
മാഞ്ഞുപോയത് 38 കൊല്ലം മുമ്പ് സിന്ധു മാത്യു കുറിച്ച റെക്കാഡ്
തിരുവനന്തപുരം: സ്വന്തമായൊരു വീടിനായി ഓടിയ ദേവപ്രിയ ഷൈബുവിന് 100 മീറ്ററിൽ മീറ്റ് റെക്കാർഡോടെ സ്വർണം. സബ് ജൂനിയർ പെൺകുട്ടികളുടെ മത്സരത്തിൽ 12.69 സെക്കൻഡിൽ ലക്ഷ്യംതൊട്ടാണ് ഇടുക്കി കാൽവരി മൗണ്ട് സി.എച്ച്.എസിന്റെ മിന്നും താരം പൊന്നണിഞ്ഞത്. 1987ൽ സിന്ധു മാത്യു കുറിച്ച 12.70 സമയം ഒമ്പതാം ക്ലാസുകാരി മായ്ച്ചുകളഞ്ഞു. പോയവർഷവും ഇതേ വിഭാഗത്തിൽ ദേവപ്രിയയ്ക്കായിരുന്നു സ്വർണം.
ദേവപ്രിയയ്ക്ക് സ്വന്തമായി ഒരു വീടില്ല. പോയവർഷം സ്വർണംനേടിയപ്പോൾ നാട്ടിലെ പ്രാദേശിക പാർട്ടി പ്രവർത്തകർ വീടുവച്ചുനൽകാമെന്ന് ഏറ്റിരുന്നു. സ്വന്തമായി സ്ഥലമില്ലാത്തത് പ്രതിസന്ധിയായി. ഈ വർഷം മീറ്റ് റെക്കാഡ് തകർത്താൽ വീടുവച്ചുനൽകാമെന്ന് സ്‌കൂളിലെ കായിക പരിശീലകൾ ടിബിൻ ജോസഫ് വാക്കുനൽകി.
ഇതിൽ പ്രതീക്ഷയർപ്പിച്ചായിരുന്നു ദേവപ്രിയയുടെ മുന്നൊരുക്കം. ശക്തമായ മഴയിൽപോലും പരിശീലനം മുടക്കിയില്ല. വീടെന്നത് മാത്രമായിരുന്നു മനസിൽ. ട്രാക്കിലെ അതിവേഗക്കുതിപ്പ് പരിശീലകനെപ്പോലും അമ്പരപ്പിച്ചു. "വീടുവച്ചുകൊടുക്കാമെന്ന് വെറുതെ പറഞ്ഞതല്ല. നാട്ടുകാരെയെല്ലാം ഒന്നുച്ചു നിറുത്തി വാക്കുപാലിക്കും" ടിബിൻ ജോസഫ് പറഞ്ഞു. തന്റെ റെക്കാർഡ് മറികടന്ന ദേവപ്രിയയെ സിന്ധു മാത്യു വീഡിയോ കോളിലൂടെ കണ്ട് അഭിനന്ദനം അറിയിച്ചു.
ചേച്ചി ദേവനന്ദ കായികതാരമാണ്. 2023ൽ ഹൈജമ്പിൽ ചേച്ചി പൊന്നണിഞ്ഞിരുന്നു. അന്ന് മുതലാണ് ദേവപ്രിയയുടെ മനസിൽ സ്വർണമോഹം കൂടുകൂട്ടിയത്. കൂലിപ്പണിക്കാരനാണ് പതാവ് ഷൈബു. അമ്മ ബിസ്മി ബാങ്കിലെ കളക്ഷൻ ഏജന്റും. കായികാദ്ധ്യാപകൻ സമ്മാനിച്ച സ്‌പൈക്‌സിലാണ് ആദ്യ സംസ്ഥാന കായിമേളയിൽ ട്രാക്കിൽ കുതിച്ചത്. ദേവനന്ദയും ഹൈജമ്പിൽ മത്സരിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |