SignIn
Kerala Kaumudi Online
Monday, 07 July 2025 3.08 AM IST

ദാമ്പത്യം ദിവസങ്ങൾ മാത്രം, ബാദ്ധ്യതയാകില്ല; ഗ്രാമത്തിലെത്തുന്ന ആർക്കും വരനാകാം, ട്രെൻ‌ഡായി 'പ്ലഷർ വിവാഹം'

Increase Font Size Decrease Font Size Print Page
marriage

വിവാഹം എന്ന് പറയുന്നത് രണ്ട് ഹൃദയങ്ങൾ കൂടിച്ചേരുന്ന ചടങ്ങാണെന്ന് പറയാറുണ്ട്. എന്നാൽ ഇന്തോനേഷ്യയിലെ ഒരു ഗ്രാമത്തെ സംബന്ധിച്ച് ഇത് ശരിയല്ല. അവിടെ നടക്കുന്ന 'പ്ലഷർ വിവാഹത്തിനെതിരെ' വിമർശനം ഉയർന്നുകൊണ്ടിരിക്കുകയാണ്.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ പെൺകുട്ടി പണത്തിന് വേണ്ടി വിനോദ സഞ്ചാരിയെ വിവാഹം കഴിക്കുന്ന ഏർപ്പാടാണ് 'പ്ലഷർ വിവാഹം'. ഇതിനെ മുതലാക്കുന്ന നിരവധി വിനോദസഞ്ചാരികളുണ്ട്. ഈ വിവാഹത്തിനെതിരെ എതിർപ്പുയരാൻ നിരവധി കാരണങ്ങൾ ഉണ്ട്.

എന്താണ് പ്ലഷർ വിവാഹം

വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പശ്ചിമ ഇന്തോനേഷ്യയിലെ പ്രശസ്തമായ സ്ഥലമാണ് പൻകാക്കിൽ. വിനോദ സഞ്ചാരത്തെയും പ്രാദേശിക സമ്പദ്‌വ്യവസ്ഥയെയും ശക്തിപ്പെടുത്തുന്ന ഒരു കച്ചവടമെന്ന രീതിയിലാണ് ഇവിടുത്തുകാർ പ്ലഷർ വിവാഹത്തെ കാണുന്നത്.

wedding

ഇത് തികച്ചും താത്ക്കാലികമാണ്. അതായത് ദിവസങ്ങൾ അല്ലെങ്കിൽ ആഴ്ചകൾ മാത്രമേ ദാമ്പത്യത്തിന് ആയുസുള്ളൂ. മിഡിൽ ഇസ്റ്റിൽ നിന്നും മറ്റും വരുന്ന വിനോദ സഞ്ചാരികളെ പാവപ്പെട്ട പെൺകുട്ടികൾ വിവാഹം കഴിക്കുന്നു. ആദ്യകാലത്ത് കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ ഒക്കെയാണ് വിനോദ സഞ്ചാരിയെ പെൺകുട്ടിക്ക് പരിചയപ്പെടുത്തിയിരുന്നത്.

എന്നാൽ ഇപ്പോൾ ഏജൻസികളാണ് വിനോദസഞ്ചാരികളെ പ്രദേശത്തെ ദരിദ്രരായ സ്ത്രീകൾക്ക് പരിചയപ്പെടുത്തുന്നത്. തുടർന്ന് ഇരുവരുടെയും സമ്മതത്തോടെ അനൗപചാരിക വിവാഹ ചടങ്ങുകൾ നടത്തും. വരൻ വധുവിന് പണം നൽകുകയും ചെയ്യും. അയാൾ തിരിച്ചുപോകുന്നതുവരെ ലൈംഗികത അടക്കമുള്ള അയാളുടെ എല്ലാ ആവശ്യങ്ങളും ഭാര്യ നിറവേറ്റിക്കൊടുക്കണം. അയാൾ തിരികെ പോകുന്നതോടെ ദാമ്പത്യം അവസാനിക്കും.

നൽകിയത് 71,400 രൂപ


നിരവധി വിനോദ സഞ്ചാരികളുടെ 'താത്ക്കാലിക ഭാര്യ'യായിരുന്നു താനെന്ന് വെളിപ്പെടുത്തുകയാണ് ഇന്തോനേഷ്യയിലെ ഇരുപത്തിയെട്ടുകാരിയായ കഹായ. പതിനഞ്ചോളം തവണയാണ് യുവതി വിവാഹിതയായത്. അമ്പതുകാരനായ സൗദി അറേബ്യക്കാരനെയാണ് ആദ്യമായി പ്ലഷർ വിവാഹം ചെയ്തത്.


അയാൾ 71,400 രൂപ നൽകി. എന്നാൽ അതിന്റെ പകുതി മാത്രമേ തനിക്ക് കിട്ടിയിട്ടുള്ളൂവെന്നും ബാക്കി ഏജന്റുമാരും മറ്റും കൈപ്പറ്റിയെന്ന് അവർ പറയുന്നു. അഞ്ച് ദിവസത്തെ ദാമ്പത്യ ജീവിതം ആസ്വദിച്ച ശേഷം അയാൾ തിരിച്ചുപോയി. അതോടെ ആ ബന്ധം അവസാനിച്ചു.

wedding

മുത്തച്ഛന്റെയും മുത്തശ്ശിയുടെയും നിർബന്ധപ്രകാരം പതിമൂന്നാം വയസിൽ കഹായ വിവാഹിതയായിരുന്നു. എന്നാൽ നാല് വർഷത്തിനിപ്പുറം ഭർത്താവ് ഡിവോഴ്സ് ചെയ്തു. ബന്ധത്തിൽ ഒരു മകളുണ്ട്. സാമ്പത്തിക സഹായം നൽകാതെ ഭർത്താവ് പോയി. വാടക കൊടുക്കാൻ പോലും കഴിയാത്ത അവസ്ഥയിലായി. തുടർന്ന് പല ജോലികളെപ്പറ്റിയും ചിന്തിച്ചു. എന്നാൽ പ്രതിഫലം വളരെ കുറവായതിനാൽ വേണ്ടെന്നുവച്ചു. തുടർന്നാണ് പ്ലഷർ വിവാഹത്തിലേക്ക് എത്തിപ്പെട്ടത്.


ഇരുപത്തി അയ്യായിരം മുതൽ നാൽപ്പതിനായിരം രൂപവരെ ഓരോ വിവാഹത്തിൽ നിന്നും ലഭിക്കും. എന്നാൽ ഇത്തരമൊരു ജോലിയാണ് താൻ ചെയ്യുന്നതെന്ന് കുടുംബാംഗങ്ങൾക്കൊന്നും അറിയില്ലെന്നും അവരതറിഞ്ഞാൽ താൻ മരിച്ചുകളയുമെന്ന് യുവതി പറയുന്നു.

താൻ കുറഞ്ഞത് ഇരുപത് തവണയെങ്കിലും വിവാഹിതയായിട്ടുണ്ടെന്ന് നിസ എന്ന യുവതി പറയുന്നു. ഇപ്പോൾ അതെല്ലാം നിർത്തി. ഇന്തോനേഷ്യൻ ഇമിഗ്രേഷൻ ഓഫീസറെ വിവാഹം കഴിച്ച് സന്തുഷ്ട ജീവിതം നയിക്കുന്നു. ഇനിയൊരിക്കലും പഴയ ജീവിതത്തിലേക്ക് തിരിച്ചുപോകില്ലെന്ന് നിസ പറയുന്നു.


പതിറ്റാണ്ടുകൾക്ക് മുമ്പേ അറിഞ്ഞു

മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് പ്രഷർ വിവാഹത്തെപ്പറ്റി അറിഞ്ഞെന്ന് ഇന്തോനേഷ്യൻ സംരംഭകനായ ബുഡി പ്രിയാന പറയുന്നു. പശ്ചിമേഷ്യൻ വിനോദസഞ്ചാരികൾ താത്കാലിക വധുക്കളെ കണ്ടെത്തുന്നതിന് സഹായം തേടിയപ്പോഴായിരുന്നു ഇത്. കുറച്ച് കാലത്തിന് ശേഷം ഇത്തരത്തിലുള്ള വിവാഹങ്ങൾ നടത്താൻ ബ്രോക്കർമാർ വന്നു.

marriage

അടുത്ത കാലത്തായി തനിക്കറിയാവുന്ന ഏജന്റുമാർ തങ്ങളുടെ ബിസിനസ് വിപുലപ്പെടുത്തുന്നത് കണ്ടിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. ചിലർ പ്രതിമാസം 25 വിവാഹങ്ങൾ വരെ നടത്തി. സ്ത്രീകളെ സംരക്ഷിക്കുന്നതിനും തൊഴിൽ കണ്ടെത്തുന്നതിൽ അവരെ സഹായിക്കുന്നതിനും താൻ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് അമ്പത്തിയഞ്ചുകാരനായ ബുഡി പ്രിയാന ഊന്നിപ്പറഞ്ഞു.

'ഇത്തരത്തിലുള്ള കോൺട്രാക്റ്റ് വിവാഹങ്ങൾക്ക് വരനെ കണ്ടെത്തിത്തരണമെന്ന് ആവശ്യപ്പെട്ട് പുതിയ കുറേ പെൺകുട്ടികൾ ബന്ധപ്പെടാറുണ്ട്. ഞാൻ ഏജന്റ് അല്ലെന്ന് അവർക്ക് മറുപടി നൽകും. അവരുടെ സാമ്പത്തിക നില വളരെ മോശമാണ്. വേറെ ജോലിയൊന്നും കിട്ടുന്നുമില്ല. അതാണ് ഇങ്ങനെയൊരു ജോലിക്കിറങ്ങുന്നത്.'- അദ്ദേഹം പറഞ്ഞു.


ആശങ്കകൾ

ഇത്തരത്തിലുള്ള താത്ക്കാലിക വിവാഹങ്ങളിലൂടെ ദരിദ്രരായ പെൺകുട്ടികളെ ചൂഷണം ചെയ്യുകയും സെക്സ് ടൂറിസത്തെ പ്രോത്സാഹിപ്പിക്കുകയുമല്ലേ ചെയ്യുന്നതെന്ന ചോദ്യമുയർന്നിട്ടുണ്ട്. കൂടാതെ, ഈ താൽക്കാലിക വിവാഹങ്ങൾ ഇന്തോനേഷ്യൻ നിയമപ്രകാരം തെറ്റാണ്. 19 വയസാണ് അവിടെ വിവാഹപ്രായം.


ദൃഢവും ശാശ്വതവുമായ കുടുംബബന്ധം സ്ഥാപിക്കുക എന്ന അടിസ്ഥാന ആശയത്തിന് ഇത്തരം വിവാഹങ്ങൾ എതിരാണ്. നിയമങ്ങൾ ലംഘിച്ചാൽ പിഴകൾ, ജയിൽവാസം, സാമൂഹികമോ മതപരമോ ആയ പ്രത്യാഘാതങ്ങൾ എന്നിവയും നേരിടേണ്ടി വരും.

TAGS: PLEASURE MARRIAGES, INDONESIAN WOMAN, TOURISTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.