മുംബയ്: വന്യജീവികളുടെ മാംസം കഴിച്ചെന്ന് വെളിപ്പെടുത്തിയ ബോളിവുഡ്-മറാത്തി നടിക്കെതിരെ നടപടി ആരംഭിച്ച് വനംവകുപ്പ്. നടി ഛായാ കദമിനെതിരെയാണ് വനംവകുപ്പ് നടപടി സ്വീകരിച്ചിരിക്കുന്നത്. വന്യജീവികളുടെ മാംസം കഴിച്ചതായി ഒരു അഭിമുഖത്തിലാണ് ഛായ വെളിപ്പെടുത്തിയത്. നടിക്കെതിരെ മുംബയ് ആസ്ഥാനമായുള്ള പ്ളാന്റ് ആൻഡ് അനിമൽ വെൽഫെയർ സൊസൈറ്റി ആണ് പരാതി നൽകിയത്.
മുള്ളൻ പന്നി, ഉടുമ്പ് എന്നിവയുടെ മാംസം കഴിച്ചിട്ടുണ്ടെന്നാണ് അടുത്തിടെ ഒരു മറാത്തി റേഡിയോ ചാനലിന് നൽകിയ അഭിമുഖത്തിൽ നടി വെളിപ്പെടുത്തിയത്. 1972ലെ വന്യജീവി നിയമപ്രകാരം നടിക്കെതിരെ കേസെടുക്കമെന്ന് ആവശ്യപ്പെട്ടാണ് പ്ളാന്റ് ആൻഡ് അനിമൽ വെൽഫെയർ സൊസൈറ്റി, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്കും ഡിഎഫ്ഒയ്ക്കും പരാതി നൽകിയിരിക്കുന്നത്. വെളിപ്പെടുത്തൽ ശരിയാണെങ്കിൽ വന്യജീവികളെ വേട്ടയാടിയവർക്കെതിരെയും നടപടി വേണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.
തങ്ങൾക്ക് പരാതി ലഭിച്ചുവെന്നും അന്വേഷണത്തിനായി പരാതി ഡെപ്യൂട്ടി കൺസർവേറ്റർ ഒഫ് ഫോറസ്റ്റ്‌സിന് (ഡിസിഎഫ്) കൈമാറിയതായും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ റോഷൻ റാത്തോഡ് സ്ഥിരീകരിച്ചു. നടിയെ ബന്ധപ്പെട്ടുവെന്നും അന്വേഷണത്തിനായി ഹാജരാകാമെന്ന് അറിയിച്ചതായും കേസിന്റെ ചുമതലുള്ള അന്വേഷണ ഉദ്യോഗസ്ഥനായ രാകേഷ് ഭോയിർ പറഞ്ഞു. സ്ഥലത്തില്ലെന്നും നാല് ദിവസത്തിനുശേഷമേ മടങ്ങിയെത്തൂവെന്ന് നടി അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.
2025 ഓസ്‌കാർ പുരസ്‌കാരത്തിനായി ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട 'ലാപതാ ലേഡീസ്', ഗ്രാന്റ് പ്രീ പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യൻ സിനിമയായ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്', മഗ്‌ഡാവ് എക്‌സ്പ്രസ് എന്നീ സിനിമകളിൽ ഛായാ കദം ശക്തമായ കഥാപാത്രങ്ങൾ ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |