ചെന്നൈ: 60 കോടിയുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിൽ നടിമാരായ തമന്ന ഭാട്ടിയ,കാജൽ അഗർവാൾ എന്നിവരെ ചോദ്യം ചെയ്യാൻ പുതുച്ചേരി പൊലീസ്. ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് പണംതട്ടിയെന്ന് ആരോപിച്ച് വിരമിച്ച സൈനിക ഉദ്യോഗസ്ഥൻ നൽകിയ പരാതിയിലാണിത്. തന്റേയും മറ്റ് പത്തുപേരുടേയും 2.40 കോടി തട്ടിയെടുത്തുവെന്നും പരാതിയിലുണ്ട്.
2022ൽ കോയമ്പത്തൂർ ആസ്ഥാനമായി ആരംഭിച്ച കമ്പനിക്കെതിരേയാണ് കേസ്. കമ്പനിയുടെ ഉദ്ഘാടനത്തിൽ തമ്മന്നയടക്കം നിരവധി സെലിബ്രിറ്റികൾ പങ്കെടുത്തിരുന്നു. മഹാബലിപുരത്തെ ഹോട്ടലിൽ നടന്ന പരിപാടിയിൽ കാജലും പങ്കെടുത്തു. മുംബയിൽ പാർട്ടി നടത്തി ആയിരക്കണക്കിന് നിക്ഷേപകരിൽ നിന്ന് കമ്പനി പണം സ്വരൂപിച്ചതായും പൊലീസ് കണ്ടെത്തി. ഇതുവരെയുള്ള അന്വേഷണത്തിൽ രണ്ടുപേരെ പുതുച്ചേരി പൊലീസ് അറസ്റ്റുചെയ്തു. നിതീഷ് ജെയിൻ (36),അരവിന്ദ് കുമാർ (40) എന്നിവരാണ് അറസ്റ്റിലായത്. തമന്നയേയും കാജലിനേയും ചോദ്യംചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്.
ഓൺലൈെൻ പരസ്യം കണ്ടാണ് താൻ കമ്പനിയിൽ പണം നിക്ഷേപിച്ചതെന്ന് വിരമിച്ച സൈനിക ഉദ്യോഗസ്ഥനായ അശോകൻ പരാതിയിൽ പറയുന്നു. കമ്പനിയുമായി ബന്ധപ്പെട്ട ഒരാളുമായുള്ള ചർച്ചയ്ക്ക് ശേഷം 10 ലക്ഷം ആദ്യഘട്ടമായി നിക്ഷേപിച്ചു. വിരമിച്ചപ്പോൾ ലഭിച്ച പണമടക്കമായിരുന്നു നിക്ഷേപിച്ചത്. തമന്ന പങ്കെടുത്ത ഉദ്ഘാടന പരിപാടിയിലേക്ക് അശോകനും ക്ഷണം ലഭിച്ചിരുന്നു. പരിപാടിയിൽ പങ്കെടുത്ത സെലിബ്രിറ്റികളുടെ വാക്കുകൾ വിശ്വാസത്തിലെടുത്ത് നിക്ഷേപം ഒരു കോടിയായി വർദ്ധിപ്പിച്ചു. പത്ത് സുഹൃത്തുക്കളെക്കൊണ്ട് 2.4 കോടിയും കമ്പനിയിൽ നിക്ഷേപിപ്പിച്ചു.
മാസങ്ങൾക്ക് ശേഷം കാജൽ പങ്കെടുത്ത മഹാബലിപുരത്തെ പരിപാടിയിലേക്കും കമ്പനി അശോകനെ ക്ഷണിച്ചു. ഈ പരിപാടിയിൽവച്ച് നൂറോളം നിക്ഷേപകർക്ക് പത്തുലക്ഷം മുതൽ ഒരു കോടിവരെ വിലയുള്ള കാറുകൾ സമ്മാനമായി നൽകി. അശോകൻ ആവശ്യപ്പെട്ടതുപ്രകാരം കാറിന് പകരം കമ്പനി എട്ടുലക്ഷം നൽകിയിരുന്നു.
പ്രചരിക്കുന്ന വാർത്തകൾ ശരിയല്ല
തനിക്കെതിരെ പ്രചരിക്കുന്ന വാർത്തകൾ ശരിയല്ലെന്ന് തമന്ന. വാർത്തകൾ വ്യാജമാണെന്നും ഇത്തരം തെറ്റായ റിപ്പോർട്ടുകൾ പ്രചരിപ്പിക്കരുതെന്നും അവർ പറഞ്ഞു. ഇത് സംബന്ധിച്ച് നിയമനടപടിയടക്കമുള്ള കാര്യങ്ങൾ സ്വീകരിക്കണോ എന്നത് സംബന്ധിച്ച് പരിശോധന നടത്തുകയാണെന്നും നടി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |