
ടെഹ്‌റാൻ: സമാധാനം പുലരണമെന്ന് ലോകരാജ്യങ്ങൾ ആവശ്യപ്പെടുമ്പോഴും പശ്ചിമേഷ്യയിൽ സംഘർഷം വരിഞ്ഞുമുറുകുന്നു. ഗൾഫ് രാജ്യങ്ങളിലേക്ക് ഇറാൻ ആക്രമണം കടുപ്പിച്ചതും, ഇറാനെ ഉന്മൂലനം ചെയ്യുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പും ആശങ്ക വർദ്ധിപ്പിച്ചു.
യു.എസ്-ഇസ്രയേൽ ആക്രമണത്തിൽ ഇറാനിലെ നതാൻസ് ആണവ കേന്ദ്രത്തിന് നാശനഷ്ടമുണ്ടായതും ആശങ്ക ഇരട്ടിയാക്കി. എന്നാൽ റേഡിയേഷൻ ചോർച്ചയില്ലെന്നാണ് വിവരം. ആക്രമണം ആഴ്ചകളോളം നീളുമെന്ന് ഇസ്രയേലും വ്യക്തമാക്കി. ഗൾഫ് മേഖലയിൽ ഇറാന്റെ ആക്രമണം അതിതീവ്രമായി തുടരുകയാണ്. ഹോർമുസ് കടലിടുക്ക് മറികടക്കുന്ന കപ്പലുകൾ തകർക്കുമെന്ന് മുന്നറിയിപ്പ് നൽകി. ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ സൗദി അറേബ്യയിലെ റിയാദിലുള്ള യു.എസ് എംബസിയ്‌ക്ക് തീപിടിച്ചു. തുടർന്ന് ഇവിടവും കുവൈറ്റിലെ എംബസിയും യു.എസ് അടച്ചു. റിയാദ്, ജിദ്ദ, ദഹ്രാൻ എന്നിവിടങ്ങളിലെ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി.
ഇറാക്കിലെ എംബസി ജീവനക്കാരോട് രാജ്യം വിടണമെന്നും ബാഗ്‌ദാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകരുതെന്നും നിർദ്ദേശിച്ചു. പിന്നാലെ ഇതിലും വലിയ ആക്രമണങ്ങൾ കാണാനിരിക്കുന്നതേയുള്ളു എന്ന മുന്നറിയിപ്പുമായി ട്രംപ് രംഗത്തെത്തി. 500ലേറെ അമേരിക്കൻ, ഇസ്രയേലി കേന്ദ്രങ്ങൾ ആക്രമിച്ചെന്നാണ് ഇറാന്റെ അവകാശവാദം. ഗൾഫ് മേഖലയിൽ മാത്രം ഇന്ത്യക്കാരടക്കം 12 പേർ കൊല്ലപ്പെട്ടു.
ഇറാനിൽ മരണം 700 കടന്നു
ഇറാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 700 കടന്നു.
153 നഗരങ്ങളിലായി 500ലേറെ കേന്ദ്രങ്ങളിൽ ബോംബിട്ടി.
കെട്ടിടാവശിഷ്ടങ്ങൾക്കിടെ ആളുകൾ കുടുങ്ങിക്കിടക്കുന്നു
ബുഷെഹറിൽ അഞ്ച് റെവല്യൂഷണറി ഗാർഡ് അംഗങ്ങൾ കൊല്ലപ്പെട്ടു.
ലെബനനിൽ ഹിസ്ബുള്ള ഗ്രൂപ്പിനെതിരെയുള്ള ഇസ്രയേലിന്റെ ആക്രമണത്തിൽ മരണം 50 കടന്നു.
# നീണ്ട യുദ്ധത്തെ നേരിടാൻ തയ്യാറാണ്.
- അലി ലാരിജാനി, നാഷണൽ സെക്യൂരിറ്റി കൗൺസിൽ, ഇറാൻ
# അവർ (ഇറാൻ) ചർച്ച ആഗ്രഹിക്കുന്നു. പക്ഷേ വൈകിപ്പോയി.
- ഡൊണാൾഡ് ട്രംപ്, യു.എസ് പ്രസിഡന്റ്,
'അദൃശ്യ വനിത'യും
കൊല്ലപ്പെട്ടു
ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ ഭാര്യ മൻസൂരേ ഖോജസ്‌തേ ബാഗർസാദേയും (79) മരണത്തിന് കീഴടങ്ങി. ശനിയാഴ്ച, ഖമനേയിയുടെ ജീവനെടുത്ത വ്യോമാക്രമണത്തിൽ മൻസൂരേയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. തിങ്കളാഴ്ചയായിരുന്നു മരണം. ഖമനേയി- മൻസൂരേ ദമ്പതികളുടെ മകളും മരുമകനും ചെറുമകനും ഒരു മരുമകളും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. പൊതുവേദികളിൽ അപൂർവ്വമായേ പ്രത്യക്ഷപ്പെടാറുള്ളു എന്നതിനാൽ ഇറാനിലെ 'അദൃശ്യ വനിത ' എന്നാണ് ലോക മാദ്ധ്യമങ്ങൾ മൻസൂരേയെ വിശേഷിപ്പിക്കുന്നത്. ഖമനേയി പ്രസിഡന്റായപ്പോഴും പരമോന്നത നേതാവായപ്പോഴും മൻസൂരേയ്ക്ക് ഔദ്യോഗിക ഓഫീസോ പദവികളോ ഇല്ലായിരുന്നു. 1964ലാണ് ഇരുവരുടെയും വിവാഹം. നാല് ആൺമക്കളും രണ്ട് പെൺമക്കളുമാണുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |