അബുദാബി: റംസാൻ ആചരിക്കാനുള്ള കാത്തിരിപ്പിലാണ് ലോകമെമ്പാടുമുള്ള വിശ്വാസികൾ. പുണ്യമാസത്തിൽ വ്രതശുദ്ധിയോടെ പ്രാർത്ഥനാനിരതരാകാനും ദാനകർമ്മങ്ങൾ പോലുള്ള പുണ്യപ്രവർത്തികൾ ചെയ്യാനുമാണ് വിശ്വാസികൾ ശ്രമിക്കുന്നത്. ഈ കാലയളവിൽ ഗൾഫിലുള്ള പ്രവാസികൾ നാട്ടിലേയ്ക്ക് സമ്മാനങ്ങളും പണവും അയച്ചുനൽകാറുമുണ്ട്. ഇപ്പോഴിതാ പ്രവാസികൾ അടക്കമുള്ള യുഎഇ നിവാസികൾക്ക് കോളടിച്ചിരിക്കുകയാണ്. ദുബായ് ഗോൾഡ് സൂക്ക് എക്സ്റ്റൻഷനിലൂടെ ഓരോ ആഴ്‌ചയും 50,000 ദിർഹം (11,89,825 രൂപ) മൂല്യമുള്ള സമ്മാനങ്ങൾ നേടാനുള്ള അവസരമാണ് ഒരുങ്ങുന്നത്.
ഷോപ്പിംഗ് ക്യാമ്പയിനിന്റെ ഭാഗമായി ഇന്നലെ ഒരു 'സ്വർണ നിലവറ' തുറന്നിരുന്നു. എല്ലാ ആഴ്‌ചയും ഈ നിലവറ തുറക്കുകയും ഭാഗ്യശാലികൾക്ക് സമ്മാനം നൽകുകയും ചെയ്യും. മാർച്ച് ഒന്ന് മുതൽ ഏപ്രിൽ ആറുവരെയാണ് പരിപാടി നടക്കുന്നത്. സ്വർണം, ആഭരണം, വാച്ച് റീട്ടെയിലർമാരിൽ 500 ദിർഹമോ (11,888.30 രൂപ) അതിലധികമോ ചെലഴിക്കുന്നവർക്കാണ് നറുക്കെടുപ്പിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കുക. നറുക്കെടുപ്പിൽ പങ്കെടുക്കുന്നതിനായി സ്റ്റോറുകളിൽ സ്ഥാപിച്ചിട്ടുള്ള ക്യുആർ കോഡ് സ്‌കാൻ ചെയ്ത് ഇൻവോയിസ് അപ്‌ലോഡ് ചെയ്യണം. തുടർന്ന് നറുക്കെടുപ്പിൽ പങ്കെടുക്കണം. 180 സ്റ്റോറുകളിലാണ് ഇത്തരത്തിൽ ക്യുആർ കോഡുകൾ സ്ഥാപിച്ചിട്ടുള്ളത്.
സമ്മാനങ്ങൾക്ക് പുറമെ തിരഞ്ഞെടുക്കപ്പെട്ട സ്റ്റോറുകളിൽ ഷോപ്പിംഗ് ചെയ്യുന്നവർക്ക് 50 ശതമാനം ഡിസ്‌കൗണ്ടും ലഭിക്കും. തനിഷ്‌ക്, മലബാർ ഗോൾഡ്, ജോയ് ആലുക്കാസ് തുടങ്ങിയ ജ്വല്ലറി ബ്രാൻഡുകളും 90ലധികം പെർഫ്യൂം റീട്ടെയിലർമാരും നറുക്കെടുപ്പിന്റെ ഭാഗമാകുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |