ലണ്ടൻ: വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി ശ്രീനാരായണ ഗുരു മിഷൻ നാടക വിഭാഗമായ ഗുരുപ്രഭ ലണ്ടനിലെ ഈസ്റ്റ് ഹാം ആസ്ഥാന മന്ദിരത്തിൽ അവതരിപ്പിച്ച 'മൈ ബോഡി മൈ ഡിസിഷൻ' നാടകം ഊർജം പകരുന്ന ശക്തിശ്രോതസായി. സലീന സദാശിവൻ എഴുതി സംവിധാനം ചെയ്ത 'എന്റെ ശരീരം, എന്റെ തീരുമാനം' അഥവാ 'മൈ ബോഡി മൈ ഡിസിഷൻ' പുനരുത്പാദനത്തിന്റെ തീരുമാനം എടുക്കേണ്ടത് സ്ത്രീയാണ്, സ്ത്രീ മാത്രമാണ് ബാഹ്യ ശക്തികൾ ഒന്നുമല്ല എന്ന് അടിവരയിട്ടു പറയുകയായിരുന്നു.
ഭ്രൂണഹത്യ നിരോധിച്ചിരിക്കുന്ന അമേരിക്കയിലെ ടെക്സാസിലെ ഒരു മലയാളി പെൺകുട്ടിയുടെ കഥയാണ് നാടകത്തിൽ പറയുന്നത്. ബലാത്ക്കാരത്തിലൂടെ ഗർഭിണിയാകുന്ന സ്ത്രീയ്ക്ക് ഭ്രൂണഹത്യ നിഷേധിക്കുകയാണ്. തുടർന്ന് ലണ്ടനുമായി ബന്ധപ്പെടുന്ന യുവതി, തന്റെ മത വിശ്വാസിയായ അമ്മ മറുഭാഗത്ത് തന്റെ ഭാഗധേയം നിശ്ചയിക്കുന്നതിലേക്ക് എത്തുന്ന വിവരം അറിയുന്നില്ല. ഭ്രൂണഹത്യയെ ആദ്യം എതിർക്കുന്ന അമ്മ തന്റെ യാഥാസ്ഥികതയിൽ നിന്നും ഇറങ്ങി വരികയും മകളുടെ അവകാശത്തിന് വേണ്ടി തീരുമാനം എടുക്കുകയുമാണ്. ഇതോടെ 'എന്റെ ശരീരം, എന്റെ തീരുമാനം' പരിസമാപ്തിയിലെത്തുന്നു. അപർണ സൗപർണിക, റിട്ടു സുനിൽ, ശശികുമാരി ജ്യോതിപ്രകാശ്, ജിബി ഗോപാലൻ, മഞ്ജു മന്ദിരത്തിൽ, റോസി സരസൻ, കീർത്തി സോമരാജൻ, സതീഷ് കുമാർ എന്നിവർ ഭംഗിയായി തന്മയത്വത്തോടെ അവരുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഡോ. മീരാ മഹേഷിന്റെ നൃത്തസംവിധാനത്തിൽ റാണി രഘുലാലും മീരയും മനോഹരമായി നൃത്തം അവതരിപ്പിച്ചു. ഓമനത്തിങ്കൾക്കിടാവ് എന്ന താരാട്ടുപാട്ടിനോടൊപ്പമുള്ള മീരയുടെ നൃത്ത ചുവടുകൾ ആ താലോലത്തിന്റെ മൃദുലത പകരുന്നതായിരുന്നു. ഇത് നാടകത്തിന്റെ അന്തരീക്ഷത്തിന് സാന്ദ്രത നല്കുകയും കഥാപാത്രത്തിന്റെ മനോനില കാണികളിലേക്ക് എത്തിക്കുകയും ചെയ്തു. മനോജ് ശിവയാണ് പശ്ചാത്തല സംഗീതം ഒരുക്കിയത്.
സംവിധായിക സലീന സദാശിവന്റെ നാടക രംഗത്തെ നല്ലൊരു സംഭാവനയാണ് ഈ നാടകം. സലീന സദാശിവൻ മുനി നാരായണ പ്രസാദിനെക്കുറിച്ച് 'ഗുരു മുനി ബീയിംഗ് & ബികമിംഗ്' എന്ന പേരിൽ ഒരു ഡോക്യുമെന്ററി എഴുതി സംവിധാനം ചെയ്യുകയും ശ്രീനാരായണ ഗുരു മിഷൻ പരിപാടികളിൽ നാടകങ്ങൾ എഴുതുകയും അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |