SignIn
Kerala Kaumudi Online
Saturday, 27 April 2024 3.15 AM IST

ലോകം തളർന്നിട്ടും കരുത്തറിയിച്ച് ഇന്ത്യ

india

കൊച്ചി: കൊവിഡ് സൃഷ്‌ടിച്ച കനത്ത ആഘാതത്തിൽ നിന്ന് ആഗോള സമ്പദ്‌വ്യവസ്ഥ മെല്ലെ കരകയറുന്നതിനിടെയാണ് ഇരുട്ടടിയായി യുക്രെയിനുമേൽ റഷ്യ അധിനിവേശം തുടങ്ങിയതും ലോകം സാമ്പത്തികഞെരുക്കത്തിന്റെയും അസംസ്കൃതവസ്തുക്കളുടെ ക്ഷാമത്തിലേക്കും തളർന്നുവീണത്.

ഉത്‌പാദനം കുറയുകയും വിതരണശൃംഖല താറുമാറാവുകയും ചെയ്‌തതോടെ ആഗോളതലത്തിൽ നാണയപ്പെരുപ്പവും (വിലക്കയറ്റം) വീശിയടിച്ചു. നാണയപ്പെരുപ്പം നിയന്ത്രിക്കാൻ ഒട്ടുമിക്ക രാജ്യങ്ങൾക്കും അടിസ്ഥാന പലിശനിരക്ക് കുത്തനെ കൂട്ടേണ്ടിവന്നു. ഇത് ഫലത്തിൽ, ആഗോള സമ്പദ്‌വളർച്ചയെ കൂടുതൽ പിന്നോട്ടടിച്ചു.

എന്നാൽ, പ്രതിസന്ധിയുടെ കാറ്റേറ്റിട്ടും ഒഴുക്കിനെതിരെ നീന്തി സമ്പദ്‌രംഗത്ത് ആഗോളതലത്തിൽ തന്നെ ശ്രദ്ധേയമായ മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു.

ജി.ഡി.പിയിലെ തിളക്കം

പ്രതിസന്ധിക്കിടയിലും ലോകത്തെ ഏറ്റവുംവേഗം വളരുന്ന വലിയ (മേജർ) സമ്പദ്‌വ്യവസ്ഥയെന്ന പട്ടം നടപ്പുവർഷത്തെ (2022-23) രണ്ടാംപാദമായ ജൂലായ്-സെപ്തംബറിലും ഇന്ത്യ നിലനിറുത്തി. 6.3 ശതമാനമാണ് കഴിഞ്ഞപാദ വളർച്ച.

സമ്പദ്‌രംഗത്തെ മുഖ്യവൈരിയായ ചൈന (3.9 ശതമാനം), അമേരിക്ക (2.6 ശതമാനം), ജർമ്മനി (0.4 ശതമാനം), ബ്രിട്ടൻ (നെഗറ്റീവ് 0.2 ശതമാനം) തുടങ്ങിയവയെയാണ് കഴിഞ്ഞപാദത്തിലും ഇന്ത്യ പിന്തള്ളിയത്.

₹300 ലക്ഷം കോടി

ഉന്നമിട്ട് സെൻസെക്‌സ്

സെൻസെക്‌സ് 2022ൽ ഇതുവരെ കുറിച്ച വർദ്ധന 1,​592 പോയിന്റാണ്. നിഫ്‌റ്റി 552 പോയിന്റും. സെൻസെക്‌സിന്റെ നിക്ഷേപകമൂല്യം ഈവർഷം ഇതുവരെ കഴിഞ്ഞ ഡിസംബർ 31ലെ 266 ലക്ഷം കോടി രൂപയിൽ നിന്ന് 6.12 ലക്ഷം കോടി രൂപ വർദ്ധിച്ച് 272.12 ലക്ഷം കോടി രൂപയിലെത്തി. ഈമാസം 14ന് മൂല്യം 291.25 ലക്ഷം കോടി രൂപയായിരുന്നു. പുതുവർഷത്തിന്റെ തുടക്കത്തിൽ തന്നെ മൂല്യം 300 ലക്ഷം കോടി രൂപ കവിഞ്ഞേക്കും.

 2022ൽ ഇതുവരെ 14 ദിവസങ്ങളിൽ സെൻസെക്‌സ് 1,000 പോയിന്റിനുമേൽ നേട്ടമുണ്ടാക്കി; 14 ദിവസങ്ങളിൽ 1,​000 പോയിന്റിനുമേൽ ഇടിയുകയും ചെയ്‌തു.

 ഫെബ്രുവരി 15ലെ 1,​736 പോയിന്റാണ് ഏറ്റവും ഉയർന്ന നേട്ടം.

 2,​702 പോയിന്റ് തകർന്ന ഫെബ്രുവരി 24 ഏറ്റവും മോശം ദിനമായി.

 നവംബർ 28ന് സെൻസെക്‌സും നിഫ്‌റ്റിയും എക്കാലത്തെയും ഉയരംകുറിച്ചു; സെൻസെക്‌സ് 62,​504 പോയിന്റ്; നിഫ്‌‌റ്റി 18,​562.

പൊരുതിനിന്ന് രൂപ

നാണയപ്പെരുപ്പം, പലിശനിരക്ക് വർദ്ധന എന്നിവയുടെ പിൻബലത്തിൽ ആഗോളതലത്തിൽ അമേരിക്കൻ ഡോളർ കുതിച്ചുമുന്നേറിയ വർഷമാണ് 2022. ഡോളറുമായുള്ള വിനിമയത്തിൽ രൂപയും റെക്കാഡ് ഇടിവ് നേരിട്ടു. എന്നാൽ, മറ്റ് മുൻനിര കറൻസികളുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും കുറവ് ആഘാതം നേരിട്ട കറൻസികളിലൊന്നാണ് രൂപ.

ആഗസ്‌റ്റ് വരെയുള്ള കണക്ക് നോക്കാം:

(ഡോളറിന്റെ നേട്ടം)

 ജാപ്പനീസ് യെൻ : 23.1%

 യൂറോ : 16.3%

 പൗണ്ട് : 15%

 കൊറിയൻ വോൺ : 13.6%

 സൗത്ത് ആഫ്രി റാൻഡ് : 12.9%

 ഇന്ത്യൻ റുപ്പി : 7.2%

കുറയുന്ന നാണയപ്പെരുപ്പം

ആഗോളതലത്തിൽ വലിയ പ്രതിസന്ധിയാണ് നാണയപ്പെരുപ്പം 2022ൽ വിതച്ചത്. അമേരിക്കയും യൂറോപ്പും ബ്രിട്ടനും ചൈനയും ജപ്പാനും ഇന്ത്യയുമടക്കം തിരിച്ചടി നേരിട്ടു. എന്നാൽ, മറ്റ് മുൻനിര രാജ്യങ്ങളിലെല്ലാം 35-40 വർഷത്തെ ഉയരത്തിൽ നാണയപ്പെരുപ്പം എത്തിയിട്ടും ഇന്ത്യ പിടിച്ചുനിന്നു.

ഇന്ത്യയുടെ റീട്ടെയിൽ നാണയപ്പെരുപ്പം 2022ൽ ജനുവരി മുതൽ ഒക്‌ടോബർവരെ നിയന്ത്രണരേഖയായ 6 ശതമാനം ഭേദിച്ച് മുന്നേറി. ഏപ്രിലിൽ 7.79 ശതമാനമായിരുന്നു. എന്നാൽ, നവംബറിൽ 5.88 ശതമാനമായി താഴ്‌ന്നു.

കുതിക്കുന്ന കാർവിപണി

കൊവിഡും ഉത്‌പാദനക്കുറവും മൂലം മുൻവർഷങ്ങളിൽ തളർന്ന ആഭ്യന്തര കാർവിപണി ഈവർഷം റെക്കാഡ് വില്പനനേട്ടമാണ് കൊയ്യുന്നത്. 29.72 ലക്ഷം യൂണിറ്റുകളായിരുന്നു 2019ലെ വില്പന. 2020ൽ 24.47 ലക്ഷം, 2021ൽ 31.04 ലക്ഷം. ഈവർഷം ഇതുവരെ 35.39 ലക്ഷം.

പ്രതീക്ഷനൽകി പ്രവാസലോകം

ലോകത്ത് ഏറ്റവുമധികം പ്രവാസിപ്പണം നേടുന്ന രാജ്യമെന്ന പട്ടം ഈവർഷവും ഇന്ത്യ നിലനിറുത്തുമെന്നാണ് വിലയിരുത്തൽ. പണമൊഴുക്ക് ഈവർഷം 10,000 കോടി ഡോളർ കടന്നേക്കും. 2021ൽ 8,700 കോടി ഡോളറായിരുന്നു. ഈ രംഗത്ത് തുടർച്ചയായി ഒന്നാംസ്ഥാനം നിലനിറുത്തുകയാണ് ഇന്ത്യ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, INDIAN ECONOMY, GDP
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.