ന്യൂഡൽഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും ചിത്രങ്ങളും ഡൗൺലോഡ് ചെയ്ത് കാണുന്നതും സുക്ഷിക്കുന്നതും പോക്സോ നിയമപ്രകാരം കുറ്റകരമാണെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി വെെ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കാണുന്നത് കുറ്റകരമല്ലെന്ന മദ്രാസ് ഹെെക്കോടതി ഉത്തരവ് റദ്ദാക്കിയാണ് വിധി പറഞ്ഞിരിക്കുന്നത്. വിധി പുറപ്പെടുവിക്കുന്നതിൽ ഹെെക്കോടതി ഗുരുതര പിഴവ് വരുത്തിയതായി സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ എന്ന് പറയുന്നത് മാറ്റണമെന്നും പകരം ലെെംഗിക ചൂഷണം ചെയ്യുന്നതും ദുരുപയോഗം ചെയ്യുന്നതുമായ വസ്തുക്കൾ എന്നാക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. ഇതിനായി ഓർഡിനൻസ് പുറപ്പെടുവിക്കാൻ പാർലമെന്റിനോട് കോടതി ആവശ്യപ്പെട്ടു.
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്യുന്നതും സ്വകാര്യമായി കാണുന്നതും പോക്‌സോ ആക്ടിന് കീഴിലുള്ള കുറ്റകൃത്യമായി കാണാനാവില്ലെന്നായിരുന്നു മദ്രാസ് ഹൈക്കോടതി ഉത്തരവ്. ഇതിനെതിരെ ജസ്റ്റിസ് ഫോർ ചിൽഡ്രൻ അലയൻസാണ് സുപ്രീംകോടതിയെ സമീപിച്ചത്.
കുട്ടികൾ ഉൾപ്പെടുന്ന ഇത്തരം വീഡിയോ ആകസ്‌മികമായി ഡൗൺലോഡ് ചെയ്യുന്നത് കുറ്റകരമല്ലെന്നായിരുന്നു ഹൈക്കോടതി ഉത്തരവിട്ടത്. ഇൻഫർമേഷൻ ടെക്‌നോളജി നിയമപ്രകാരം ഇത്തരത്തിൽ ഡൗൺലോഡ് ചെയ്യുന്നത് കുറ്റകരമായി വ്യാഖ്യാനിക്കാൻ കഴിയില്ല . പോക്സോ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസ് പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമർശം. പോക്സോ നിയമം സെക്ഷൻ 15(2), ഐ.ടി ആക്ട് സെക്ഷൻ 67 ബി (ബി) എന്നിവ പ്രകാരമുള്ള കുറ്റമാണ് ഹർജിക്കാരനെതിരെ ആരോപിക്കപ്പെട്ടത്.
ടെലിഗ്രാമിൽ നിന്ന് ഇത്തരം അശ്ലീല ചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത് സൂക്ഷിച്ചുവച്ചു എന്നായിരുന്നു ഹർജിക്കാരനെതിരെയുള്ള ആരോപണം. ഇത്തരം അശ്ലീല ദൃശ്യങ്ങൾ സ്വന്തമായി സൂക്ഷിക്കുകയോ കൈവശം വയ്ക്കുകയോ ചെയ്യുന്നത് കുറ്റകരമല്ലെന്ന് മദ്രാസ് ഹെെകോടതി നിരീക്ഷിച്ചു. കേസിൽ കുറ്റാരോപിതനായ ഹർജിക്കാരനെ കോടതി വെറുതേ വിട്ടിരുന്നു. ഇതിനെതിരെയാണ് ഇപ്പോൾ സുപ്രീംകോടതി വിധി പറഞ്ഞിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |