
ബീജിംഗ്: സാധാരണ 100 വയസ് കഴിഞ്ഞവർ ഭക്ഷണ ക്രമങ്ങളിലടക്കം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയായിരിക്കും ജീവിതം മുന്നോട്ടു നയിക്കുന്നത്. എന്നാൽ ചൈനയിലെ ഷെജിയാംഗ് പ്രവിശ്യയിൽ നിന്നുള്ള 101 വയസുള്ള യുക്കിൻ എന്ന മുത്തശ്ശി ഈ പതിവുകളെല്ലാം തിരുത്തിക്കുറിക്കുകയാണ്. പ്രായമായെങ്കിലും പല ചെറുപ്പക്കാരെയും അസൂയപ്പെടുത്തുന്ന ജീവിതമാണ് മുത്തശ്ശി നയിക്കുന്നത്. രാത്രി വൈകി ടിവി കാണുകയും ഇഷ്ടമുള്ള ഭക്ഷണം കഴിക്കുകയും ഒക്കെ ചെയ്യുന്ന മുത്തശ്ശിയുടെ ജീവിതരീതിയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.
രാത്രി രണ്ട് മണി വരെ ടിവി കണ്ടിരിക്കുന്നതാണ് മുത്തശ്ശിയുടെ പ്രധാന ഹോബി. പുലർച്ചെ ഉറങ്ങാൻ പോകുന്ന മുത്തശ്ശി രാവിലെ പത്ത് മണിക്കാണ് ഉറക്കം ഉണരുന്നത്. ഉണർന്നാൽ ഉടൻ കടുപ്പത്തിൽ ഒരു കപ്പ് ഗ്രീൻ ടീ കുടിച്ചായിരിക്കും ആ ദിവസം തുടങ്ങുക. രണ്ടു വർഷം മുമ്പ് കൈക്ക് ഏറ്റ പരിക്കിനെതുടർന്ന് വീട്ടിലെ ജോലികളിൽ നിന്ന് മുത്തശ്ശി വിട്ടുനിൽക്കുകയായിരുന്നു. പകൽ സമയം കൂടുതൽ ഉറങ്ങാൻ തുടങ്ങിയതോടെയാണ് മുത്തശ്ശിയുടെ ഉറക്കത്തിൽ മാറ്റം വന്നത്.
ഭക്ഷണത്തിന്റെ കാര്യത്തിലും മുത്തശ്ശി ഒട്ടും പിന്നിലല്ല. രാത്രി ഒൻപത് മണിക്ക് വിശന്നാൽ ബിസ്ക്കറ്റ്, ചിപ്‌സ് മധുരപലഹാരം എന്നിവയെല്ലാം ആസ്വദിച്ചു കഴിക്കും. 101-ാം വയസിലും പല്ലുകൾ കൊഴിഞ്ഞുപോയിട്ടില്ലെന്നുള്ളതാണ് മുത്തശ്ശിയുടെ മറ്റൊരു പ്രത്യേകത. വയ്പ്പ് പല്ലിന്റെ സഹായമില്ലാതെ ഏത് ആഹാരവും വളരെ സാവധാനം ചവച്ചരച്ച് കഴിക്കാൻ മുത്തശ്ശിക്ക് കഴിയും.
നല്ല ഉറക്കം, സ്ഥിരമായി ഗ്രീൻ ടീ കുടിക്കുന്ന ശീലത്തോടൊപ്പം ജീവിതത്തോടുള്ള അവരുടെ ശുഭാപ്‌തി വിശ്വാസമുള്ള മനോഭാവവമാണ് ദീർഘായുസിന് പിന്നിലെന്ന് മുത്തശ്ശിയുടെ മകൾ പറയുന്നു. ആരോടും വിദ്വേഷം വച്ച് പുലർത്താതെ പെട്ടെന്ന് ദേഷ്യപ്പെടാതിരിക്കുകയും. മനസ് ശാന്തമായി സന്തോഷമായിരുന്നാൽ ആയുസും ആരോഗ്യവും താനേ വരുമെന്ന സന്ദേശമാണ് തന്റെ അമ്മയുടെ ജീവിതം പഠിപ്പിക്കുന്നതെന്നും മകൾ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |