ലാഹോര്‍: ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ഏകദിന, ട്വന്റി 20 ഫോര്‍മാറ്റുകളിലെ നായക സ്ഥാനം ഒഴിഞ്ഞ് സൂപ്പര്‍താരം ജോസ് ബട്‌ലര്‍. ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് സെമി കാണാതെ ടീം പുറത്തായതിന് പിന്നാലെയാണ് ബട്‌ലര്‍ സ്ഥാനമൊഴിഞ്ഞത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരം വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ നായകനെന്ന നിലയില്‍ തന്റെ അവസാന മത്സരമായിരിക്കുമെന്ന് ബട്‌ലര്‍ അറിയിച്ചു. ശനിയാഴ്ചയാണ് ദക്ഷിണാഫ്രിക്ക - ഇംഗ്ലണ്ട് മത്സരം.
ടൂര്‍ണമെന്റില്‍ ഓസ്‌ട്രേലിയയോടും അഫ്ഗാനിസ്ഥാനോടും തോല്‍വി വഴങ്ങിയതോടെയാണ് ഇംഗ്ലണ്ട് പുറത്തായത്. ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് ഇന്ത്യക്കെതിരെ നടന്ന ഏകദിന, ടി20 പരമ്പരകളില്‍ ഇംഗ്ലണ്ട് ദയനീയമായി തോറ്റിരുന്നു. ടി20 പരമ്പര 4-1 (5)നും ഏകദിന പരമ്പര 3-0ന് സമ്പൂര്‍ണ തോല്‍വിയുമാണ് ബട്‌ലറും സംഘവും വഴങ്ങിയത്. 'ഇംഗ്ലണ്ട് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് പടിയിറങ്ങുകയാണ്. എന്നെ സംബന്ധിച്ചും ടീമിനെ സംബന്ധിച്ചും ശരിയായ തീരുമാനമാണിത്' -മുപ്പത്തിനാലുകാരനായ ബട്ലര്‍ പറഞ്ഞു.
2022ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പില്‍ ബട്‌ലര്‍ ഇംഗ്ലണ്ടിനെ ചാമ്പ്യന്‍മാരാക്കിയിരുന്നു. 2023ല്‍ ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പില്‍ ചാമ്പ്യന്‍മാരുടെ പകിട്ടുമായി എത്തിയ ഇംഗ്ലണ്ട് സെമി പോലും കാണാതെയാണ് മടങ്ങിയത്. കഴിഞ്ഞ വര്‍ഷം വെസ്റ്റിന്‍ഡീസില്‍ നടന്ന ട്വന്റി 20 ലോകകപ്പില്‍ സെമിയില്‍ ഇന്ത്യയോട് തോറ്റ് ടീം പുറത്തായിരുന്നു. 2022ല്‍ അന്നത്തെ നായകന്‍ ഒയിന്‍ മോര്‍ഗന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് പിന്നാലെയാണ് ബട്‌ലര്‍ ഇംഗ്ലണ്ടിന്റെ വൈറ്റ് ബോള്‍ നായകനായി സ്ഥാനമേറ്റത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |