്ഞ ദിവസം റദ്ദാക്കിയതിനു പിന്നാലെ ട്രംപ് ആഗോള ഉത്പന്നങ്ങളുടെ തീരുവ 15 ശതമാനമായി ഉയർത്തിയിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വളർച്ച കടുത്ത വെല്ലുവിളിയാകുമെന്ന ആശങ്കയിൽ ഐ.ടി കമ്പനികളുടെ ഓഹരി വിലയിൽ തകർച്ച തുടരുകയാണ്. സുപ്രീം കോടതി തീരുമാനത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്കെതിരെ പുതിയ തീരുവ ഏർപ്പെടുത്തുമെന്ന് ഡൊണാൾഡ് ട്രംപ് ഭീഷണി മുഴക്കിയതും നിക്ഷേപകർക്ക് ആശങ്ക വർദ്ധിപ്പിച്ചു.
നിക്ഷേപകരുടെ ആസ്തിയിൽ ഇന്നലെയുണ്ടായ ഇടിവ്
3,00,000 കോടി രൂപ
ക്രൂഡോയിൽ വില കത്തിക്കയറുന്നു
ഇറാനിൽ രാഷ്ട്രീയ ഇടപെടലിന് അമേരിക്ക ഒരുങ്ങുകയാണെന്ന വാർത്തകൾ വന്നതോടെ രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുതിച്ചുയർന്നു. സിംഗപ്പൂർ വിപണിയിൽ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 72 ഡോളർ കടന്നു. ഇറാനിലെ സൈനിക ഇടപെടൽ എണ്ണയുടെ സപ്ളൈ ശൃംഖലയെ ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്.
അടിതെറ്റി രൂപ
വിദേശ നിക്ഷേപകരുടെ പിന്മാറ്റവും എണ്ണ വില വർദ്ധനയും ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ച രൂക്ഷമാക്കി. വ്യാപാര തീരുവയിലെ അനിശ്ചിതത്വം ശക്തമായതും രൂപയ്ക്ക് തിരിച്ചടിയായി. ഡോളറിനെതിരെ രൂപ ഇന്നലെ ആറ് പൈസയുടെ നഷ്‌ടത്തോടെ 90.95ൽ അവസാനിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |