SignIn
Kerala Kaumudi Online
Saturday, 25 April 2026 2.17 PM IST

ചൂട് കാലങ്ങളിൽ നായ്‌ക്കൾ കടിക്കുന്നത് കൂടും; കൂട്ടത്തോടെ ആക്രമിക്കുന്നതിനും കാരണമുണ്ട്

Increase Font Size Decrease Font Size Print Page
stray-dogs

അടുത്തിടെയായി ഇന്ത്യയിലുടനീളം തെരുവുനായ്‌ക്കളുടെ ആക്രമണം വർദ്ധിച്ചിരിക്കുകയാണ്. തെരുവ് നായ്‌ക്കളുടെ ആക്രമണത്തിൽ അനേകം പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു. ഇന്ത്യയിലെ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളിലൊന്നാണിത്. ആഗോളതലത്തിൽ പേവിഷബാധ മരണങ്ങളിൽ ഏകദേശം 36 ശതമാനം ഇന്ത്യയിലാണ്. പ്രതിവർഷം 18,000- 20,000 മരണങ്ങളാണ് പേവിഷബാധമൂലം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

തെരുവ് നായ്ക്കൾ കൂട്ടത്തോടെ ആക്രമിക്കുന്ന പ്രവണതയും കൂടുന്നു. സീസൺ വ്യതിയാനം, ഉയർന്ന താപനില, വർദ്ധിച്ച മനുഷ്യ ഇടപെടൽ, നായ്ക്കളുടെ സമ്മർദ്ദനില തുടങ്ങിയവയാണ് ഇതിന് കാരണമായി ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. വരുംദിവസങ്ങളിൽ തെരുവ് നായ്‌ക്കളുടെ കൂട്ടത്തോടെയുള്ള ആക്രമണം വർദ്ധിക്കുമെന്നും ഇത് മരണത്തിനുവരെ കാരണമാകുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

ചൂടുകാലങ്ങളിൽ തെരുവ് നായ്ക്കൾ കടിക്കുന്ന പ്രവണത വർദ്ധിക്കുമെന്ന് നിരവധി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ചൂട് കൂടുന്നതിനൊപ്പം നായ്‌ക്കളുടെ ആക്രമണവും കൂടുമെന്നാണ് 2025ൽ പബ്‌മെഡ് സെൻട്രലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കുന്നത്. പാരിസ്ഥിതിക ഘടകങ്ങൾ നായ്ക്കളുടെ പെരുമാറ്റത്തെ സ്വാധീനിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് 2022ലെ ഒരു പഠനത്തിൽ പറയുന്നു.

ചൂട് കാലങ്ങളിൽ നായ്‌ക്കൾ കൂടുതൽ അസ്വസ്ഥരാകുന്നു. ചൂട്, നിർജലീകരണം, വെള്ളം, ആഹാരം എന്നിവയുടെ ലഭ്യതക്കുറവ് തുടങ്ങിയവ നായ്‌ക്കളെ കൂടുതൽ സമ്മർദ്ദത്തിലാക്കുകയും പെട്ടെന്ന് പ്രതികരിക്കുന്നതിന് പ്രേരിപ്പിക്കുകയും ചെയ്യും. മനുഷ്യരെപ്പോലെ നായ്ക്കൾക്ക് ശരീര താപനില കാര്യക്ഷമമായി നിയന്ത്രിക്കാൻ കഴിയില്ല. ചൂട് ദീർഘനേരം ഏൽക്കുന്നത് അസ്വസ്ഥത, ദേഷ്യം, ക്ഷീണം എന്നിവയിലേക്ക് നയിക്കുന്നു. ഇത് ആക്രമണാത്മകത വർദ്ധിപ്പിക്കുന്നു.

അതേസമയം, വേനൽക്കാലത്ത് മനുഷ്യർ കൂടുതലായി പുറത്തിറങ്ങുന്നതിനാൽ നായ്‌ക്കളുമായുള്ള സമ്പർക്കം വർദ്ധിപ്പിക്കുന്നു. പാർക്കുകൾ, തെരുവുകൾ, തുറസായ സ്ഥലങ്ങൾ എന്നിവ കൂടുതൽ തിരക്കേറിയതാകുന്നു. ഇത്തരം സാഹചര്യങ്ങളിൽ നായ്ക്കൾക്ക് ഭീഷണിയോ ഉത്കണ്ഠയോ പ്രതിരോധമോ അനുഭവപ്പെടുമ്പോൾ കടിക്കാനുള്ള സാദ്ധ്യതയും ഗണ്യമായി വർദ്ധിക്കുന്നു. തെരുവ് നായ്‌ക്കളിലാണ് ഈ പ്രവണത കൂടുതലായി കണ്ടുവരുന്നത്. കാരണം വളർത്തുനായ്‌ക്കളേക്കാൾ തെരുവുകളിൽ അലയുന്ന നായ്‌ക്കളാണ് വെള്ളത്തിന്റെയും ആഹാരത്തിന്റെയും തണലിന്റെയും അഭാവം കൂടുതലായി അനുഭവിക്കുന്നത്. ഇതോടെനായ്‌ക്കളുടെ സമീപത്ത് നടക്കുക, അവരെ ആട്ടിയോടിക്കാൻ ശ്രമിക്കുക, അബദ്ധവശാൽ അവരുടെ സ്വകാര്യ ഇടത്തിലേക്ക് പ്രവേശിക്കുക തുടങ്ങിയ നിരുപദ്രവകരമെന്ന് തോന്നുന്ന മനുഷ്യരുടെ പ്രവൃത്തികൾ ആക്രമണത്തിന് കാരണമാകുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

നായ്‌ക്കളെ പെട്ടെന്ന് പ്രകോപിപ്പിക്കുന്ന കാര്യങ്ങൾ

  • നേരിട്ട് കണ്ണുകളിലേയ്ക്ക് നോക്കുക: പലപ്പോഴും ഇത് നായ്ക്കളിൽ ആക്രമണസ്വഭാവം വർദ്ധിപ്പിക്കുന്നു
  • പെട്ടെന്നുള്ള ചലനങ്ങൾ: ഓടുക, കൈകൾ വീശുക, വസ്തുക്കൾ എറിയുക
  • ഉച്ചത്തിലുള്ള ശബ്ദങ്ങൾ: ഉത്കണ്ഠാകുലരായ നായ്ക്കളെ ഇത് ഭയപ്പെടുത്തുകയോ പ്രകോപിപ്പിക്കുകയോ ചെയ്യാം
  • കടന്നുകയറ്റം: പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾക്ക് താഴെയോ ആഹാരം കഴിക്കുന്ന സ്ഥലങ്ങൾക്ക് സമീപമോ മനുഷ്യർ പ്രവേശിക്കുന്നത്
  • ഭക്ഷണം, വെള്ളം അല്ലെങ്കിൽ പാർപ്പിടം എന്നിവയിലുള്ള മനുഷ്യരുടെ ഇടപെടൽ

എന്തുകൊണ്ട് നായ്‌‌ക്കൾ കൂട്ടത്തോടെ ആക്രമിക്കുന്നു?

നായ്ക്കൾ സ്വാഭാവികമായും സാമൂഹിക ജീവികളാണ്. അതിജീവനത്തിനായി കൂട്ടങ്ങൾ രൂപീകരിക്കാനുള്ള സ്വാഭാവിക സഹജാവബോധവും ഇവയ്ക്ക് ഉണ്ട്. ഇത് അവയെ വേട്ടയാടാനും, പ്രദേശം സംരക്ഷിക്കാനും, ഭീഷണികളിൽ നിന്ന് പ്രതിരോധിക്കാനും സഹായിക്കുന്നു. നഗരപ്രദേശങ്ങളിലെ അലഞ്ഞുതിരിയുന്ന നായ്ക്കളിലും ഈ സഹജാവബോധം നിലനിൽക്കുന്നു.

കൂട്ടത്തിലെ ഒരു നായ ഭീഷണി മനസിലാക്കി പ്രതികരിക്കുമ്പോൾ മറ്റുള്ളവയും ഒപ്പം ചേരുന്നു. ഈ പ്രതിഭാസത്തെ 'സോഷ്യൽ ഫെസിലിറ്റേഷൻ' എന്നാണ് വിദഗ്ദ്ധർ വിളിക്കുന്നത്. ചൂട്, വിശപ്പ് അല്ലെങ്കിൽ ഭയം പോലുള്ള ഉയർന്ന സമ്മർദ്ദ സാഹചര്യങ്ങളിൽ ഈ സ്വഭാവം കൂടുതൽ പ്രകടമാകും. മുൻകാല മനുഷ്യ ഇടപെടലുകളുടെയും അനുഭവങ്ങളുടെയും അടിസ്ഥാനത്തിലാണ് നായ്ക്കൾ മനുഷ്യന്റെ പെരുമാറ്റത്തെ വ്യാഖ്യാനിക്കുന്നത്. പെട്ടെന്നുള്ള ചലനങ്ങൾ, നേരിട്ടുള്ള നോട്ടം, അല്ലെങ്കിൽ ഉച്ചത്തിലുള്ള അലറൽ എന്നിവ ഭീഷണികളായി നായ്‌ക്കൾ കണക്കാക്കാം. ഇത് പ്രത്യാക്രമണത്തിനും കാരണമാകുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

TAGS: STRAYDOGS, DOG BITES, TEMPERATURE AND DOG BITES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.