ന്യൂഡൽഹി: അടുത്തവർഷം പെട്രോൾ, ഡീസൽ വില കുത്തനെ താഴേക്കുപോകുമോ? 2026ൽ ക്രൂഡ് ഓയിൽ വില ബാരലിന് 52 ഡോളറായി കുറയുമെന്ന യുഎസ് എനർജി ഇൻഫർമേഷൻ അഡ്‌മിനിസ്‌ട്രേഷന്റെ പ്രവചനത്തോടെ ഉയർന്നുതുടങ്ങിയ ചോദ്യമാണിത്. ഇപ്പോൾ ക്രൂഡ് വില ബാരലിന് 65 ഡാേളറാണ്. മറ്റൊരു ധനകാര്യസ്ഥാപനമായ ജെപി മോർഗന്റെ വിലയിരുത്തലും അടുത്തവർഷംമുതൽ പലപലകാരണങ്ങളാൽ വില കുറയുമെന്നുതന്നെയാണ്. 58 ഡോളറിലേക്ക് താഴുമെന്നാണ് ഇവർ പറയുന്നത്. അടിക്കടി ചാഞ്ചാടിക്കൊണ്ടിരുന്ന എണ്ണവില ഒരുവർഷത്തിലധികമായി മാറ്റമില്ലാതെ നിൽക്കുകയാണ്.
പ്രവചനം സത്യമാണെങ്കിൽ ഇന്ത്യയ്ക്ക് അത് വലിയൊരു ആശ്വാസമാകും. കാരണം രാജ്യത്തിന്റെ ഉപഭോഗത്തിനുള്ള ക്രൂഡിന്റെ 90 ശതമാനവും ഇറക്കുമതി ചെയ്യുകയാണ് നാം. കോടികളാണ് ഇതിനായി ചെലവിടുന്നത്. റഷ്യയിൽ നിന്ന് ഇപ്പോൾ കുറഞ്ഞവിലയ്ക്ക് എണ്ണകിട്ടുന്നത് രാജ്യത്തിന് വലിയ ആശ്വാസമാണ്. ഇറക്കുമതിച്ചെലവ് അതിനനുസരിച്ച് കുറഞ്ഞിട്ടുണ്ട്. അടുത്തവർഷം എണ്ണവില കുറയുന്നതോടെ എണ്ണക്കമ്പനികളുടെ വിദേശനാണ്യസമ്പാദ്യം കാര്യമായി മെച്ചപ്പെടും.
പ്രവചനംപോലെ ക്രൂഡിന്റെ വില കുറഞ്ഞാൽ അതിന്റെ ഗുണം ഉപഭോക്താക്കൾക്ക് നൽകാൻ എണ്ണക്കമ്പനികളും കേന്ദ്രസർക്കാരും തയ്യാറാകുമോ എന്നതാണ് അറിയേണ്ടത്. ഇക്കഴിഞ്ഞ ഏപ്രിലിൽ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി ലിറ്ററിന് രണ്ടുരൂപവീതം കേന്ദ്രം കൂട്ടിയിരുന്നു. എന്നാൽ ഇതിന്റെ ഭാരം ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിച്ചില്ല. പകരം നികുതിവർദ്ധനയുടെ ഭാരം എണ്ണക്കമ്പനികൾ സ്വയം ഏൽക്കുകയായിരുന്നു. എന്നാൽ ഇനിയും ഇത്തരത്തിൽ ഏൽക്കാൻ കമ്പനികൾ തയ്യാറാവുമോ എന്നകാര്യം സംശയമാണ്. വരുമാനനഷ്ടം നേരിടുന്നു എന്നതുതന്നെയാണ് കാരണം. എന്നാൽ ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കേണ്ടത് കേന്ദ്രസർക്കാരാണ്. കേരളം ഉൾപ്പെടെയുളള പല സംസ്ഥാനങ്ങളിലും അടുത്തവർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ നികുതിഭാരം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ കേന്ദ്രം തയ്യാറായേക്കില്ല എന്നാണ് ഒട്ടുമിക്കവരും കണക്കുകൂട്ടുന്നത്.
എണ്ണവില കുറയ്ക്കാൻ കേന്ദ്രം തയ്യാറായാൽ എൻഡിഎ മുന്നണിക്കും ജനങ്ങൾക്കും ഒരുപോലെ നേട്ടമുണ്ടാകും എന്നാണ് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. എണ്ണവില കുറയുന്നതോടെ അവശ്യസാധനങ്ങളുടെ വില കാര്യമായി കുറയും. ജിഎസ്‌ടി കുറച്ചതിനാൽ ഇപ്പോൾത്തന്നെ പല സാധനങ്ങളുടെയും വില കുറഞ്ഞിട്ടുണ്ട്. വില കുറയുന്നതിനൊപ്പം ഗതാഗതച്ചെലവും പണപ്പെരുപ്പവും കുറയും. ഇതോടെ വ്യാപാരക്കമ്മി, ധനക്കമ്മി എന്നിവ സേഫ് സോണിലേക്കെത്തും. ഉപഭോഗം വർദ്ധിക്കുകയും ജിഡിപി വളർച്ച മെച്ചപ്പെടുത്തുകയും ചെയ്യും. വ്യാപാരക്കമ്മിയും പണപ്പെരുപ്പവുമൊന്നും സാധാരണക്കാരന് പെട്ടെന്ന് മനസിലാകില്ല. എന്നാൽ എണ്ണ, അവശ്യസാധനങ്ങൾ, യാത്ര എന്നിവയ്ക്കുള്ള ചെലവ് കുറയുന്നത് അവർക്ക് വ്യക്തമായി മനസിലാവുകയും അത് വോട്ടായി വീഴുകയും ചെയ്യും എന്നാണ് കണക്കുകൂട്ടുന്നത്. അതിനാൽ ക്രൂഡിന്റെ വിലകുറയുന്നത് ജനങ്ങൾക്കായിരിക്കും പ്രയോജനപ്പെടുക എന്നാണ് വിലയിരുത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |