റായ്പൂർ: കാർ കുളത്തിൽ വീണ് ഡ്രൈവർ ഉൾപ്പടെ എട്ട് പേർക്ക് ദാരുണാന്ത്യം. ഛത്തീസ്ഗഢിലെ ബൽറാംപൂരിലെ ബുദ്ധബഗീച്ച റോഡിന് സമീപത്തായുളള കുളത്തിലേക്കാണ് കാർ നിയന്ത്രണം വിട്ട് മറിഞ്ഞത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. മരിച്ചവരിൽ ഒരു സ്ത്രീയും കുട്ടിയുമുണ്ട്. അറ് പേരുടെ മൃതദേഹങ്ങൾ അപകടം സംഭവിച്ച് മണിക്കൂറുകൾക്കകവും രണ്ട് പേരുടെ മൃതദേഹങ്ങൾ ഇന്ന് പുലർച്ചയോടെയുമാണ് പുറത്തെടുത്തത്.
സഞ്ജയ് മുണ്ട (35), ഇദ്ദേഹത്തിന്റെ ഭാര്യ ചന്ദ്രവതി (35), മകൾ കീർത്തി (എട്ട്), ഇവരുടെ അയൽവാസികളായ മംഗൾ ദാസ് (19), ഭൂപേന്ദ്ര മുണ്ട (18), ബലേശ്വർ (18), ഉദയ്നാഥ് (20), ഡ്രൈവറായ മുകേഷ് ദാസ് (26) എന്നിവരാണ് മരിച്ചത്. ബൽറാംപുരിലെ നിന്ന് സമീപ ജില്ലയായ സൂരജ്പുരിലേക്കുള്ള യാത്രയ്ക്കിടയിലാണ് അപകടം സംഭവിച്ചതെന്ന് എസ് പി വൈഭവ് ബങ്കാർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
റോഡിലെ വളവ് ഡ്രൈവറുടെ ശ്രദ്ധയിൽ പെടാത്തതിനെ തുടർന്ന് വാഹനം നിയന്ത്രണം തെറ്റി സമീപത്തെ കുളത്തിലേക്ക് വീഴുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. അപകട വിവരമറിഞ്ഞെത്തിയ പൊലീസാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |