ഉപഭോക്താക്കൾക്ക് ആശ്വാസമായി ജി.എസ്.ടി ഇളവ്
കൊച്ചി: സെപ്തംബർ 22 മുതൽ ആരോഗ്യ, ലൈഫ് ഇൻഷ്വറൻസ് പ്രീമിയത്തിന് ചരക്കു സേവന നികുതി(ജി.എസ്.ടി) പൂർണമായും ഒഴിവാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം ഉപഭോക്താക്കൾക്ക് ആവേശം പകരുന്നു. നിലവിൽ ഇൻഷ്വറൻസ് പ്രീമിയത്തിന് 18 ശതമാനം ജി.എസ്.ടിയാണ് ഈടാക്കുന്നത്. ഇതോടെ ഇൻഷ്വറൻസ് കമ്പനി നിശ്ചയിക്കുന്ന അടിസ്ഥാന പ്രീമിയം മാത്രം ഉപഭോക്താക്കൾ അടച്ചാൽ മതി. ലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് മിതമായ ചെലവിൽ ഇൻഷ്വറൻസ് സേവനങ്ങൾ ലഭ്യമാകാൻ ഇതോടെ അവസരമൊരുങ്ങും. പുതിയ പോളിസികളെടുക്കുമ്പോഴും നിലവിലുള്ള പോളിസി പുതുക്കുമ്പോഴും പ്രീമിയത്തിന് ഈടാക്കിയിരുന്ന 18 ശതമാനം ജി.എസ്.ടി ഒഴിവാകും. ടേം ലൈഫ്, യൂണിറ്റ് ലിങ്ക്‌ഡ് പദ്ധതികൾ(യുലിപ്പ്), എൻഡോവ്‌മെന്റ് തുടങ്ങിയ എല്ലാ വ്യക്തിഗത ലൈഫ് ഇൻഷ്വറൻസ് പദ്ധതികൾക്കും നികുതി ഒഴിവാകും.
ഉപഭോക്താവിന്റെ ലാഭം
നിലവിൽ 20,000 രൂപയുടെ വാർഷിക പ്രീമിയമുള്ള ആരോഗ്യ ഇൻഷ്വറൻസ്.ലൈഫ് ഇൻഷ്വറൻസ് പോളിസികൾക്ക് 18 ശതമാനം ജി.എസ്.ടിയെന്ന കണക്കിൽ 3,600 രൂപയും ചേർത്ത് മൊത്തം 23,600 രൂപയാണ് അടയ്ക്കേണ്ടത്. സെപ്തംബർ 22ന് ശേഷം പ്രീമിയം തുക 20,000 രൂപയായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിലൂടെ 3,600 രൂപയുടെ ലാഭമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്.
സംശയങ്ങളും നിരവധി
ജി.എസ്.ടി പരിഷ്‌കാരം നടപ്പിലാകുമ്പോൾ ഉപഭോക്താക്കളുടെ പ്രീമിയം ഗണ്യമായി കുറയുമോയെന്നതിൽ അവ്യക്തകൾ ഇപ്പോഴുമുണ്ട്. നികുതി നിരക്ക് പൂജ്യമാകുമ്പോൾ ഉപഭോക്താക്കളുടെ പ്രീമിയം ബാദ്ധ്യത കുത്തനെ കുറയണമെന്നില്ലെന്ന് ഇൻഷ്വറൻസ് കൺസൾട്ടന്റുമാർ പറയുന്നു. ഇൻഷ്വറൻസ് കമ്പനികൾക്ക് നേരത്തെ ഉപഭോക്താക്കളിൽ നിന്ന് ശേഖരിക്കുന്ന ജി.എസ്.ടിയ്ക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് അഡ്‌ജസ്‌റ്റ് ചെയ്യാൻ അവസരമുണ്ടായിരുന്നു. പുതിയ സാഹചര്യത്തിൽ ഈ സാദ്ധ്യത ഉപയോഗിക്കാനാകില്ല. അതിനാൽ 18 ശതമാനം ജി.എസ്.ടി ഇളവിന്റെ പൂർണമായ നേട്ടം ഉപഭോക്താക്കൾക്ക് കമ്പനികൾ കൈമാറിയേക്കില്ല.
ഗ്രൂപ്പ് ഇൻഷ്വറൻസുകൾക്ക് ഇളവില്ല
കമ്പനികളും ബാങ്കുകളും ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ജീവനക്കാർക്കായി നൽകുന്ന ഗ്രൂപ്പ് ഇൻഷ്വറൻസിന് തുടർന്നും 18 ശതമാനം ജി.എസ്.ടി നൽകണം. ജി.എസ്.ടി കൗൺസിലിന്റെ തീരുമാനം അനുസരിച്ച് വ്യക്തിഗത ലൈഫ്, ആരോഗ്യ ഇൻഷ്വറൻസുകളുടെ നികുതിയാണ് പൂർണമായും ഒഴിവാക്കിയിട്ടുള്ളത്. അതേപോലെ അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിൽ വാർഷിക പ്രീമിയം നൽകുന്ന വ്യക്തിഗത ഉപഭോക്താക്കൾ 18 ശതമാനം ജി.എസ്.ടി നൽകണം. എന്നാൽ മുതിർന്ന പൗരന്മാർക്ക് ഈ പരിധി ഒഴിവാക്കി.
കാത്തിരുന്നാൽ നേട്ടം
പുതിയ പോളിസികൾ വാങ്ങുന്നവർ സെപ്‌തംബർ 22 വരെ കാത്തിരുന്നാൽ പ്രീമിയം തുക ഗണ്യമായി കുറഞ്ഞേക്കും
സർക്കാരിനുണ്ടാകുന്ന വരുമാന നഷ്‌ടം
13,400 കോടി രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |