ഭോപ്പാൽ: മദ്ധ്യപ്രദേശിൽ സർക്കാർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ രണ്ട് നവജാതശിശുക്കളെ എലികൾ കടിച്ച് പരിക്കേൽപ്പിച്ചു. ഇൻഡോറിലെ മഹാരാജ യശ്വന്ത്റാവു ചികിത്സാലയ (എം.വൈ.എച്ച്) ആശുപത്രിയിലാണ് സംഭവം. കഴിഞ്ഞയാഴ്ച ജനിച്ച രണ്ട് കുഞ്ഞുങ്ങളെയാണ് നവജാതശിശുക്കൾക്കുവേണ്ടിയുള്ള ഐ.സിയുവിൽവച്ച് എലി കടിച്ചത്. ഞായറാഴ്ചയും തിങ്കളാഴ്ചയുമായിരുന്നു സംഭവം. ഒരു കുഞ്ഞിന്റെ വിരലുകളിലും രണ്ടാമത്തെ കുഞ്ഞിന്റെ തലയിലും തോളിലുമാണ് എലി കടിച്ചത്. നവജാതശിശുക്കളുടെ ദേഹത്ത് മുറിവുകൾ കണ്ടതോടെ നഴ്സുമാർ ആശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നു. ഇതോടെ എൻ.ഐ.സിയുവിലെ സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചു. അപ്പോൾ എലികൾ കുട്ടികളെ കിടത്തിയിരിക്കുന്ന തൊട്ടിലുകൾക്ക് സമീപത്തുകൂടെ ഓടുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. അതേസമയം, ആശുപത്രിയിൽ ഏറ്റവും ഒടുവിൽ എലിനശീകരണം നടത്തിയത് അഞ്ചുകൊല്ലം മുൻപാണെന്ന് സൂപ്രണ്ട് ഡോ. അശോക് യാദവ് സ്ഥിരീകരിച്ചു. കുഞ്ഞുങ്ങൾ സുരക്ഷിതരാണെന്നും അവർക്ക് ചികിത്സ നൽകിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |