
ന്യൂഡൽഹി: ആന്റി ടെററിസം സ്‌ക്വാഡ് (എടിഎസ്) ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്ന് പിടികൂടിയ ഡോക്‌ടറടക്കമുള്ളവരുടെ കൈവശമുണ്ടായിരുന്നത് മാരകമായ സ്‌ഫോടന സാമഗ്രികൾ. ഡോ. അഹമ്മദ് മുഹിയുദ്ദീൻ സെയ്ദ്, മുഹമ്മദ് സുഹെൽ, ആസാദ് എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് നാല് ലിറ്റർ ആവണക്കെണ്ണ പിടിച്ചെടുത്തിരുന്നു. മാരക വിഷമായ റൈസിൻ നിർമിക്കാനാണ് ആവണക്കെണ്ണ സൂക്ഷിച്ചതെന്നാണ് കണ്ടെത്തൽ. അഹമ്മദ് മുഹിയുദ്ദീന്റെ പക്കൽ നിന്ന് രണ്ട് ഗ്ലോക്ക് പിസ്റ്റളുകൾ, ഒരു ബെറെറ്റ പിസ്റ്റൾ, 30 വെടിയുണ്ടകൾ എന്നിവയും എടിഎസ് പിടിച്ചെടുത്തിരുന്നു.
ഇസ്ലാമിക് സ്റ്റേറ്റ്-ഖൊറാസാൻ പ്രവിശ്യയുമായി (ഐഎസ്‌കെപി) ബന്ധമുള്ള അഫ്ഗാനിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന അബു ഖാദിജ എന്ന ഹാൻഡ്‌ലറുമായി അഹമ്മദ് മുഹിയുദ്ദീന് ബന്ധമുണ്ടെന്ന് എടിഎസ് പറയുന്നു. മുഹിയുദ്ദീൻ റൈസിൻ നിർമ്മിക്കാൻ തുടങ്ങിയത് ഏറെനാളത്തെ പരീക്ഷണ നിരീക്ഷണങ്ങൾക്ക് ശേഷമാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. പാകിസ്ഥാനിൽ നിന്നുള്ള വ്യക്തികളുമായി ഇയാൾ ബന്ധം പുലർത്തിയിരുന്നതായും ചൈനയിൽ നിന്നാണ് എംബിബിഎസ് ബിരുദം നേടിയതെന്നും എടിഎസ് പറയുന്നു.
മൂവരും അഹമ്മദാബാദ്, ഡൽഹി, ലക്‌നൗ എന്നിവിടങ്ങളിലെ ആർഎസ്‌എസ് ഓഫീസുകൾ ഉൾപ്പെടെ നിരവധി മത, സാമൂഹിക, സാംസ്‌കാരിക സംഘടനകളുടെ കെട്ടിടങ്ങളിൽ നിരീക്ഷണം നടത്തിയതായും എടിഎസ് കണ്ടെത്തിയിട്ടുണ്ട്. ഇവരിൽ നിന്ന് റൈസിനും പിടികൂടിയിരുന്നു.
അഹമ്മദ് മുഹിയുദ്ദീൻ വലിയ അളവിൽ റൈസിൻ നിർമിക്കുകയും പാകിസ്ഥാനിൽ നിന്നുള്ള ഹാൻഡ്‌ലർമാരിൽ നിന്ന് നിർദേശങ്ങൾ ലഭിക്കാൻ കാത്തിരിക്കുകയുമായിരുന്നു. നേരത്തെ ഇയാൾ റെസ്റ്റോറന്റ് നടത്തിയിരുന്നു. ഇവിടെയാണ് റൈസിൻ സൂക്ഷിച്ചിരുന്നതെന്നും എടിഎസ് വെളിപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |