ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നേര്‍ക്കുനേരുണ്ടായ സൈനിക നടപടികളില്‍ ലോക രാജ്യങ്ങളില്‍ നല്ലൊരു പങ്കും ഇന്ത്യക്കൊപ്പമായിരുന്നു. തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അമേരിക്ക, റഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വരെ രംഗത്ത് വന്നിരുന്നു. എന്നാല്‍ പരസ്യമായി പാകിസ്ഥാന് പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് തുര്‍ക്കി. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജ്യത്ത് ഭൂകമ്പം വലിയ നാശംവിതച്ചപ്പോള്‍ സഹായവുമായി ഓടിയെത്തിയ ഇന്ത്യക്കെതിരെ തുര്‍ക്കി ഇത്തരമൊരു നിലപാട് സ്വീകരിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.
ഇന്ത്യക്കെതിരെ പരസ്യമായി നിലപാട് പ്രഖ്യാപിച്ചുവെന്ന് മാത്രമല്ല, ഇന്ത്യയെ ആക്രമിക്കാന്‍ പാകിസ്ഥാന് തദ്ദേശീയമായി തങ്ങള്‍ വികസിപ്പിച്ച ഡ്രോണുകള്‍ തുര്‍ക്കി കൈമാറുകയും ചെയ്തു. ഇത് പിന്നീട് ഇന്ത്യ സ്ഥിരീകരിക്കുകയും ചെയ്തു. ഇതിന് പിന്നാലെ തുര്‍ക്കിയെ ബഹിഷികരിക്കാനുള്ള ക്യാമ്പയിനുകള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ പിന്തുണ നേടുകയുമാണ്. തുര്‍ക്കി വിരുദ്ധ വികാരം ഇന്ത്യയില്‍ ഓരോ നിമിഷവും ശക്തിപ്രാപിക്കുകയാണെന്നതാണ് സ്ഥിതി.
ഇപ്പോഴിതാ ഇന്ത്യയില്‍ പ്രധാന നഗരങ്ങളിലേതുള്‍പ്പെടെയുള്ള വിമാനത്താവളങ്ങളിലെ തുര്‍ക്കിയുടെ സാന്നിദ്ധ്യമാണ് ആശങ്കയ്ക്ക് വഴിവയ്ക്കുന്നത്. ന്യൂഡല്‍ഹി, മുംബയ്, ചെന്നൈ എന്നീ മെട്രോ നഗരങ്ങളിലേതുള്‍പ്പെടെ ഇന്ത്യയിലെ എട്ട് വിമാനത്താവളങ്ങളിലെ സുരക്ഷാ സംബന്ധമായ ജോലികള്‍ ചെയ്യുന്നത് തുര്‍ക്കിഷ് കമ്പനിയായ സെലിബി ഏവിയേഷനായിരുന്നു ഇതില്‍ നല്ലൊരു വിഭാഗം യാത്രക്കാരും ആശങ്ക പങ്കുവച്ചതോടെ കടുത്ത തീരുമാനമെടുത്തിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.
രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളില്‍ ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് നടത്തുന്ന ഈ കമ്പനിയെ വിലക്കിയിരിക്കുകയാണിപ്പോള്‍. കേന്ദ്രവ്യോമയാനമന്ത്രാലയം ഇത് സംബന്ധിച്ച് ഉത്തരവിറക്കി. കമ്പനിയുടെ ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗിനുള്ള സുരക്ഷാ ക്ലിയറന്‍സ് റദ്ദാക്കി. കേരളത്തില്‍ കൊച്ചി, കണ്ണൂര്‍ അടക്കമുള്ള വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് തുര്‍ക്കിയില്‍ നിന്നുള്ള ഈ കമ്പനിയാണ് കൈകാര്യം ചെയ്തിരുന്നത്.
ഇന്ത്യയില്‍ പ്രതിവര്‍ഷം 58,000 വിമാന സര്‍വീസുകള്‍ കമ്പനി കൈകാര്യം ചെയ്യുന്നതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ്, കാര്‍ഗോ മാനേജ്മെന്റ് അടക്കമുള്ള ജോലികളാണ് കമ്പനി കൈകാര്യം ചെയ്യുന്നത്. വിമാനത്താവളങ്ങളിലെ ഉയര്‍ന്ന സുരക്ഷാ മേഖലകളായ എയര്‍സൈഡ് സോണുകളില്‍ കമ്പനിയുടെ ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നു, കൂടാതെ വിമാനങ്ങളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്യുന്നു. അന്താരാഷ്ട്ര വിമാനങ്ങളില്‍ കാര്‍ഗോ ലോജിസ്റ്റിക്‌സും യാത്രക്കാരുടെ ബാഗേജും സെലബി ജീവനക്കാര്‍ കൈകാര്യം ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |