ന്യൂഡൽഹി: തീർത്ഥാടകയാത്ര അതീവ ദുർഘടമായ കേദാർനാഥിലേക്കും ഹേമകുണ്ഡ് സാഹിബ്ജിയിലേക്കും റോപ്‌വേ സ്ഥാപിക്കാൻ കേന്ദ്രമന്ത്രിസഭായോഗം അനുമതി നൽകി.പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ആയിരിക്കും നിർമ്മാണം. രണ്ടു തീർത്ഥാടന കേന്ദ്രങ്ങളും ഉത്തരാഖണ്ഡിലാണ്.
രുദ്രപ്രയാഗ് ജില്ലയിൽ സോൻപ്രയാഗ്‌മുതൽ കേദാർനാഥ്‌വരെയുള്ള റോപ് വേയ്ക്ക് 12.9 കിലോമീറ്റർ ദൈർഘ്യമുണ്ടാവും. 12 പുണ്യ ജ്യോതിർലിംഗങ്ങളിലൊന്നായ കേദാർ നാഥ് ഏപ്രിൽ-മേയ്, ഒക്ടോബർ-നവംബർ മാസങ്ങളിലായി വർഷത്തിൽ ആറോ ഏഴോ മാസം മാത്രമാണ് തുറക്കുന്നത്. റോപ്‌വേ എല്ലാ കാലാവസ്ഥയിലും യാത്രാസൗകര്യം ഉറപ്പാക്കും.
ചമോലി ജില്ലയിലെ ഗോവിന്ദ്ഘട്ട് മുതൽ ഹേമകുണ്ഡ് സാഹിബ്ജി വരെയുള്ള റോപ്‌വേയ്ക്ക് 12.4 കിലോമീറ്റർ ദൈർഘ്യമുണ്ടാവും. മേയ് മുതൽ പ്‌തംബർ വരെ 5 മാസം മാത്രം തുറക്കുന്ന സിക്ക് തീർത്ഥാടന കേന്ദ്രമാണ്. ദേശീയ ഉദ്യാനമായ വാലി ഓഫ് ഫ്ലവേഴ്സിലേക്ക് പോകുന്നതും ഇതുവഴിയാണ്.
കേദാർനാഥ് റോപ്‌വേയിൽ 36 മിനിട്ട്കൊണ്ട് എത്താം
8-9 മണിക്കൂർ: നിലവിലെ യാത്രാസമയം
18,000 പേർ: പ്രതിദിനം റോപ് വേ യാത്ര
4,081.28 കോടി: നിർമ്മാണ ചെലവ്
സാങ്കേതിക വിദ്യ: നൂതന ട്രൈ-കേബിൾ ഡിറ്റാച്ചബിൾ ഗൊണ്ടോള (3എസ്)
20 ലക്ഷം: പ്രതിവർഷം എത്തുന്ന തീർത്ഥാടകർ
3583 മീറ്റർ (11,968 അടി): കേദാർനാഥ് ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഉയരം
നിലവിലെ യാത്ര:
സോൻപ്രയാഗിൽ നിന്ന് ഗൗരികുണ്ഡ് വരെ(5കി.മീ) റോഡ് മാർഗവും അവിടെ നിന്ന് നിന്ന് 16 കിലോമീറ്റർ കുത്തനെ കാൽനടയായും കുതിരകൾ, പല്ലക്കുകൾ, ഹെലികോപ്റ്റർ എന്നിവ ഉപയോഗിച്ചും.
ഹേമകുണ്ഡ് സാഹിബ്ജി റോപ്‌വേയിൽ 42 മിനിട്ട്
4-5 മണിക്കൂർ: നിലവിലെ യാത്രാസമയം
11,000 പേർ: റോപ് വേയിൽ പ്രതിദിന സഞ്ചാരം
2,730.13 കോടി: നിർമ്മാണ ചെലവ്
സാങ്കേതിക വിദ്യ
1.ഗോവിന്ദ്ഘട്ട്-ഗംഗാരിയ (10.55 കി.മീ) മോണോകേബിൾ ഡിറ്റാച്ചബിൾ ഗൊണ്ടോള (എം.ഡി.ജി)
2. ഗംഗാരിയ-ഹേമകുണ്ഡ് സാഹിബ് ജി(1.85 കി.മീ) ട്രൈക്കബിൾ ഡിറ്റാച്ചബിൾ ഗൊണ്ടോള (3എസ്)
15,000 അടി ഉയരം: ഹേമകുണ്ഡ് സാഹിബ് ജി ഗുരുദ്വാര സ്ഥിതി ചെയ്യുന്നത്
2 ലക്ഷം:പ്രതിവർഷം എത്തുന്ന തീർത്ഥാടകർ
നിലവിലെ യാത്ര:
ഹൃഷികേശിൽ നിന്ന് ബദരീനാഥ് റൂട്ടിൽ റോഡ് മാർഗം ഗോവിന്ദ്ഘട്ടു വരെ (256കി.മീ). അവിടെ നിന്ന് 21 കിലോമീറ്റർ ചെങ്കുത്തായ കയറ്റത്തിലൂടെ കാൽനടയായും കുതിരകൾ, പല്ലക്കുകൾ എന്നിവ ഉപയോഗിച്ചും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |