ന്യൂഡൽഹി: രാജ്യത്തിന്റെ 15ാമത് ഉപരാഷ്ട്രപതിയായി തമിഴ്നാട് സ്വദേശി സിപി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനിൽ രാവിലെ 10ന് രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. രാജ്യസഭയിലെ പ്രധാന നേതാക്കളുമായി രാധാകൃഷ്ണൻ ഉച്ചയ്ക്ക് കൂടിക്കാഴ്ച നടത്തും. സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് തുടങ്ങിയവർ പങ്കെടുത്തു.
തമിഴ്നാട്ടിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവും ആർഎസ്എസ് വേരുകളുള്ളതുമായ രാധാകൃഷ്ണൻ ചൊവ്വാഴ്ചയാണ് ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്. 'കോയമ്പത്തൂരിലെ വാജ്‌പേയ്' എന്നാണ് സിപി. രാധാകൃഷ്ണൻ അറിയപ്പെടുന്നത്. പ്രതിപക്ഷ സ്ഥാനാർത്ഥിയും മുൻ സുപ്രീം കോടതി ജഡ്ജിയുമായ ബി. സുദർശൻ റെഡ്ഡിക്ക് 300 വോട്ടുകൾ ലഭിച്ചപ്പോൾ രാധാകൃഷ്ണൻ 452 വോട്ടുകൾ നേടി. പാർലമെന്റിലെ ഇരുസഭകളിലെയും 781 എംപിമാരിൽ 767 പേർ വോട്ടിട്ടു. 14 പേർ എത്തിയില്ല. ഏഴ് എംപിമാരുള്ള ബിജെഡിയും, നാല് അംഗങ്ങളുള്ള ബിആർഎസും വിട്ടുനിന്നു.
എൻഡിഎയുടെ 422ഉം, വൈഎസ്ആർ കോൺഗ്രസിന്റെ 11 ഉം എംപിമാർ ചേരുമ്പോൾ 433 വോട്ട് രാധാകൃഷ്ണന് ലഭിക്കുമെന്ന് ഉറപ്പായിരുന്നു. എന്നാൽ 19 വോട്ട് അധികം നേടിയത് 'ഇന്ത്യ' മുന്നണിയിൽ നിന്നാണെന്നാണ് വിലയിരുത്തൽ. 15 വോട്ടുകൾ അസാധുവായി. പ്രതിപക്ഷത്തെ 315 എംപിമാരും ഒറ്റക്കെട്ടായി വോട്ടിട്ടെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചിരുന്നു. എന്നാൽ രാത്രി ഏഴര മണിയോടെ ഫലം പ്രഖ്യാപിച്ചപ്പോൾ തങ്ങളുടെ സ്ഥാനാർത്ഥിക്ക് 300 വോട്ടു മാത്രം ലഭിച്ചത് 'ഇന്ത്യ' മുന്നണിയെ ഞെട്ടിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |