ന്യൂഡൽഹി: ആഭ്യന്തര സർവീസുകളിൽ യാത്രക്കാർക്കായി പുതിയ മെനുവുമായി എയർ ഇന്ത്യ. സർവീസുകൾ കൂടുതൽ ആകർഷകമാക്കുന്നതിനും ആഭ്യന്തര വിമാന സർവീസ് മാർക്കറ്റിൽ കൂടുതൽ ചുവടുറപ്പിക്കുന്നതിന്റെയും ഭാഗമായാണ് നടപടി. നഷ്ടത്തിലായിരുന്ന എയർ ഇന്ത്യയെ ജനുവരിയിൽ ഏറ്റെടുത്തതുമുതൽ മുഖം മിനുക്കൽ നടപടികളുമായി മുന്നേറുന്ന ടാറ്റ, ഉത്സവ സീസണെ മുന്നിൽക്കണ്ടാണ് മെനു പരിഷ്കരിക്കുന്നത്.
ആരോഗ്യവും രുചിയും മുൻനിറുത്തിയാണ് മെനുവിലെ വിഭവങ്ങൾ പരിഷ്കരിക്കുന്നതെന്ന് എയർ ഇന്ത്യഫ്ളൈറ്റ് സർവീസ് ഹെഡ് സന്ദീപ് വർമ പറഞ്ഞു. ആഭ്യന്തര ഫ്ളൈറ്റുകളിൽ പുതിയ മെനു ഉടൻ കൊണ്ടുവരും. അന്താരാഷ്ട്ര മെനുവിലും അടിമുടി മാറ്റം വരുത്തുവാനുള്ള ശ്രമത്തിലാണെന്ന് സന്ദീപ് വർമ പറഞ്ഞു.
രുചികരമായ വിഭവങ്ങളുടെ വിപുലമായ ശേഖരമാണ് മെനുവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡെസേർട്ടുകളുൾപ്പടെ രാജ്യത്തെ പ്രാദേശിക രുചി പരിചയപ്പെടുത്തുന്ന ഭക്ഷണ ഇനങ്ങളും മെനുവിൽ ഇടം കണ്ടെത്തിയിട്ടുണ്ട്.
സിംഗപ്പൂർ എയർലൈനുമായി ചേർന്ന് ടാറ്റ സർവീസുകളിൽ ലൈവ് ടെലിവിഷൻ ചാനൽ സംവിധാനം ഒക്ടോബർ ഒന്നുമുതൽ നിലവിൽ വരും. ഡ്രീംലൈനർ എയർക്രാഫ്റ്റുകളിലാണ് ഇത് വരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |