
ചെന്നൈ: തമിഴ്നാടിന്റെ പല ഭാഗങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് നിരവധി ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പുറപ്പെടുവിച്ചു. രാമനാഥപുരം, നാഗപട്ടണം, കടലൂർ തഞ്ചാവൂർ ഉൾപ്പടെ എട്ട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ചെന്നൈയിലെ എല്ലാ സ്‌കൂളുകൾക്കും ജില്ലാ കളക്ടർ രശ്മി സിദ്ധാർത്ഥ് ജഗഡെ അവധി പ്രഖ്യാപിച്ചു. ചെന്നൈയ്ക്ക് പുറമേ കടലൂർ, വില്ലുപുരം, റാണിപേട്ട് എന്നിവിടങ്ങളിലെ ജില്ലാ കളക്ടർമാരും അവരുടെ ജില്ലകളിലെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി നൽകി. ഒക്ടോബർ 21 മുതൽ 25 വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥാ കേന്ദ്രം നേരത്തെ നിർദ്ദേശം നൽകിയിരുന്നു.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി ശക്തമാകുന്നതിനാൽ തമിഴ്നാട്ടിൽ ചുഴലിക്കാറ്റുണ്ടാകാമെന്ന് മുന്നറിയിപ്പുണ്ട്. ഇന്ന് ഉച്ചയോടെ ചുഴലിക്കാറ്റ് വടക്കു-പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങും. ഇത് തെക്ക്-പടിഞ്ഞാറ് ബംഗാൾ ഉൾക്കടൽ, വടക്ക്, തമിഴ്നാട്-പുതുച്ചേരി-കാരക്കൽ ഭാഗങ്ങൾ, തെക്ക്, ആന്ധാപ്രദേശ് തീരം എന്നിവിടങ്ങളിൽ ന്യൂനമർദ്ദമായി മാറാൻ സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കനത്ത മഴയെ തുടർന്ന് വൈഗ നദിയിലെ ജലനിരപ്പ് ഉയരുന്നതിനാൽ മധുരയുടെ പലഭാഗങ്ങളിലും വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി. പലയിടങ്ങളിലും ജലനിരപ്പ് ഉയരുന്നതിനാൽ ഗതാഗതക്കുരുക്കിനും സാദ്ധ്യതയുണ്ട്.
വടക്കുകിഴക്കൻ മൺസൂണിനെ നേരിടാനായി ചെന്നൈയിലുടനീളം സ്വീകരിച്ചിരിക്കുന്ന മുൻകരുതലുകൾ അവലോകനം ചെയ്യുന്നതിനായി തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്‌റ്റാലിൻ ഇന്നലെ വിവിധസ്ഥലങ്ങളിലെത്തി പരിശോധനകൾ നടത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |