
വാഷിംഗ്ടൺ: താൻ ആവിഷ്‌കരിച്ച അന്താരാഷ്ട്ര സംഘടനയായ 'സമാധാന ബോർഡി"ൽ (ബോർഡ് ഒഫ് പീസ്) കാനഡ വേണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബോർഡിൽ ചേരാനായി കാനഡയ്ക്ക് നൽകിയ ക്ഷണം ട്രംപ് പിൻവലിച്ചു. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായുള്ള അഭിപ്രായ ഭിന്നതയാണ് കാരണം.
അമേരിക്കയുടെ നേതൃത്വത്തിലെ ആഗോള ക്രമത്തിൽ വിള്ളലുണ്ടാകുമെന്ന് സ്വിറ്റ്സർലൻഡിലെ ദാവോസിൽ ലോക സാമ്പത്തിക ഉച്ചകോടിയിൽ നടത്തിയ പ്രസംഗത്തിൽ കാർണി പറഞ്ഞിരുന്നു. വൻ ശക്തികൾ സാമ്പത്തിക നയങ്ങളെയും തീരുവകളെയും ആയുധമാക്കുന്നെന്ന് ട്രംപിന്റെ പേരെടുത്ത് പറയാതെ ചൂണ്ടിക്കാട്ടുകയും ചെയ്തു. ഇത് ട്രംപിന് തീരെ രസിച്ചില്ലെന്ന് മാത്രമല്ല, കാനഡയെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
യു.എസ് ഉള്ളതുകൊണ്ടാണ് കാനഡ ജീവിച്ചുപോകുന്നതെന്നും കാർണിയ്ക്ക് നന്ദിയില്ലെന്നും ട്രംപ് പറഞ്ഞു. തങ്ങളുടെ മുന്നേറ്റത്തിന് കാരണം തങ്ങൾ കനേഡിയൻമാർ തന്നെയാണെന്നും അമേരിക്കയല്ലെന്നും കാർണി തിരിച്ചടിച്ചു. പിന്നാലെയാണ് സമാധാന ബോർഡിലേക്കുള്ള ക്ഷണം പിൻവലിക്കുകയാണെന്ന് ട്രംപ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ബോർഡിൽ ചേരുമെന്ന് കാനഡ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, സ്ഥിരാംഗത്വം നേടാനുള്ള 100 കോടി ഡോളർ നൽകില്ലെന്ന് വ്യക്തമാക്കിയിരുന്നു.
# ബോർഡിലേക്ക് ഇല്ലെന്ന് സ്‌പെയിൻ
യു.കെ, ഫ്രാൻസ്, ജർമ്മനി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങൾക്ക് പിന്നാലെ സമാധാന ബോർഡിൽ ചേരില്ലെന്ന് അറിയിച്ച് സ്‌പെയിനും രംഗത്തെത്തി. ഐക്യരാഷ്ട്ര സംഘടനയോടുള്ള (യു.എൻ) രാജ്യത്തിന്റെ പ്രതിബദ്ധത കണക്കിലെടുത്താണ് തീരുമാനം എന്ന് സ്‌പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് വ്യക്തമാക്കി. ബോർഡ് യു.എൻ തത്വങ്ങളെ അട്ടിമറിച്ചേക്കാമെന്ന ആശങ്ക ശക്തമാണ്. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങൾ ക്ഷണത്തോട് പ്രതികരിച്ചിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |