പാമ്പുകളുടെ കൂട്ടത്തിൽ ഏറ്റവും കൂടുതൽ അപകടകാരിയാണ് രാജവെമ്പാല. 18 അടിയോളം നീളവും, വിടർത്തിയ പത്തിയുമായി ഗാംഭീര്യത്തോടുകൂടി നിൽക്കാറുള്ള ഈ പാമ്പ് ഇനത്തിന് അതിന്റെ ഗൗരവം കൊണ്ടുതന്നെയാകും പാമ്പുകളിലെ രാജപദവി ലഭിച്ചത്. ഇവയുടെ ശരീരത്തിലെ അടയാളം ഇവയെ പെട്ടെന്ന് തിരിച്ചറിയാൻ സഹായിക്കുന്നു.
ലോകത്തിലെ ഏറ്റവും നീളമേറിയ വിഷപ്പാമ്പായ രാജവെമ്പാല കടിച്ചാൽ മരണം ഉറപ്പാണ്. ഒരു ആനയെ പോലും കൊല്ലാനുള്ള വിഷം രാജവെമ്പാലയ്ക്ക് ഉണ്ട്. എന്നാല്‍ അത്ര വേഗത്തില്‍ വിഷം പ്രയോഗിച്ചുള്ള കടി ഇവ നടത്താറില്ലെന്നതാണ് മറ്റൊരു പ്രത്യേകത. ജീവന് ഭീഷണിയുണ്ടെന്ന് തോന്നുന്ന ഘട്ടത്തിൽ മാത്രമേ രാജവെമ്പാലകൾ വിഷം പുറത്തേക്ക് പ്രയോഗിക്കുകയുള്ളൂ. പാമ്പുകളുടെ കൂട്ടത്തിൽ ഏറ്റവും കൂടുതൽ ബുദ്ധിയുള്ള പാമ്പായി കണക്കാക്കുന്ന ഒന്നാണ് രാജവെമ്പാല. ഇവയുടെ വേട്ടയാടലും ജീവിതരീതിയുമാണ് അങ്ങനെ കണക്കാക്കാനുള്ള പ്രധാന കാരണം.
വേട്ടയാടൽ
മറ്റ് പാമ്പുകളെ പോലെയല്ല, രാജവെമ്പാല ഇരയെ പിന്തുടരുമ്പോൾ പല തന്ത്രങ്ങളും ഉപയോഗിക്കുന്നതായി വിദഗ്ധർ പറുന്നു. കൂടാതെ വിഷമുള്ളതും ഇല്ലാത്തതുമായ പാമ്പുകളെ വേട്ടയാടാനും രാജവെമ്പാലയ്ക്ക് കഴിയും.
ഓർമ്മശക്തി
രാജവെമ്പാലകൾക്ക് നല്ല ഓർമ്മ ശക്തിയുണ്ട്. അത് അവയുടെ സഞ്ചാരത്തെയും ഇരയെ കണ്ടെത്താനും സഹായിക്കുന്നു. രാജവെമ്പാലയ്ക്ക് ചില സ്ഥലങ്ങൾ തിരിച്ചറിയാനും കഴിവുള്ളതായി ഗവേഷകർ പറയുന്നു. ഇത് ഇവയുടെ വേട്ടയാടൽ കഴിവ് മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
പെരുമാറ്റം
വ്യത്യസ്ത സാഹചര്യങ്ങൾ തിരിച്ചറിഞ്ഞ് പെരുമാറാനുള്ള കഴിവ് രാജവെമ്പാലയ്ക്ക് ഉണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. ചുറ്റുമുള്ള സാഹചര്യങ്ങളോട് വേഗം പൊരുത്തപ്പെടുന്ന സ്വഭാവും ഇവയ്ക്കുണ്ട്. അപകട സാദ്ധ്യത കുറയ്ക്കുന്ന രീതിയിൽ പെരുമാറാനും രാജവെമ്പാലയ്ക്ക് അറിയാം.
ഇന്ത്യയിലെയും തെക്കുകിഴക്കേഷ്യയിലെയും വനങ്ങളിൽ നിരവധിയായി രാജവെമ്പാലയെ കാണപ്പെടുന്നു. തെക്കൻ നേപ്പാളിൽ, ഭൂട്ടാൻ, ബംഗ്ലാദേശ്, മ്യാൻമർ, തെക്കൻ ചൈന, കംബോഡിയ, തായ്ലൻഡ്, ലാവോസ്, വിയറ്റ്നാം, മലേഷ്യ, സിംഗപ്പൂർ, ഇന്തോനേഷ്യ, ഫിലിപ്പീൻസ് എന്നിവിടെയെല്ലാം രാജവെമ്പാലയുടെ സാന്നിദ്ധ്യം ഉണ്ട്. അരുവികളും വനങ്ങളും മരങ്ങളും നിറഞ്ഞ പ്രദേശത്താണ് ഇവ കൂടുതലായി ജീവിക്കുന്നത്. ഇവയുടെ ശരീരത്തിന് ഈർപ്പവും ചൂടും ആവശ്യമാണ്. കൃഷി ഇടങ്ങൾ, ഇടതൂർന്ന കണ്ടൽക്കാടുകൾ, ചതുപ്പുനിലങ്ങൾ എന്നിവയിലും രാജവെമ്പാല ജീവിക്കുന്നു.
ഭക്ഷണം
രാജവെമ്പാല പ്രധാനമായും ഭക്ഷണമാക്കുന്നത് മറ്റ് പാമ്പുകളെയാണ്. കൂടാതെ തവള മത്സ്യം എന്നിവയെയും ഇവ ഭക്ഷണമാക്കാറുണ്ട്. വിവിധ ഇനം പാമ്പുകളെ ഭക്ഷിക്കാറുണ്ടെങ്കിലും ചേര, പെരുമ്പാമ്പ് എന്നിവയെയാണ് പ്രധാനമായും ഭക്ഷണമാക്കുന്നത്. ചെറിയ രാജവെമ്പലായെയും ഭക്ഷണമാക്കാറുണ്ട്.
കാഴ്ച ശക്തി
വലിപ്പവും വിഷവും മാത്രമല്ല ഇവയ്ക്ക് അസാധാരണമായ കാഴ്ചശക്തിയും ഉണ്ടെന്നാണ് ഗവേഷകർ പറുന്നത്. മറ്റ് പാമ്പുകളിൽ നിന്ന് കാഴ്ച ശക്തി ഇവയ്ക്ക് വളരെ വ്യത്യസ്തമാണ്. 100 മീറ്റർ അകലെ നിന്ന് പോലും ചലിക്കുന്ന ഒന്നിനെ ഇവയ്ക്ക് തിരിച്ചറിയാൻ കഴിയും. ചുറ്റുപാടുമുള്ള ഭീഷണികളെയും ഇരകളെയും കണ്ടെത്താൻ ഇത് അവയെ സഹായിക്കുന്നു.
മറ്റു പാമ്പുകളെപോലെയുള്ള ശബ്ദമല്ല ഇവയ്ക്ക്. രാജവെമ്പാലയുടെ ശബ്ദം നായയുടെ ചെറിയ മുരൾച്ച പോലെയാണ്. രാജവെമ്പാല പൊതുവെ 20 വർഷം വരെ ജീവിക്കുമെന്നാണ് പറയപ്പെടുന്നത്. ഇവയുടെ പ്രജനനകാലം സാധാരണയായി ജനുവരി മുതൽ ഏപ്രിൽ വരെയാണ്.
ഒരു പെൺ രാജവെമ്പാല 21 മുതൽ 40 വരെ മുട്ടകൾ ഇടും. ഇലകളും കൊമ്പുകളും കൊണ്ട് ഉണ്ടാക്കിയ പ്രത്യേക കൂടിലാണ് ഇവ മുട്ടയിടുന്നത്. രാജവെമ്പാലയുടെ മുട്ട വിരിയുന്നതിന് ഏകദേശം 60 മുതൽ 80 ദിവസം വരെ എടുക്കും. വിരിഞ്ഞ് ഇറങ്ങിയ ഉടൻ കുഞ്ഞ് രാജവെമ്പാലകൾ സ്വയം വേട്ടയാടി ജീവിക്കണം. ഇവയെല്ലാം രാജവെമ്പാലയെ മറ്റ് പാമ്പുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |