
ന്യൂഡൽഹി: ലണ്ടനിൽ നിന്ന് ജപ്പാനിലേക്കുള്ള യാത്രയ്‌ക്കിടെ ഇന്ത്യൻയുവതിയെ ചൈനയിലെ ഷാങ്ഹായ് എയർപോർട്ടിൽ 18 മണിക്കൂർ അധികൃതർ തടഞ്ഞുവച്ചെന്ന് റിപ്പോർട്ട്. അരുണാപ്രദേശിൽ നിന്നുള്ള പെമ വാങ് തോങ്ദോക്ക് തനിക്ക് നേരിട്ട ദുരനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു. അരുണാചൽ പ്രദേശ് ചൈനയുടെ ഭാഗമാണെന്ന് അവകാശവാദം നടത്തിയ ഉദ്യോഗസ്ഥർ തന്റെ ഇന്ത്യൻ പാസ്‌പോർട്ട് അസാധുവാണെന്ന് ആരോപിച്ച് പിടിച്ച് വെച്ചതായി യുവതി വെളിപ്പെടുത്തി.
'ചൈന ഇമിഗ്രേഷനും ചൈന ഈസ്റ്റേൺ എയർലൈൻസ് കോർപ്പറേഷൻ ലിമിറ്റഡും അവകാശപ്പെട്ടതിന്റെ പേരിൽ 2025 നവംബർ21ന് എന്നെ ഷാങ്ഹായ് വിമാനത്താവളത്തിൽ 18 മണിക്കൂറിലധികം തടഞ്ഞുവച്ചു. എന്റെ ജന്മസ്ഥലം അരുണാചൽപ്രദേശായതിനാൽ അവർ എന്റെ ഇന്ത്യൻ പാസ്‌പോർട്ട് അസാധുവാണെന്ന് പറഞ്ഞു. അത് ചൈനീസ് പ്രദേശമാണെന്ന് അവർ അവകാശപ്പെട്ടു' ഷോങ്ദോക്ക് സോഷ്യൽ മീഡിയയിൽ കുറിച്ചു.
ലണ്ടനിൽ നിന്ന് ജപ്പാനിലേക്കുള്ള യാത്രയിൽ വിമാനം മാറിക്കയറുന്നതിനായാണ് യുവതി ഷാങ്ഹായ് എയർപോർട്ടിൽ ഇറങ്ങിയത്. ജപ്പാനിലേക്കുള്ള വിമാനത്തിനായി മൂന്നുമണിക്കൂർ കാത്തിരിക്കേണ്ടതുണ്ടായിരുന്നു. എന്നാൽ, തന്റെ ഇന്ത്യൻ പൗരത്വം അംഗീകരിക്കാൻ വിസമ്മതിച്ച ഉദ്യോഗസ്ഥർ ജാപ്പനീസ് വിസ കൈവശം ഉണ്ടായിരുന്നിട്ടും ജപ്പാനിലേക്കുള്ള വിമാനത്തിൽ കയറാൻ അനുവദിച്ചില്ലെന്ന് യുവതി പറയുന്നു. അരുണാചൽ പ്രദേശ് ചൈനയുടെ ഭാഗമണെന്ന് വാദിച്ച ഉദ്യോഗസ്ഥർ ചൈനീസ് പാസ്‌പോർട്ടിന് അപേക്ഷിക്കാൻ പറഞ്ഞ് തന്നെ അപമാനിച്ചതായും യുവതി ആരോപിക്കുന്നു.
18 മണിക്കൂറോളം ഭക്ഷണമോ മറ്റ് സൗകര്യങ്ങളോ നൽകാതെയാണ് അധികൃതർ യുവതിയെ തടഞ്ഞു വച്ചത്. ജപ്പാനിലേക്കുള്ള വിമാനം നഷ്‌ടമായതിന് ശേഷം ചൈന ഈസ്റ്റേൺ എയർലൈൻസ് വഴിയുള്ള പുതിയ വിസ വാങ്ങിയാൽ മാത്രം പാസ്‌പോർട്ട് തിരികെ നൽകാമെന്ന വ്യവസ്ഥ അധികാരികൾ മുന്നോട്ടു വച്ചു. എന്നാൽ ട്രാൻസിറ്റ് മേഖലയ്‌ക്ക് പുറത്തേക്ക് പോകാൻ യുവതിക്ക് അനുവാദമില്ലാത്തതിനാൽ പുതിയ ടിക്കറ്ര് ബുക്ക് ചെയ്യാൻ സാധിക്കുമായിരുന്നില്ല. തുടർന്ന് ലണ്ടനിലുള്ള സുഹൃത്തിന്റെ സഹായത്തോടെ യുവതി ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ടു. ഇന്ത്യൻ ഉദ്യോഗസ്ഥരുടെ ഇടപെടലിനൊടുവിലാണ് രാത്രി ഏറെ വൈകിയ ശേഷം അധികാരികൾ വിട്ടയച്ചത്.
ഇന്ത്യയുടെ പരമാധികാരത്തെ നേരിട്ട് അപമാനിക്കുന്നതിന് തുല്യമാണ് തനിക്കുണ്ടായ അനുഭവമെന്ന് തോങ്ദോക്ക് തുറന്നടിച്ചു. ഇത്തരത്തിലുള്ള വിവേചനത്തിൽ നിന്നും അരുണാചൽ പ്രദേശ് സ്വദേശികളെ സംരക്ഷിക്കാൻ ഇന്ത്യൻ സർക്കാർ നടപടി എടുക്കണമെന്നും ചൈനയ്‌ക്കെതിരെ ശക്തമായി പ്രതികരിക്കണമെന്നും യുവതി ആവശ്യപ്പെട്ടു.
അരുണാചൽ പ്രദേശിലെ ചില സ്ഥലങ്ങളുടെ പേര് മാറ്റാൻ ചൈന ആവർത്തിച്ച് ശ്രമിക്കുന്നുണ്ട്.അരുണാചൽ പ്രദേശിനെ 'സാങ്നാൻ' അല്ലെങ്കിൽ ടിബറ്റിന്റെ തെക്കൻ ഭാഗം എന്നാണ് ചൈന വിളിക്കുന്നത്. ഇന്ത്യൻ സർക്കാർ പലപ്പോഴും ഇത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ നിലപാട് അറിയിച്ചിട്ടുണ്ട്.
'പേര് മാറ്റം കൊണ്ട് യാഥാർത്ഥ്യം മാറില്ല. അരുണാചൽപ്രദേശ് ഇന്ത്യയുടെ ഭാഗമായിരുന്നു. ഇപ്പോഴും ആണ്. എന്നും അത് ഇന്ത്യയുടെ ഭാഗമായി തന്നെ തുടരും' ഇന്ത്യൻ വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ നേരത്തെ വ്യക്തമാക്കിയിരുന്നു. വടക്കുകിഴക്കൻ സംസ്ഥാനത്തെ 27 സ്ഥലങ്ങൾക്ക്, പ്രധാനമായും 15 പർവതങ്ങൾ, നാല് ചുരങ്ങൾ, രണ്ട് നദികൾ, ഒരു തടാകം, അഞ്ച് ജനവാസ പ്രദേശങ്ങൾ എന്നിവയ്ക്ക്, ചൈനീസ് പേരുകൾ നൽകുമെന്ന ചൈനയുടെ പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു രൺധീറിന്റെ മറുപടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |