ശ്രീനഗർ: ജമ്മു കാശ്‌മീരിലെ ജയിലുകളിൽ ഭീകരാക്രമണ ഭീഷണിയെത്തുടർന്ന് സുരക്ഷ ശക്തമാക്കി. ശ്രീനഗർ സെൻട്രൽ ജയിൽ, ജമ്മുവിലെ കോട്ട് ബൽവാൽ ജയിൽ എന്നിവിടങ്ങളാണ് ഭീകരർ ലക്ഷ്യം വയ്ക്കുന്നതെന്നാണ് രഹസ്യന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. നിരവധി കൊടും ഭീകരരെയും ഭീകരർക്ക് സഹായം ചെയ്തവരെയും പാർപ്പിച്ചിരിക്കുന്നത് ഈ ജയിലുകളിലാണ്.
കാശ്‌മീരിലെ പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് തീവ്രവാദികളുടെ സഹായികളായ നിസാർ, മുഷ്‌താഖ് എന്നിവരെ എൻഐഎ ചോദ്യം ചെയ്തിരുന്നു. ഇതിൽ നിന്നാണ് ജയിലുകളിലെ ആക്രമണസാദ്ധ്യതയുടെ വിവരം ലഭിച്ചതെന്നാണ് സൂചന. രഹസ്യാന്വേഷണ വിവരത്തെത്തുടർന്ന് സിഐഎസ്എഫ് ഡയറക്‌ടർ ജനറൽ ശ്രീനഗറിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്‌ച നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. ജമ്മു കാശ്‌മീരിലെ ജയിലുകളുടെ സുരക്ഷാചുമതല സിആർപിഎഫിൽ നിന്ന് 2023ൽ സിഐഎസ്‌എഫ് ഏറ്റെടുത്തിരുന്നു.
പഹൽഗാം ഭീകരാക്രമണം നടത്തിയ തീവ്രവാദികൾ ഇപ്പോഴും തെക്കൻ കാശ്‌മീരിൽ ഒളിഞ്ഞിരിക്കുന്നുണ്ടെന്നാണ് എൻഐഎ വ്യക്തമാക്കുന്നത്. പ്രദേശത്ത് കൂടുതൽ തീവ്രവാദികൾ ഉണ്ടാകാമെന്നും വിലയിരുത്തുന്നുണ്ട്.
അതേസമയം, പഹൽഗാം ഭീകരാക്രമണത്തിന് ഇരയായവർക്ക് നീതി ലഭ്യമാക്കാൻ കനത്ത തിരിച്ചടിക്ക് രാജ്യം സജ്ജമാണെന്നാണ് റിപ്പോർട്ടുകൾ. സംയുക്ത സേനാമേധാവി ജനറൽ അനിൽ ചൗഹാൻ, മൂന്നു സേനാ മേധാവികൾ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേകം നടത്തിയ കൂടിക്കാഴ്ചകൾ ഇന്നലെ പൂർത്തിയായി. വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ അമർ പ്രീത് സിംഗ് ഇന്നലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തി തയ്യാറെടുപ്പുകൾ വിശദീകരിച്ചു. ശനിയാഴ്ച നാവികസേന മേധാവി അഡ്മിറൽ ഡി.കെ.ത്രിപാഠിയും ഏപ്രിൽ 30ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയും സേന സുസജ്ജമാണെന്ന് പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |