ലക്‌നൗ: കാമുകന് വേണ്ടി നടുറോഡിൽ ഏറ്റുമുട്ടി പെൺകുട്ടികൾ. ഉത്തർപ്രദേശിലെ ബഗ്പതിലാണ് സംഭവം. തങ്ങൾ രണ്ട് പേരും ഒരാളെയാണ് ഇഷ്ടപ്പെടുന്നതെന്നറിഞ്ഞതോടെയാണ് പെൺകുട്ടികൾ ഏറ്റുമുട്ടിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഇരുവരും പത്താം ക്ലാസ് വിദ്യാർത്ഥിനികളാണെന്നാണ് ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നത്. ഇതേ സ്‌കൂളിൽ പഠിക്കുന്ന ആൺകുട്ടിയെ തന്നെയാണ് പെൺകുട്ടികൾ സ്‌നേഹിച്ചത്. ഈ ആൺകുട്ടിയോട് ഇരുവരും ഇടയ്ക്കിടെ സംസാരിക്കാറുണ്ടായിരുന്നു. ഇതിനെച്ചൊല്ലി സ്‌കൂളിന് മുന്നിൽവച്ച് വാക്കുതർക്കവും പിന്നീട് കൈയാങ്കളി ഉണ്ടാകുകയുമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
സിംഗ്വാലി പോലീസ് സ്റ്റേഷൻ പരിധിയിലെ അമിനഗർ സരായ് ടൗണിൽ ചൊവ്വാഴ്ചയായായിരുന്നു സംഭവം. തിരക്കേറിയ റോഡിൽ വച്ചായിരുന്നു പെൺകുട്ടികൾ തല്ലുകൂടിയത്. അവർ പരസ്പരം ഇടിക്കുകയും ചവിട്ടുകയും മുടിയിൽ പിടിച്ച് വലിക്കുകയും ചെയ്തു. ഇതുകണ്ട് കൂട്ടുകാരികൾ ഇവരെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്.
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. സമാനമായ മറ്റൊരു സംഭവം ഉത്തരാഖണ്ഡിലെ ഡെറാഡൂണിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കാമുകനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് രണ്ട് പെൺകുട്ടികൾ റോഡിൽ വഴക്കിടുകയായിരുന്നു. അടിപിടി കണ്ട് മറ്റുള്ളവർ ഇവരെ പിടിച്ചുമാറ്റാൻ ശ്രമിക്കുകയുമായിരുന്നു. എന്നാൽ പിന്മാറാൻ ഇവർ തയ്യാറായില്ല. ഇതിന്റെ ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |