
കെ.കെ ജയകുമാർ
(പേഴ്‌സണൽ ഫിനാൻസ് അനലിസ്റ്റും എൻട്രപ്രണർഷിപ്പ് മെന്ററുമാണ് ലേഖകൻ)
ലോകം വീണ്ടും അനിശ്ചിതത്വഘട്ടത്തിലൂടെ കടന്നുപോകുകയാണ്. പശ്ചിമേഷ്യയിലെ സംഘർഷം കാരണം എണ്ണവില കുതിച്ചുയുകയാണ്. എണ്ണവില ഉയരുമ്പോൾ അതിന്റെ ആഘാതം ലോക സമ്പദ്‌വ്യവസ്ഥയിലുടനീളം വ്യാപിക്കും. ഇന്ത്യ പോലുള്ള എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ പ്രതിഫലനം വേഗത്തിൽ കാണാം. ഇന്ത്യൻ ഓഹരി വിപണിയിൽ ചാഞ്ചാട്ടം അനുഭവപ്പെടുകയാണ്. നിക്ഷേപകർ ഭയന്ന് തീരുമാനങ്ങൾ എടുക്കരുത് എന്നതാണ് ആദ്യ പാഠം.
ഇത്തരം സാഹചര്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് വൈവിദ്ധ്യം ആണ്. പണം ഓഹരി, മ്യൂച്വൽ ഫണ്ട്, സ്വർണം, സ്ഥിരനിക്ഷേപം തുടങ്ങിയ വിവിധ മാർഗങ്ങളിൽ വിഭജിച്ച് നിക്ഷേപിക്കുക. അടിയന്തര ഫണ്ടായി ആറു മാസത്തെ ചെലവിനുള്ള പണം വേർതിരിച്ച് സൂക്ഷിക്കണം. ഭയം അല്ല, ദീർഘകാല ലക്ഷ്യങ്ങളാണ് നിക്ഷേപ തീരുമാനങ്ങളെ നയിക്കേണ്ടത്.
ഓഹരി വിപണി:
യുദ്ധഭീഷണിയും എണ്ണവില വർദ്ധനയും ഓഹരി വിപണിയിൽ താത്കാലിക ഇടിവുകൾ സൃഷ്ടിക്കാറുണ്ട്. ദീർഘകാല നിക്ഷേപകരാണെങ്കിൽ ഇടിവുകൾ ഭയപ്പെടേണ്ടതില്ല. മികച്ച കമ്പനികളുടെ ഓഹരികൾ കുറഞ്ഞ വിലയ്ക്ക് ലഭിക്കുമെന്നതിനാൽ അവസരമായി കാണാം.
മ്യൂച്വൽ ഫണ്ടുകൾ:
മ്യൂച്വൽ ഫണ്ടുകളിൽ എസ്.ഐ.പി വഴി നിക്ഷേപിക്കുന്നവർക്ക് വിപണി താഴുമ്പോൾ കൂടുതൽ യൂണിറ്റുകൾ ലഭിക്കുമെന്നതാണ് പ്രത്യേകത. ഓഹരി വിപണിയിൽ വലിയ തകർച്ച വരുന്നു എന്ന ഭയത്താൽ എസ്.ഐ.പി നിർത്തുകയോ പിൻവലിക്കുകയോ ചെയ്യുന്നത് അഭികാമ്യമല്ല.
സ്വർണം:
യുദ്ധം, പണപ്പെരുപ്പം, സാമ്പത്തിക ആശങ്കകൾ തുടങ്ങിയ സാഹചര്യങ്ങളിൽ സ്വർണം 'സുരക്ഷിത നിക്ഷേപം' എന്ന നിലയിൽ ശ്രദ്ധ നേടുന്നു. എന്നാൽ, ആകെ നിക്ഷേപത്തിന്റെ 10 മുതൽ 15 ശതമാനം വരെ മാത്രമേ ഈ അവസരത്തിലും സ്വർണത്തിൽ നിക്ഷേപിക്കാവൂ.
സ്ഥിരനിക്ഷേപം (എഫ്.ഡി):
ഇത്തരം അനിശ്ചിതത്വകാലത്ത് പലർക്കും സുരക്ഷിതത്വം തേടി സ്ഥിരനിക്ഷേപത്തിലേക്ക് പോകാനുള്ള പ്രവണത ഉണ്ടാകും. എന്നാൽ, മുഴുവൻ പണവും എഫ്.ഡിയിൽ നിക്ഷേപിക്കുന്നത് ദീർഘകാല വളർച്ച കുറയ്ക്കാൻ ഇടയാക്കും. പണപ്പെരുപ്പത്തെ മറികടക്കാൻ ഓഹരി അധിഷ്ഠിത നിക്ഷേപങ്ങളും ആവശ്യമാണ്.
അവസരമാണ്, പാഴാക്കരുത്
യുദ്ധവാർത്തകൾ വന്നാൽ വിപണിയിൽ പല നല്ല കമ്പനികളുടെ ഓഹരികളും താത്കാലികമായി ഇടിയാം. ദീർഘകാല നിക്ഷേപകർക്ക് ഇത് മികച്ച അവസരമാണ്. ഗുണമേന്മയുള്ള ബാങ്കിംഗ്, ഐ.ടി, ഉപഭോക്തൃ മേഖലകളിലെ ഓഹരികൾ ഇത്തരം ഇടിവുകളിൽ ഘട്ടംഘട്ടമായി വാങ്ങുന്നത് ഭാവിയിൽ നല്ല നേട്ടം നൽകാൻ സാദ്ധ്യതയുണ്ട്.
പ്രതിരോധ ഉത്പാദനവുമായി ബന്ധപ്പെട്ട കമ്പനികൾക്ക് കൂടുതൽ ഓർഡറുകൾ ലഭിക്കാം. ഇന്ത്യയിൽ പ്രതിരോധ നിർമ്മാണം ശക്തിപ്പെടുത്താനുള്ള സർക്കാർ നയം ഇതിനകം തന്നെ നിലവിലുണ്ട്. ഇതും നിക്ഷേപത്തിനുള്ള അവസരമാണ്. എണ്ണവില ഉയരുന്നത് ഊർജ മേഖലയിലെ കമ്പനികൾക്ക് നേട്ടമാകും. എന്നാൽ, എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്ന മേഖലകൾക്ക് വെല്ലുവിളിയാകാമെന്നതിനാൽ മേഖല തിരഞ്ഞെടുപ്പിൽ ജാഗ്രത ആവശ്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |