
കഴിഞ്ഞ ദിവസം രാജ്യസഭാ എംപി പ്രിയങ്ക ചതുർവേദി കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദയ്ക്കയച്ച ഒരു കത്ത് സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. വറുത്ത കടല അടക്കമുള്ള ഭക്ഷ്യവസ്തുക്കളിൽ ചേർക്കുന്ന കളറിനെക്കുറിച്ചുള്ളതായിരുന്നു എംപിയുടെ കത്ത്.
കത്തിൽ പറയുന്നത്
വറുത്ത കടലയിലടക്കം അർബുദത്തിന് കാരണമാകുന്ന ഓറാമിൻ (Auramine) ചേർക്കുന്നുണ്ടെന്നാണ് എംപി കത്തിൽ ചൂണ്ടിക്കാണിക്കുന്നത്. ആരോഗ്യ മന്ത്രിക്ക് അയച്ച കത്തിന്റെ ഫോട്ടോ അവർ എക്സിൽ പങ്കുവയ്ക്കുകയും ചെയ്തു. ഇത് 2006ലെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡ നിയമത്തിന്റെ വ്യക്തമായ ലംഘനമാണെന്നും അവർ ചൂണ്ടിക്കാട്ടി.
I have written to the Health Minister as well as Food Processing Minister regarding the extremely distressing evidence based report that shows that Auramine, an industrial dye used for textiles and leather, is being illegally added to roasted chana besides other food products to… pic.twitter.com/cxQgMwLJn6
— Priyanka Chaturvedi🇮🇳 (@priyankac19) November 24, 2025
'ഇത് ദശലക്ഷക്കണക്കിന് ഇന്ത്യൻ പൗരന്മാരുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്നും ഫുഡ് സേഫ്റ്റി സ്റ്റാന്റേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ് എസ് എസ്എ ഐ) പ്രവർത്തനത്തിന്റെ പരാജയമാണെന്നും'- എംപി കത്തിൽ വ്യക്തമാക്കി. വിഷയത്തിൽ ആരോഗ്യ മന്ത്രാലയം ഉടൻ ഇടപെടണമെന്നും ആവശ്യപ്പെട്ടു.
ദേശീയ ആരോഗ്യ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കണമെന്നും, വറുത്ത കടല അടക്കമുള്ള ഭക്ഷണങ്ങൾ വ്യാപകമായി പരിശോധിക്കണമെന്നും തെറ്റായ രീതിയിൽ പ്രവർത്തിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കുകയോ തടവ് അടക്കമുള്ള കർശന നടപടികൾ സ്വീകരിക്കുകയോ ചെയ്യണമെന്നും അവർ ശുപാർശ ചെയ്തു.
ഓറാമിൻ ഗുരുതരമായ ആരോഗ്യ ഭീഷണി
ഓറാമിന്റെ അപകടങ്ങളെക്കുറിച്ച് ചതുർവേദി തന്റെ കത്തിൽ വിശദീകരിച്ചു. 2006 ലെ ഭക്ഷ്യസുരക്ഷാ മാനദണ്ഡ നിയമപ്രകാരം ഇത് കർശനമായി നിരോധിച്ചിരിക്കുന്നു. ഓറാമിൻ അർബുദത്തിന് കാരണമാകുമെന്ന് ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ സ്ഥിരീകരിച്ചിട്ടുണ്ട്. കരൾ, വൃക്ക, മൂത്രസഞ്ചി എന്നിവയിലെ കാൻസറുകളുമായും നാഡീവ്യവസ്ഥയുടെ തകരാറുകളുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് എംപി ചൂണ്ടിക്കാണിക്കുന്നു. മാർക്കറ്റ് നിരീക്ഷണം വളരെ ദുർബലമാണ്. പതിവ് പരിശോധനകൾ അപര്യാപ്തമാണ്. പരിശോധനയ്ക്കും എഫ് എസ് എസ് എ ഐ പ്രോട്ടോക്കോളുകളുടെ ആന്തരിക ഓഡിറ്റിനും സംസ്ഥാന ആരോഗ്യ വകുപ്പുകൾക്ക് നിർദ്ദേശം നൽകണമെന്നും അവർ ആവശ്യപ്പെടുന്നു.
ആശങ്കകൾ ഉയർത്തുന്ന വീഡിയോ
ഒരു മാസം മുമ്പ് ഓൺലൈനിൽ പങ്കുവച്ച ഒരു വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പ്രിയങ്ക ചതുർവേദി കേന്ദ്ര ആരോഗ്യ മന്ത്രിയ്ക്ക് കത്തയച്ചത്. മാർക്കറ്റിൽ കിട്ടുന്ന വറുത്ത കടലയിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ദോഷകരമായ രാസവസ്തുക്കൾ കലർത്തുന്നുണ്ടെന്ന് ഒരാൾ അവകാശപ്പെടുന്നതാണ് വീഡിയോയിലുണ്ടായിരുന്നത്.
മായം ചേർക്കാത്ത കടലയും മായം ചേർത്ത കടലയും വീഡിയോയിൽ കാണിക്കുന്നുണ്ട്. മായം ചേർത്ത കടലയ്ക്ക് നല്ല തിളക്കമുണ്ട്. തുടർന്ന് ഇതെങ്ങനെയാണ് ഉണ്ടാക്കുന്നതെന്നും ആ ദൃശ്യങ്ങളിലുണ്ട്. കടലയിൽ കളർ ഒഴിക്കുന്നതാണ് കാണിക്കുന്നത്. വിരലുകൾ കൊണ്ട് അർത്തുമ്പോൾ ഈ കടല പെട്ടെന്നുതന്നെ പൊടിഞ്ഞുപോകുന്നു. മായം ചേർക്കാത്ത കടലയിൽ ഇങ്ങനെ സംഭവിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മലയാളികൾ അടക്കമുള്ളവർക്ക് ഏറെ പ്രിയപ്പെട്ടതാണ് കടല. സുരക്ഷിതമെന്ന് കരുതിയാണ് പലരും കുട്ടികൾക്ക് ഇത് വാങ്ങിക്കൊടുക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |