
ഹൈദരാബാദ്: ബീഹാറിൽ പരാജയം നേരിടുന്ന കോൺഗ്രസിന് തെക്കൻ മേഖലയിൽ ആശ്വാസ വാർത്ത. തെലങ്കാനയിലെ ജൂബിലി ഹിൽസിലെ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി നവീൻ യാദവ് വിജയിച്ചു. ഹൈദരാബാദിലെ 15 മണ്ഡലങ്ങളില്‍ ഒന്നാണ് ജൂബിലി ഹില്‍സ്. ഇവിടെ നവീൻ യാദവ് 24,729 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) സ്ഥാനാർത്ഥി മാഗന്തി സുനിത ഗോപിനാഥ് 74,259 വോട്ടുകളോടെ രണ്ടാം സ്ഥാനത്താണ്. ബിജെപിയുടെ ദീപക് റെഡ്ഡി ലങ്കാല 17,061 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്താണ്. വിശ്വസമർപ്പിച്ച് വലിയ ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച വോട്ടർമാരോട് നവീൻ യാദവ് നന്ദി പറഞ്ഞു. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ഭരണത്തിനുള്ള അംഗീകാരമാണ് ഈ വിജയമെന്ന് തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ടിപിസിസി) പ്രസിഡന്റ് ബി മഹേഷ്കുമാറും പറഞ്ഞു.
ബിആർഎസ് എംഎൽഎ മാഗന്തി ഗോപിനാഥിന്റെ മരണത്തെതുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടത്തിയത്. മുമ്പ് തെലങ്കാന രാഷ്ട്ര സമിതിയായിരുന്ന പാർട്ടി പിന്നീട് ഭാരത് രാഷ്ട്ര സമിതിയായി മാറുകയായിരുന്നു. മഗാന്ദി ഗോപിനാഥിന്റെ ഭാര്യയാണ് നിലവിലെ സ്ഥാനാർഥിയായ സുനിത. ജൂബിലി ഹിൽസിലും നവംബർ 11നാണ് വോട്ടെടുപ്പ് നടന്നത്. വോട്ടെടുപ്പിൽ 48.49 വോട്ടുകൾ രേഖപ്പെടുത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. ആകെ 4.01 ലക്ഷം വോട്ടർമാരാണ് വോട്ട് രേഖപ്പെടുത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |