കണ്ണൂർ: ഗോവിന്ദച്ചാമി ജയിൽ ചാടിയത് മാസങ്ങൾ നീണ്ട മുന്നൊരുക്കത്തിനുശേഷം. ആഹാരം കഴിക്കുന്നത് കുറച്ച് ശരീരഭാരം കുറച്ചതും മതിൽ ചാടാൻ തുണികൾ ശേഖരിച്ചതും സെല്ലിലെ കടുപ്പമേറിയ കമ്പികൾ ദ്രവിപ്പിച്ചശേഷം മുറിച്ചുമാറ്റിയതും ജയിൽ ഉദ്യോഗസ്ഥർ ആരും അറിഞ്ഞതേയില്ല. കൊടുംക്രിമിനലുകളെ പാർപ്പിച്ചിരിക്കുന്ന കണ്ണൂർ സെൻട്രൽ ജയിലിലെ ഗുരുതരമായ സുരക്ഷാ വീഴ്ച മുതലാക്കിയാണ് ഗോവിന്ദച്ചാമി പുറത്തുകടന്നത്. ഇതിന് പുറത്തുനിന്നും ജയിലിന് ഉള്ളിൽ നിന്നും വ്യക്തമായ സഹായങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് സംശയവും ഉയരുന്നുണ്ട്.
പിടിയിലാകുമ്പോൾ ഗോവിന്ദച്ചാമിയുടെ പക്കൽ ആയുധങ്ങൾ ഉണ്ടായിരുന്നു എന്ന് പൊലീസ് പറയുന്നത്. ഇവ എവിടെ നിന്ന് കിട്ടിയെന്ന് കണ്ടെത്തേണ്ടതുണ്ട്. ജയിനുളളിൽ ചിലരാണ് ഇത് നൽകിയതെന്നും കേൾക്കുന്നുണ്ട്. സെല്ലിലെ കമ്പി ചെറുതായി മുറിച്ചശേഷം ഉപ്പുപയോഗിച്ച് ദ്രവിപ്പിക്കുകയായിരുന്നു എന്നാണ് ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ട്. ഇതിനെല്ലാം മാസങ്ങൾ വേണം. ഇത്രസമയമെടുത്ത് അതി വിദഗ്ദ്ധമായി ജയിൽ ചാട്ടം ആസൂത്രണം ചെയ്തെങ്കിലും ഒരിക്കൽപ്പോലും അത് കണ്ടുപിടിക്കാനോ സംശയം തോന്നി സെൽ പരിശോധിക്കാനോ ആരും തയ്യാറായില്ല എന്നതാണ് ഏറെ ഞെട്ടിപ്പിക്കുന്നത്.
സെല്ലിൽ വെളിച്ചമില്ല
ഗോവിന്ദച്ചാമിയെ പാർപ്പിച്ചിരുന്ന സെൽമുറിയിൽ ആവശ്യത്തിന് വെളിച്ചമുണ്ടായിരുന്നില്ല എന്നാണ് റിപ്പോർട്ടുകൾ. ഇത് കൊടും ക്രിമിനലായ ഗോവിന്ദച്ചാമി അവസരമാക്കി. എന്തിനും മടിക്കാത്ത ക്രിമിനലിനെ പാർപ്പിച്ചിരിക്കുന്ന സെല്ലിൽ വെളിച്ചമെത്തിക്കാനുള്ള ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല എന്നതും സുരക്ഷാവീഴ്ചയാണ്.
കൃത്യമായ മെനുവും അളവും അനുസരിച്ചാണ് തടവുകാർക്ക് ഭക്ഷണം നൽകുന്നത്. ഒരു തടവുകാരൻ ഭക്ഷണം കഴിക്കാതിരിക്കുകയാേ, കഴിക്കുന്നതിൽ കുറവുവരുത്തുകയോ, ചില വിഭവങ്ങൾ ഒഴിവാക്കുകയോ ചെയ്താൽ ജയിൽ വാർഡന്മാർ ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധയിൽ അത് എത്തും. എന്നാൽ ഗോവിന്ദച്ചാമിയുടെ കാര്യത്തിൽ അതുണ്ടായില്ല എന്നുവേണം കരുതാൻ. ചോറ് ഒഴിവാക്കി ചപ്പാത്തി മാത്രമായിരുന്നു അയാൾ ആഴ്ചകളായി കഴിച്ചിരുന്നത്. ശരീരത്തിന്റെ വണ്ണം കുറച്ച് രണ്ട് കമ്പികൾ മുറിച്ചുമാറ്റിയ ചെറിയ വിടവിലൂടെ പുറത്തുകടക്കാൻ വേണ്ടിയായിരുന്നു ഇതെന്നാണ് കരുതുന്നത്.
ഇലക്ട്രിക് ഫെൻസിംഗ് ഓഫായതോ ഓഫാക്കിയതോ?
ജയിൽ ചാട്ടം പൂർണമായി ഇല്ലതാക്കാനാണ് സെൻട്രൽ ജയിൽ വളപ്പുകളിലെ മതിലിനുമുകളിൽ ഇലക്ട്രിക് ഫെൻസിംഗ് സ്ഥാപിച്ചത്. തീവ്രത കുറഞ്ഞ കറണ്ട് ദിവസം മുഴുവൻ ഇതിലുണ്ടാവും. ഇതിൽ ഒരാൾ സ്പർശിക്കാൻ ഇടയായാൽ അയാൾക്ക് ശക്തമായി ഷോക്കേൽക്കും. എന്നാൽ ജീവഹാനി ഉണ്ടാവില്ല. ഈ ഇലക്ട്രിക് ഫെൻസിംഗിന് മുകളിലൂടെ തുണികൾ കൂട്ടിക്കെട്ടിയുണ്ടാക്കിയ വടം എറിഞ്ഞാണ് ഗോവിന്ദച്ചാമി പുറത്തുകടന്നത്. ഈ സമയം ഫെൻസിംഗിൽ വൈദ്യുതി ഉണ്ടായിരുന്നില്ലെന്നാണ് അറിയുന്നത്. കറണ്ടുപോയാൽ പകരം സംവിധാനം ഒരുക്കാൻ ജനറേറ്റർ സംവിധാനങ്ങൾ ജയിൽ ഉണ്ടാവണം. കണ്ണൂർ ജയിൽ ജനറേറ്റർ ഉണ്ടായിരുന്നോ, അത് പ്രവർത്തിച്ചിരുന്നോ എന്നകാര്യം ഇനി പുറത്തുവരേണ്ടതുണ്ട്.
സിസിടിവിയുണ്ട്, പക്ഷേ
കേരളത്തിലെ ഏറ്റവും വലിയ ജയിലുകളിൽ ഒന്നാണ് കണ്ണൂർ. പരിസരം പൂർണമായി സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തിലാണ്. ക്യാമറാ ദൃശ്യങ്ങൾ നിരീക്ഷിക്കാൻ എല്ലാ പ്രധാന ജയിലുകളിലും പ്രത്യേക മുറിയും ജീവനക്കാരുമുണ്ട്. ഇവരുടെ കണ്ണിൽപ്പെടാതെ ഒരു ഈച്ചയ്ക്കുപോലും ജയിൽ വളപ്പിൽ കയറാനോ പുറത്തുപോകാനോ ആവില്ല. എന്നാൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ സിസിടിവി മോണിറ്ററിംഗ് ഉണ്ടാവാറില്ലെന്നാണ് മുൻ ജയിൽ ഉദ്യോഗസ്ഥർ ഉൾപ്പെടെ ചൂണ്ടിക്കാണിക്കുന്നത്. കേടായ സിസിടിവികൾ പോലും സമയത്തിന് നന്നാക്കാറില്ലെന്നത് മറ്റൊരു സത്യം.
വാച്ച് ടവറിൽ ആളുകേറാൻ പറ്റില്ല
ചോർന്നൊലിക്കുന്നതിനാൽ കണ്ണൂർ സെൻട്രൽ ജയിലിലെ വാച്ച് ടവറിൽ ആളുകേറാൻ വയ്യാത്ത അവസ്ഥയിലാണ്. പൈതൃക കെട്ടിടം കൂടിയായ ജയിൽ കെട്ടിടങ്ങളിലെ അറ്റകുറ്റപ്പണികൾ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പിഡബ്ല്യുഡി വകുപ്പിനെ ബന്ധപ്പെട്ടവർ സമീപിച്ചെങ്കിലും ഇതുവരെ അറ്റകുറ്റപ്പണികളൊന്നും നടത്തിയിട്ടില്ല. വാച്ച് ടവറിൽ ആളില്ലാത്ത കാര്യം തടവുകാർക്ക് അറിയാമെന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു വസ്തുത.
രാത്രി ജയിലിൽ പട്രോളിംഗ് ഉണ്ടാകും. എന്നാൽ പുലർച്ചെ മതിലിൽ കിടന്ന വടം കണ്ടാണ് അധികൃതർ ഓരോ സെല്ലുകളായി പരിശോധിച്ചത്. ഗോവിന്ദച്ചാമി കിടന്നിരുന്ന ബ്ലോക്കിലെത്തിയപ്പോൾ മാത്രമാണ് ചാടിപ്പോയത് ഗോവിന്ദച്ചാമിയാണെന്ന് തിരിച്ചറിഞ്ഞത്. അപ്പോൾ ജയിൽ ചാട്ടം കഴിഞ്ഞ് മൂന്ന് മണിക്കൂർ കഴിഞ്ഞിരുന്നു. തുടർന്ന് ജയിലിന്റെ പരിസരത്തും മറ്റും പരിശോധന നടത്തി. രാവിലെ ആറുമണിയോടെയാണ് ജയിൽചാട്ടം പൊലീസ് സ്ഥിരീകരിച്ചത്. തുടർന്ന് ഏഴ് മണിയോടെ പൊലീസ് സംസ്ഥാനത്താകമാനം വിവരങ്ങൾ കെെമാറി തെരച്ചിൽ ആരംഭിച്ചത്.
ഒറ്റക്കൈകൊണ്ട് എങ്ങനെ
രണ്ടുകൈയുള്ള നല്ല ആരോഗ്യവും മെയ്‌വഴക്കവുമുള്ള ഒരാൾക്കുപോലും ജയിലിലെ പടുകൂറ്റൻ മതിലുകൾ ചാടിക്കടക്കുക ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണ്. അങ്ങനെയിരിക്കെ ഒറ്റക്കൈയനായ ഗോവിന്ദച്ചാമി എങ്ങനെ മതിൽ ചാടിക്കടന്നു എന്നത് ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുകയാണ്. പത്താം ബ്ലോക്കിൽ ഉണ്ടായിരുന്ന കുടിവെള്ള കന്നാസും ഡ്രമ്മുകളും മതിൽ ചാടാൻ ഉപയോഗിച്ചെന്നും സൂചനയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |