ന്യൂഡൽഹി: പുതുക്കിയ കീം റാങ്ക് പട്ടിക റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരള സിലബസ് വിദ്യാർത്ഥികൾ സുപ്രീം കോടതിയിൽ. റാങ്ക് പട്ടിക പുതുക്കിയത് സ്വാഭാവിക നീതിയുടെ നിഷേധമാണെന്ന് ഇവർ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടി. റാങ്ക് പട്ടിക അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രോസ്‌പെക്‌ടസ് തിരുത്താൻ സർക്കാരിന് അധികാരമുണ്ട്. ഹൈക്കോടതി ഇടപെട്ടത് നയപരമായ വിഷയത്തിലാണ്. കേരള സിലബസിലെ വിദ്യാർത്ഥികൾക്ക് നീതി നിഷേധിക്കപ്പെട്ടുവെന്നും ഹർജിയിൽ പറയുന്നു. ഹൈക്കോടതി ഉത്തരവിന് പിന്നാലെ പുതുക്കിയ കീം റാങ്ക് പട്ടിക കഴിഞ്ഞദിവസമാണ് പ്രസിദ്ധീകരിച്ചത്. വലിയ മാറ്റമാണ് പുതിയ പട്ടികയിൽ ഉണ്ടായത്. കേരള സിലബസിലുള്ള കുട്ടികൾ പുതിയ പട്ടികയിൽ പിന്നിലായി. ആദ്യ 100 റാങ്കിൽ 21 പേർ മാത്രമാണ് കേരള സിലബസിൽ നിന്നുള്ളത്. ഒന്നാം റാങ്കിലടക്കമാണ് മാറ്റമുണ്ടായിരിക്കുന്നത്.
ഇതിന് പിന്നാലെ പഴയ ഫോർമുലയിൽ പ്രവേശനത്തിന് സർക്കാർ നടപടി തുടങ്ങിയിരുന്നു. വിദ്യാർത്ഥികൾക്ക് ജൂലായ് 16 വരെ അപേക്ഷിക്കാം. ആദ്യ അലോട്ട്മെന്റ് പട്ടിക 18നാണ് പ്രസിദ്ധീകരിക്കുന്നത്. കേരള എൻജിനീയറിംഗ്, ആർക്കിടെക്ചർ, ഫാർമസി പ്രവേശനത്തിനുള്ള അടിസ്ഥാന മാനദണ്ഡമായ കീം പരീക്ഷയുടെ 2025ലെ റാങ്ക് പട്ടിക ഹൈക്കോടതി ഉത്തരവോടെ അസാധുവായിരുന്നു.
കീം പരീക്ഷയുടെ റാങ്ക് നിർണയത്തിനുള്ള പ്ളസ് ടു മാർക്ക് സമീകരണം, പ്രസിദ്ധീകരിച്ച പ്രോസ്പെക്ടസ് പ്രകാരം തന്നെ നടത്തണമെന്ന് ഹൈക്കോടതി ഡിവഷൻ ബെഞ്ച് വിധിച്ചതോടെ റാങ്കുകൾ മാറി മറിയുകയായിരുന്നു. റാങ്ക് പട്ടിക കണക്കാക്കാൻ അവസാന നിമിഷം വരുത്തിയ മാറ്റങ്ങൾ നിയമപരമല്ലെന്ന് ആരോപിച്ച് ഒരു കൂട്ടം സി.ബി.എസ്.ഇ വിദ്യാർത്ഥികൾ ഹർജി നൽകിയതിന് പിന്നാലെയാണ് ഹൈക്കോടതി നടപടി. 12-ാം ക്ലാസിലെ മാർക്ക്, എൻട്രൻസ് പരീക്ഷയുടെ സ്കോർ, ഒപ്പം വെയിറ്റേജ് എന്നിവ കണക്കാക്കിയാണ് 2011 മുതൽ റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്തുന്നത്. കേരള സിലബസ് വിദ്യാർത്ഥികൾക്ക് സി.ബി.എസ്. ഇ വിദ്യാർത്ഥികളേക്കാൾ മാർക്ക് കൂടുതൽ കിട്ടുന്നത് റാങ്ക് ലിസ്റ്റിനെ ബാധിക്കുന്നുവെന്ന ആക്ഷേപം ഒഴിവാക്കാനാണ് വെയിറ്റേജ് ഏർപ്പെടുത്തിയത്.
ഈ പരിഷ്കാരം റാങ്ക് ലിസ്റ്റിൽ തങ്ങൾ പിന്നോട്ട് പോകാൻ ഇടയാക്കിയെന്നായിരുന്നു ഹർജിക്കാരുടെ ആരോപണം. പരീക്ഷയുടെ പ്രോസ്പെക്ടസ് പ്രസിദ്ധീകരിച്ച ശേഷം വെയിറ്റേജിൽ മാറ്റം വരുത്തിയത് നിയമപരമല്ലെന്ന കണ്ടത്തലോടെയാണ് 2011 മുതൽ തുടരുന്ന നടപടിക്രമമനുസരിച്ച് പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്താൻ ഹൈക്കോടതി നിർദേശിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |