സ്വപ്‌നം കാണാത്ത മനുഷ്യരുണ്ടാകില്ല. ഉറങ്ങുമ്പോഴും ഉണർന്നിരിക്കുമ്പോഴും സ്വപ്‌നം കാണുന്നവരാണ് എല്ലാവരും. ഇതിൽ ഉറങ്ങുമ്പോൾ കാണുന്നത് ഒരിക്കലും നമ്മുടെ നിയന്ത്രണത്തിലുള്ളതല്ല. അതിനാൽ തന്നെ ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങളാകും കാണുന്നത്. ജീവിതത്തിൽ ഒരു തവണയെങ്കിലും ഭയപ്പെടുത്തുന്ന സ്വപ്‌നങ്ങൾ കാണാത്തവരാരും ഉണ്ടാകില്ല. എന്നിരുന്നാലും അവയെ എല്ലാം മറന്ന് നമ്മൾ രാവിലെ യഥാർത്ഥ ജീവിതത്തിലേക്ക് വരുന്നു. പക്ഷേ, ഈ സ്വപ്‌നങ്ങൾ നമ്മൾ വിചാരിക്കുന്നത് പോലെയല്ല. വലിയ പ്രശ്‌നങ്ങളാണ് ഉണ്ടാക്കാൻ പോകുന്നത്.
പല തവണയായി പേടിസ്വപ്‌നങ്ങൾ കാണുന്ന ആളുകൾക്ക് മറ്റുള്ളവരെ അപേക്ഷിച്ച് നേരത്തേ മരിക്കാനുള്ള സാദ്ധ്യത മൂന്നിരട്ടി കൂടുതലാണെന്നാണ് പുതിയൊരു പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഈ സ്വപ്‌നം ഉറക്കം നഷ്‌ടപ്പെടുത്തുക മാത്രമല്ല, ശരീരത്തിന്റെ വാർദ്ധക്യ പ്രക്രിയയെ ത്വരിതപ്പെടുത്തുകയും നമ്മുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുകയും ചെയ്യുമെന്നാണ് ശാസ്‌ത്രജ്ഞർ അഭിപ്രായപ്പെടുന്നത്.
പുകവലി, പൊണ്ണത്തടി, മോശം ഭക്ഷണക്രമം, വ്യായാമം ഇല്ലായ്‌മ പോലുള്ള പ്രശ്‌നങ്ങൾ കാരണമുണ്ടാകുന്ന അപകടത്തേക്കാൾ വലുതാണ് ഈ ഭയപ്പെടുത്തുന്ന സ്വപ്‌നങ്ങൾ നിങ്ങളിൽ ഉണ്ടാക്കുന്നത്. "അകാല മരണത്തിന്റെ പ്രവചനം' എന്നാണ് പേടിസ്വപ്‌നങ്ങളെ പഠനം വിശേഷിപ്പിക്കുന്നത്. മോശം സ്വപ്‌നങ്ങൾ, വാർദ്ധക്യം, അകാല മരണം എന്നിവ തമ്മിലുള്ള ബന്ധം എന്താണെന്ന് അറിയാം.
പഠനത്തിൽ പറയുന്നത്
ദുഃസ്വപ്നങ്ങൾ ദീർഘകാല ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന് മനസിലാക്കാനായാണ് ഗവേഷകർ ഈ പരീക്ഷണം നടത്തിയത്. ഒരാൾ എത്ര തവണ മോശം സ്വപ്‌നങ്ങൾ കാണുന്നു, അയാളുടെ കോശങ്ങൾ പ്രായമാകുന്നതിന്റെ വേഗത എന്നിവയെ ബന്ധിപ്പിച്ചായിരുന്നു ഗവേഷകരുടെ പരീക്ഷണം. യുകെ ഡിമെൻഷ്യ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെയും ഇംപീരിയൽ കോളേജ് ലണ്ടനിലെയും മുതിർന്ന ഗവേഷകൻ ഡോ. അബിഡെമി ഒട്ടൈക്കു ആണ് പഠനത്തിന് നേതൃത്വം നൽകിയത്.
എട്ട് മുതൽ പത്ത് വയസ് വരെയുള്ള 2,429 കുട്ടികളിൽ നിന്നും 26 മുതൽ 86 വയസ് വരെയുള്ള 1,83,012 മുതിർന്നവരിൽ നിന്നുമുള്ള വിവരങ്ങൾ സംഘം ശേഖരിച്ചു. 19 വർഷത്തോളമാണ് ഇവരെ നിരീക്ഷിച്ചത്. ആഴ്‌ചയിൽ ഒരിക്കലോ അതിൽ കൂടുതലോ തവണ മോശം സ്വപ്‌നം കാണുന്നവരിൽ കോശങ്ങൾ പെട്ടെന്ന് നശിക്കുന്നതായി കണ്ടെത്തി. ഇവർ 70 വയസിന് മുമ്പ് മരിക്കാനുള്ള സാദ്ധ്യത സ്വപ്‌നം കാണാത്തവരെ അപേക്ഷിച്ച് മൂന്നിരട്ടി കൂടുതലാണെന്നും ഗവേഷകർ കണ്ടെത്തി.
ഹെൽസിങ്കിയിലെ യൂറോപ്യൻ അക്കാദമി ഓഫ് ന്യൂറോളജി കോൺഗ്രസിൽ അവതരിപ്പിച്ച പഠനത്തിൽ സൂചിപ്പിച്ചതുപോലെ, പഠനകാലത്തിനിടെ 227 അകാല മരണങ്ങൾ സംഭവിച്ചു. ഇങ്ങനെയാണ് പേടി സ്വപ്‌നം കാണാത്തവരെ അപേക്ഷിച്ച് മരണസാദ്ധ്യത കൂടുതലാണെന്ന് കണ്ടെത്തിയത്. പ്രായം, വംശം, മാനസികാരോഗ്യം, ലിംഗം എന്നീ വ്യത്യാസങ്ങളില്ലാതെ എല്ലാവരിലും മരണം സംഭവിച്ചു.
പേടിസ്വപ്‌നവും വാർദ്ധക്യവും
പേടിസ്വപ്നങ്ങൾ ഉറക്കത്തിന്റെ ഗുണനിലവാരത്തെയും ദൈർഘ്യത്തെയും തടസപ്പെടുത്തുന്നു. ഇത് ശരീരത്തിന്റെ കോശ തലത്തിലുള്ള നിർമാണത്തെ ബാധിക്കുന്നു. ഇങ്ങനെ ഉറക്കം സ്ഥിരമായി തടസപ്പെടുമ്പോൾ അവശ്യ പ്രക്രിയകൾ ശരീരത്തിൽ നടക്കാതെ വരും. അത് വിട്ടുമാറാത്ത സമ്മർദത്തിനും ആരോഗ്യം നഷ്‌ടപ്പെടുന്നതിനും കാരണമാകുന്നു. മാത്രമല്ല, സ്വപ്‌നവും യാഥാർത്ഥ്യവും വേർതിരിച്ചറിയാനുള്ള കഴിവ് നമ്മുടെ തലച്ചോറിനില്ല. അതിനാലാണ് പേടി സ്വപ്‌നങ്ങൾ കാണുമ്പോൾ നമ്മുടെ ഹൃദയമിടിപ്പ് കൂടുന്നതും വിയർക്കുന്നതുമെല്ലാം.
എന്നാൽ, ഈ പ്രശ്‌നമുള്ളവർ ഭയപ്പെടേണ്ട കാര്യമില്ലെന്നും ചികിത്സയുണ്ടെന്നും ഒട്ടൈക്കു ചൂണ്ടിക്കാട്ടി. ലളിതമായ ജീവിതശൈലി മാറ്റങ്ങൾ പോലും പേടിസ്വപ്നങ്ങൾ കാണുന്നത് കുറയ്‌ക്കാൻ സഹായിക്കും. സമ്മർദ്ദം നിയന്ത്രിക്കുക, ഉത്കണ്ഠയ്‌ക്കോ വിഷാദമോ ഉണ്ടെങ്കിൽ അതിന് ചികിത്സ തേടുക. ഉറങ്ങുന്നതിന് മുമ്പ് ഫോണിന്റെ ഉപയോഗം കുറയ്‌ക്കുക. ഭയപ്പെടുത്തുന്ന സിനിമകൾ കാണുന്നത് ഒഴിവാക്കാനും ഒട്ടൈക്കു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |