ന്യൂഡൽഹി: പോളിംഗ് സ്റ്റേഷനുകളിലെ വെബ് കാസ്റ്റിംഗിന്റെ സിസിടിവി ദൃശ്യങ്ങൾ പങ്കുവയ്ക്കുന്നതിലെ സ്വകാര്യതയും നിയമപരമായ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മിഷൻ. കഴിഞ്ഞ വർഷത്തെ മഹാരാഷ്‌ട്ര തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നെന്നുള്ള ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ തുടർച്ചയായുള്ള ആരോപണങ്ങൾക്കും വെബ് കാസ്റ്റിംഗ് ദൃശ്യങ്ങൾ പുറത്തുവിടണമെന്ന ആവശ്യങ്ങൾക്കും പിന്നാലെയാണ് കമ്മിഷന്റെ പ്രതികരണം.
ദൃശ്യങ്ങൾ പുറത്തുവിടുന്നതിലൂടെ വോട്ടർമാരെ ഏതെങ്കിലും ഗ്രൂപ്പിനോ വ്യക്തികൾക്കോ എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കും. ഇത് വോട്ടർമാർക്കെതിരായ സമ്മർദ്ദം, വിവേചനം, ഭീഷണിപ്പെടുത്തൽ മുതലായ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്ക് അവസരമൊരുക്കുമെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി.
മഹാരാഷ്‌ട്രയിലേതടക്കം ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വോട്ടർപ്പട്ടിക ലഭ്യമാക്കണം, പോളിംഗ് ബൂത്തുകളിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടണം എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് രാഹുൽ ഗാന്ധി ഉന്നയിച്ചത്. മഹാരാഷ്ട്രയിൽ സംഭവിച്ചത് ഇനി ബീഹാറിലും, ബജെപി പരാജയപ്പെടാൻ ഇടയുള്ള മറ്റിടങ്ങളിലും ആവർത്തിക്കുമെന്നും ഇത്തരം 'മാച്ച് ഫിക്‌സ്‌ഡ്' തിരഞ്ഞെടുപ്പുകൾ ജനാധിപത്യത്തിന് അപകടകരമാണെന്നുമാണ് രാഹുൽ ഗാന്ധി എക്‌സിൽ ആരോപിച്ചത്. തിരഞ്ഞെടുപ്പ് കമ്മിഷനെ നിയമിക്കുന്ന സമിതിയിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനുപകരം ക്യാബിനറ്റ് മന്ത്രിയെ ഉൾപ്പെടുത്താനുള്ള തീരുമാനം കളങ്കിതമാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളോട് തിരഞ്ഞെടുപ്പ് കമ്മിഷൻ മൗനം പാലിച്ചു. അക്രമാസക്തമായി പ്രതികരിക്കുകയും ചെയ്തെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |