
മുംബയ്: നാസിക്കിലെ ടാറ്റ കൺസൾട്ടൻസി സർവീസിൽ (ടിസിഎസ്) വനിതകൾക്കെതിരെ നടന്നുവന്ന നിർബന്ധിത മതം മാറ്റ, ലൈംഗികാതിക്രമ കേസിലെ ഒളിവിൽ പോയ എച്ച് ആർ വിഭാഗം അസിസ്റ്റന്റ് ജനറൽ മാനേജർ നിദ ഖാൻ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു.
നാസിക്കിലെ കോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. നിദ ഖാൻ ഗർഭിണിയാണെന്നാണ് കുടുംബം പറയുന്നത്. ആരോഗ്യസ്ഥിതിയെക്കുറിച്ച് ജാമ്യാപേക്ഷയിൽ പറയുന്നുണ്ട്. ഒമ്പത് ജീവനക്കാർ (എട്ട് സ്ത്രീകളും ഒരു പുരുഷനും) നൽകിയ പരാതിയിൽ ഏഴ് ജീവനക്കാരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ വനിതാ കമ്മീഷൻ കേസെടുക്കുകയും ഇതിനെക്കുറിച്ച് പഠിക്കാൻ പ്രത്യേക സമിതിയെ രൂപീകരിക്കുകയും ചെയ്തു. ഈ സമിതിയിലെ അംഗങ്ങൾ ഇന്ന് നാസിക്കിലെ ഓഫീസിലെത്തി തെളിവെടുപ്പ് നടത്തും.
അന്വേഷണത്തിന്റെ പശ്ചാത്തലത്തിൽ ടിസിഎസ് ഔട്ട് സോഴ്സിംഗ് കേന്ദ്രത്തിന്റെ പ്രവർത്തനം താത്കാലികമായി നിറുത്തിവച്ചു. വർക്ക് ഫ്രം ഹോം ഏർപ്പെടുത്തി. ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വനിതാ ജീവനക്കാർ അടുത്തിടെയാണ് ഓഫീസിൽ അരങ്ങേറിയ ആസൂത്രിത നീക്കം പുറത്തുവിട്ടത്.
അറസ്റ്റിലായവർക്ക് തീവ്രവാദ സംഘടനകളുടെ സഹായം, വിദേശസഹായം എന്നിവ ലഭിച്ചിട്ടുണ്ടോ എന്നുകണ്ടെത്താൻ എൻഐഎ, മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (എടിഎസ്) എന്നിവയുടെ സഹായം തേടിയിട്ടുണ്ട്. പിടിയിലായ ആറ് പുരുഷന്മാരും ഒറ്റ സംഘത്തെപ്പോലെയാണ് പെരുമാറിയതെന്നും പൊലീസ് കമ്മിഷണർ സന്ദീപ് കാർണിക് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |