ചണ്ഡീഗഡ്: പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ സർജിക്കൽ സ്‌ട്രൈക്കിന്റെ തെളിവ് ആവശ്യപ്പെട്ട് പഞ്ചാബ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് എംപിയുമായ ചരൺജിത് സിംഗ് ചന്നി. ബിജെപി സർക്കാർ അധികാരത്തിൽ വന്നത് മുതൽ ഇതുവരെ ഇന്ത്യൻ സായുധ സേന നടത്തിയ സർജിക്കൽ സ്ട്രൈക്കുകളുടെ തെളിവാണ് ചരൺജിത് ആവശ്യപ്പെട്ടത്. പിന്നാലെ സംഭവം വലിയ വിവാദമായി.
'സ്ട്രൈക്ക് എവിടെയാണ് നടന്നത്, ആ സമയത്ത് ആളുകൾ എവിടെയാണ് കൊല്ലപ്പെട്ടത്, പാകിസ്ഥാനിൽ എവിടെയാണ് സംഭവിച്ചത് എന്ന് എനിക്കറിയണം. ഇതിനുള്ള തെളിവ് ഞാൻ അന്ന് മുതൽ ആവശ്യപ്പെടുകയാണ്. നമ്മുടെ രാജ്യത്ത് ഒരു ബോംബ് വർഷിച്ചിട്ടുണ്ടെങ്കിൽ അത് നമ്മൾ അറിയില്ലേ? അവർ പറയുന്നത് പാകിസ്ഥാനിൽ സർജിക്കൽ സ്ട്രൈക്ക് നടത്തിയെന്നാണ്. ഒന്നും സംഭവിച്ചിട്ടില്ല. എവിടെയും സർജിക്കൽ സ്ട്രൈക്ക് കണ്ടിട്ടില്ല. ആരും അറിഞ്ഞില്ല. പഹൽഗാം ഭീകരാക്രമണത്തിന്റെ കുറ്റവാളികൾ ആരാണെന്ന് ജനങ്ങളോട് പറയണം. അവരെ ശിക്ഷിക്കണം', ചന്നി ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു.
ചരൺജിത് സിംഗ് ചന്നിയുടെ പരാമർശങ്ങൾക്ക് മറുപടിയായി ഡൽഹി മന്ത്രി മഞ്ജീന്ദർ സിംഗ് സർസ രംഗത്തെത്തി. 'കോൺഗ്രസ് നേതാവിന്റെ പരാമർശം ഗാന്ധി കുടുംബത്തിന്റെ വൃത്തികെട്ട മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നു. ഇന്ത്യൻ വ്യോമസേനയെയും സൈന്യത്തെയും ചോദ്യം ചെയ്യുന്ന കോൺഗ്രസ് പാർട്ടിയുടെയും ഗാന്ധി കുടുംബത്തിന്റെയും രാഹുൽ ഗാന്ധിയുടെയും ഈ മാനസികാവസ്ഥ എന്താണ്?സർജിക്കൽ സ്ട്രൈക്കുകൾ നടത്തി ഇന്ത്യ വളരെയധികം നാശനഷ്ടങ്ങൾ വരുത്തിയെന്ന് പാകിസ്ഥാൻ തന്നെ പറയുന്നു. സൈന്യത്തെ നിരന്തരം ചോദ്യം ചെയ്‌ത് മനോവീര്യം തകർക്കുന്ന ഗാന്ധി കുടുംബത്തിന്റെ വൃത്തികെട്ട രാഷ്ട്രീയവും വൃത്തികെട്ട മാനസികാവസ്ഥയും ചരൺജിത് സിംഗ് ചന്നി വീണ്ടും കാണിച്ചു. ഇതിനെ ഞാൻ അപലപിക്കുന്നു', മഞ്ജീന്ദർ സിംഗ് സർസ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |