
ബംഗളൂരു: വഴിയാത്രക്കാരിയായ യുവതിയെ റോട്ട്‌വീലർ നായ്ക്കൾ കടിച്ചുകൊന്നു. കർണാടകയിലെ ദാവണഗരെയുടെ പ്രാന്തപ്രദേശത്തുള്ള ഹൊന്നൂർ ഗൊല്ലരഹട്ടി ഗ്രാമത്തിൽ കഴിഞ്ഞദിവസം വൈകുന്നേരത്തോടെയായിരുന്നു സംഭവം. മുപ്പത്തെട്ടുകാരി അനിത ഹാലേഷ് ആണ് ക്രൂരമായി കൊല്ലപ്പെട്ടത്.
രാത്രി പതിനൊന്നുമണിയോടെ മാതാപിതാക്കളുടെ വീട്ടിലേക്ക് വരുമ്പോഴായിരുന്നു നായ്ക്കൾ ആക്രമിച്ചത്. പാഞ്ഞടുത്ത നായ്ക്കൾ അനിതയെ ആക്രമിക്കുകയായിരുന്നു. ശരീരമാസകലം കടിയേറ്റു. തുടകളിലും കഴുത്തിലും ഉൾപ്പെടെ അമ്പതിലധികം ഭാഗത്ത് മാരകമായി മുറിവേറ്റിരുന്നു.സംഭവം കണ്ട നാട്ടുകാർ ഏറെ പണിപ്പെട്ട് നായ്ക്കളെ ആട്ടിയകറ്റി അനിതയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഓട്ടോറിക്ഷയിൽ വന്ന രണ്ടുപേരാണ് നായ്ക്കളെ റോഡുവക്കിൽ ഇറക്കിവിട്ടതെന്നാണ് നാട്ടുകാർ പറയുന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രതിഷേധവുമായി എത്തിയ നാട്ടുകാരിൽ ചിലർ നായ്ക്കളെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. നായ്ക്കളെ റോഡിൽ ഇറക്കിവിട്ടവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. നായ്ക്കളെ ഉപേക്ഷിച്ചവരെ കണ്ടെത്താൻ ശ്രമിക്കുകയാണെന്നും ഇവർ എന്തിനാണ് ഇവയെ ഉപേക്ഷിച്ചതെന്ന് വ്യക്തമല്ലെന്നുമാണ് പൊലീസ് പറയുന്നത്. സംഭവ സ്ഥലത്തെയും സമീപത്തെയും സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അതിനിടെ, സംഭവത്തിൽ ദുരൂഹത ആരോപിച്ച് അനിതയുടെ സഹോദരൻ രംഗത്തെത്തിയിട്ടുണ്ട്. എല്ലാ കാര്യങ്ങളെക്കുറിച്ചും അന്വേഷിച്ച് കുറ്റക്കാരെ ഉടൻ കണ്ടെത്തണമെന്നാണ് സഹോദരൻ പറയുന്നത്. ഏറ്റവും അപകടകാരികളായ നായകളാണ് റോട്ട്‌വീലർ ഇനം. ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ ഇവ വളർത്തുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |