ടെക്‌നോളജി വളരെയേറെ പുരോഗമിച്ചുകഴിഞ്ഞിരിക്കുകയാണ്. അതോടെ മനുഷ്യർ മടിയന്മാരുമായി. എന്തിനും ഏതിനും കുറച്ചുനാൾ മുമ്പ് വരെ ആളുകൾ ഗൂഗിളിനെയായിരുന്നു ആശ്രയിച്ചിരുന്നത്. 2022ൽ ചാറ്റ്ജിപിടി ലോഞ്ച് ചെയ്തതോടെ വളരെപ്പെട്ടന്നുതന്നെ അത് ആഗോള പ്രശസ്തി നേടി.
ഇന്ന് പ്രതിദിനം ഒരു ബില്യൺ ആളുകളാണ് ചാറ്റ്ജിപിടിയെ ആശ്രയിക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ട്. ഗൂഗിൾ നേടിയ ജനപ്രീതിയേക്കാൾ 5.5 മടങ്ങ് വേഗത്തിലാണിത്. കൃത്രിമബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ചാറ്ജിപിടി, എഴുത്ത്, കോഡിംഗ്, ഗവേഷണം എന്നിവയുൾപ്പെടെയുള്ള വിവിധ ജോലികൾക്കായി ഉപയോഗിക്കുന്നു. ഇത് വ്യക്തികൾക്കും ബിസിനസുകൾക്കും വളരെ സഹായകമാണ്.
മുമ്പൊക്കെ ലേഖനങ്ങളും മറ്റും സ്വന്തമായിട്ടാണ് ആളുകൾ എഴുതിയിരുന്നത്. കാലം മാറിയതോടെ അത് ചിലർ ചാറ്റ്ജിപിടിയെ ഏൽപ്പിച്ചുതുടങ്ങി. എന്തെങ്കിലും അസ്വസ്ഥത തോന്നിയാൽ എന്താണ് രോഗമെന്ന് അറിയാൻ മുമ്പ് ഗൂഗിളിനോടായിരുന്നു ആളുകൾ ചോദിച്ചിരുന്നത്. ഇന്നത് ചാറ്റ്ജിപിടിയോടായി. എന്നിരുന്നാലും, ചാറ്റ്ജിപിടിക്കും അതിന്റേതായ പരിമിതികളുണ്ട്, കൂടാതെ ചാറ്റ്ജിപിടിയോട് ഒരിക്കലും ചോദിക്കാൻ പാടില്ലാത്ത അഞ്ച് കാര്യങ്ങളുമുണ്ട്.
ഹാക്കിംഗ്
നിങ്ങളുടെ സുഹൃത്തിന്റെ അക്കൗണ്ട് അല്ലെങ്കിൽ ഏതെങ്കിലും സെലിബ്രിറ്റികളുടെ അക്കൗണ്ട് ഹാക്ക് ചെയ്യാൻ ചാറ്റ്ജിപിടിയോട് പറയരുത്. ഹാക്കിംഗ് നിയമവിരുദ്ധമാണ്, ഇത്തരത്തിലുള്ള ദുരുപയോഗം തടയുന്നതിന് കർശന സുരക്ഷയോടെയാണ് AI ഉപകരണങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ചിലപ്പോൾ നിങ്ങൾ അഴിക്കുള്ളിലാകാനും സാദ്ധ്യതയുണ്ട്.
നിയമോപദേശം വേണ്ട
നിയമ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ചാറ്റ്ജിപിടിയെ ആശ്രയിക്കുന്നത് ദോഷകരമാണ്. ഇതിനൊക്കെ അഭിഭാഷകരെ സമീപിക്കുകയാണ് വേണ്ടത്.
സാമ്പത്തിക പ്രവചനങ്ങൾ
സ്റ്റോക്ക് മാർക്കറ്റുകളിൽ നിക്ഷേപം നടത്തുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. ഏത് സ്‌റ്റോക്കാണ് വാങ്ങേണ്ടത്, എപ്പോൾ വിൽക്കണം എന്നതൊക്കെ സംബന്ധിച്ച് പലർക്കും സംശയങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ചിലരാകട്ടെ തങ്ങളുടെ സ്റ്റോക്കിന്റെ ഭാവി പ്രവചിക്കാൻ ചാറ്റ്ജിപിടിയെ ഏൽപ്പിക്കാറുണ്ട്. ഇങ്ങനെ ഒരിക്കലും ചെയ്യരുത്. ചാറ്റ്ജിപിടി പ്രവചനങ്ങളെ അടിസ്ഥാനമാക്കി നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നത് ഗണ്യമായ നഷ്ടത്തിന് കാരണമായേക്കാം. വിപണിയിലെ ഏറ്റക്കുറച്ചിലുകളെക്കുറിച്ച് സ്വയം അറിവ് നേടുകയോ സാമ്പത്തിക ഉപദേഷ്ടാവിനെ ബന്ധപ്പെടുകയോ ചെയ്യുന്നതാണ് ഉചിതം.
ബോംബ് എങ്ങനെ ഉണ്ടാക്കാം
വയലൻസിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള കാര്യങ്ങൾ ഒരുകാരണവശാലും ചാറ്റ്ജിപിടിയോട് ചോദിക്കരുത്. അക്രമം, ഉപദ്രവം അല്ലെങ്കിൽ അപകടകരമായ നിർദ്ദേശങ്ങൾ അടങ്ങിയ ഏതൊരു അഭ്യർത്ഥനയും ചാറ്റ്ജിപിടി തൽക്ഷണം നിരസിക്കും. കർശനമായ സുരക്ഷയും ധാർമ്മിക മാനദണ്ഡങ്ങളും പാലിക്കുന്നതിനായാണ് ഈ എഐ പ്ലാറ്റ്‌ഫോം സജ്ജീകരിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം ചോദ്യങ്ങൾ ഒഴിവാക്കണം.
രോഗ നിർണയം
എന്തിനും ഉത്തരം നൽകാൻ കഴിയുമെന്നതിനാൽ, എല്ലാ മേഖലകളിലും ചാറ്റ്ജിപിടി വിദഗ്ദനാണെന്ന് കരുതരുത്. എന്തെങ്കിലും ശാരീരിക - മാനസിക ബുദ്ധിമുട്ടുകൾ തോന്നിയാൽ ഡോക്ടറെയാണ് സമീപിക്കേണ്ടത്. അല്ലാതെ ചാറ്റ്ജിപിടിയോട് ചോദിച്ച് സ്വയം ചികിത്സ അരുത്.
ഉദാഹരണത്തിന് പനിയോ തലവേദനയോ വന്നാൽ എന്ത് ചെയ്യണമെന്ന് ചാറ്റ്ജിപിടിയോട് ചോദിച്ചാൽ പാരസെറ്റമോൾ കഴിച്ച് വിശ്രമിക്കെന്നായിരിക്കും ചിലപ്പോൾ അത് നൽകുന്ന മറുപടി. എന്നാൽ ഡോക്ടറെ കണ്ട് പരിശോധിക്കാതെ ഒരിക്കലും ഇങ്ങനെ ചെയ്യരുത്. കാരണം ചിലപ്പോൾ ഗുരുതരമായ എന്തെങ്കിലും രോഗമായിരിക്കാം നിങ്ങളെ അലട്ടുന്നത്. അതിന് ശരിയായ സമയത്ത് ചികിത്സ നൽകേണ്ടത് അനിവാര്യമാണ്. അതുകൊണ്ട് ചോദ്യം ചോദിച്ച് സമയം കളയാതെ ഡോക്ടറെ കണ്ട് ചികിത്സ തേടുക.
എന്നിരുന്നാലും നിങ്ങളുടെ ജീവിതം എളുപ്പമാക്കാനുള്ള ചില ടിപ്സുകൾ നൽകാൻ ചാറ്റ്ജിപിടിയ്ക്ക് സാധിക്കും. ഉദാഹരണത്തിന് ട്രാവൽ റെക്കമെന്റേഷൻസ് നൽകാൻ ഇതിന് കഴിയും. അങ്ങനെയുള്ള കാര്യങ്ങൾക്ക് മാത്രം ഈ പ്ലാറ്റ്‌ഫോം ആശ്രയിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |